അഫ്ഗാന്‍ സ്പിന്നര്‍മാര്‍ തുടക്കത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും, ടിം സീഫെര്‍ട്ടിന്റെയും (65) ഗ്ലെന്‍ ഫിലിപ്‌സിന്റെയും (42) മികച്ച ബാറ്റിംഗ് പ്രകടനമാണ് കിവീസിനെ വിജയത്തിലെത്തിച്ചത്.

ചെന്നൈ: ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ഡിയില്‍ അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ സമ്മര്‍ദ്ദം മറികടന്ന് ന്യൂസിലന്‍ഡ്. ചെന്നൈ, ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ അഞ്ച് വിക്കറ്റിന്റെ ജയമാണ് ന്യൂസിലന്‍ഡ് സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് നേടിയത്. സ്പിന്‍ ട്രാക്കില്‍ അഫ്ഗാന്‍ സ്പിന്നര്‍മാര്‍ കിവീസിനെ തളയ്ക്കുമെന്ന് തോന്നിച്ചെങ്കിലും 17.5 ഓവറില്‍ ലക്ഷ്യം മറികടന്നു. ടിം സീഫെര്‍ട്ട് (42 പന്തില്‍ 65), ഗ്ലെന്‍ ഫിലിപ്‌സ് (25 പന്തില്‍ 42) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ന്യൂസിലന്‍ഡിനെ വിജയത്തിലേക്ക് നയിച്ചത്.

മറുപടി ബാറ്റിംഗില്‍ തുടക്കത്തില്‍ തന്നെ ന്യൂസിലന്‍ഡിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ അഫ്ഗാനിസ്ഥാന് സാധിച്ചിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ 14 റണ്‍സുള്ളപ്പോള്‍ ഫിന്‍ അലന്‍ (1), രചിന്‍ രവീന്ദ്ര (0) എന്നിവരെ അടുത്തടുത്ത പന്തുകളില്‍ മുജീബ് റഹ്മാന്‍ പറഞ്ഞയച്ചു. ഇരുവരും രണ്ടാം ഓവറില്‍ ബൗള്‍ഡാവുകയായിരുന്നു. എന്നാല്‍ ഫിലിപ്‌സ് - സീഫെര്‍ട്ട് സഖ്യം കൂട്ടിചേര്‍ത്ത 74 റണ്‍സ് ന്യൂസിലന്‍ഡിന് തുണയായി. 10-ാം ഓവറില്‍ മാത്രമാണ് അഫ്ഗാന് കൂട്ടുകെട്ട് പൊളിക്കാന്‍ സാധിച്ചത്. ഫിലിപ്‌സിനെ റാഷിദ് ഖാന്‍ ബൗള്‍ഡാക്കി. 25 പന്തുകള്‍ നേരിട്ട താരം ഒരു സിക്‌സും ഏഴ് ഫോറും നേടി.

തുടര്‍ന്ന് മാര്‍ക് ചാപ്മാനൊപ്പം 36 റണ്‍സ് കൂട്ടിചേര്‍ത്ത് സീഫെര്‍ട്ടും മടങ്ങി.മുഹമ്മദ് നബിയുടെ പന്തില്‍ അസ്മതുള്ള ഒമര്‍സായിക്ക് ക്യാച്ച്. 42 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്‌സും ഏഴ് ഫോറും നേടി. തുടര്‍ന്ന് ചാപ്മാന്‍ - ഡാരില്‍ മിച്ചല്‍ സഖ്യം 31 റണ്‍സ് കൂട്ടിചേര്‍ത്തു. 16-ാം ഓവറില്‍ ചാപ്മാന്‍ (28) മടങ്ങിയെങ്കിലും മിച്ചല്‍ - മിച്ചല്‍ സാന്റ്‌നര്‍ (8 പന്തില്‍ പുറത്താവാതെ 17) സഖ്യം കിവീസിനെ ആദ്യ വിജയത്തിലേക്ക് നയിച്ചു. 14 പന്തില്‍ 25 റണ്‍സുമായി മിച്ചലും പുറത്താവാതെ നിന്നു.

നേരത്തെ 35 പന്തില്‍ 63 റണ്‍സ് നേടിയ ഗുല്‍ബാദിന്‍ നെയ്ബാണ് അഫ്ഗാനിസ്ഥാനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. സെദിഖുള്ള അടല്‍ (29), റഹ്മാനുള്ള ഗുര്‍ബാസ് (27) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഡാര്‍വിഷ് റസൂല്‍ (20), അസ്മതുള്ള ഒമര്‍സായ് (14), ഇബ്രാഹിം സദ്രാന്‍ (10) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മുഹമ്മദ് നബി (10) പുറത്താവാതെ നിന്നു. ന്യൂസിലന്‍ഡിന് വേണ്ടി ലോക്കി ഫെര്‍ഗൂസണ്‍ രണ്ട് വിക്കറ്റെടുത്തു.

YouTube video player