
മുംബൈ: വീഗാൻ ഡയറ്റുമായി ബന്ധപ്പെട്ടുയർന്ന ട്രോളുകൾക്ക് മറുപടി നൽകി ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലി. ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി മുംബൈയിൽ ക്വാറന്റീനിൽ കഴിയുന്ന കോലി കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ ആരാധകരുമായി സംവദിക്കവെയാണ് മുട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ടെന്ന് വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് വീഗാൻ ഡയറ്റാണ് പിന്തുടരുന്നതെന്ന് മുമ്പ് കോലി പറഞ്ഞിട്ടുണ്ടെന്നും മുട്ട കഴിക്കാറുണ്ടെന്ന ഇപ്പോഴത്തെ വെളിപ്പെടുത്തൽ വീഗാൻ ഡയറ്റ് പിന്തുടരുന്നു എന്ന് പറഞ്ഞതിന് വിരുദ്ധമാണെന്നും വ്യക്തമാക്കി കോലിക്കെതിരെ സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ നിറഞ്ഞത്.
എന്നാൽ താൻ വെജിറ്റേറിയനാണെന്നും വീഗാൻ ഡയറ്റ് പിന്തുടരുന്നു എന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും കോലി പറഞ്ഞു.
മൃഗങ്ങളിൽ നിന്നും പക്ഷികളിൽ നിന്നുമുള്ള ഉൽപ്പന്നങ്ങളായ പാൽ, തൈര്, നെയ്യ്, മത്സ്യം, മാംസം, മുട്ട എന്നിവ പൂർണണായും ഒഴിവാക്കി ഭക്ഷണത്തിൽ പച്ചക്കറികളും ഇലക്കറികളും മാത്രം ഉൾപ്പെടുത്തുന്നതാണ് വീഗാൻ ഡയറ്റ്. കായിക രംഗത്ത് ലിയോണൽ മെസ്സിയും സെറീന വില്യംസും ഈ ഭക്ഷണരീതി പിന്തുടരുന്നവരാണ്.
ശാരീരികക്ഷമതയുടെ കാര്യത്തിൽ ഏറെ ശ്രദ്ധിക്കുന്ന കോലിയുടെ ആഹാരക്രമം എന്താണെന്നായിരുന്നു ഇൻസ്റ്റഗ്രാമിൽ ഒരു ആരാധകന്റെ ചോദ്യം. ധാരാളം പച്ചക്കറികളും കുറച്ചു മുട്ടയും രണ്ട് കപ്പ് കാപ്പി, പരിപ്പ്, കടല, പാലക്ക് ചീര, പിന്നെ ദോശയും ഇഷ്ടമാണെന്നായിരുന്നു കോലിയുടെ മറുപടി. എന്ത് കഴിച്ചാലും വളരെ കുറച്ചെ കഴിക്കാറുള്ളൂവെന്നും കോലി പറഞ്ഞിരുന്നു.
രണ്ട് വർഷം മുമ്പ് സസ്യാഹാരം കഴിക്കുന്നതിനെ അടിസ്ഥാനമാക്കി നെറ്റ് ഫ്ലിക്സിൽ വന്ന ഗെയിം ചേഞ്ചേഴ്സ് എന്ന ഡോക്യൂമെന്ററിയെ പ്രശംസിച്ച് കോലി രംഗത്തെത്തിയിരുന്നു. വെജിറ്റേറിയൻ ഭക്ഷണരീതി പിന്തുടരാൻ തുടങ്ങിയതോടെ തന്റെ പലധാരണകളും തെറ്റായിരുന്നുവെന്ന് തെളിഞ്ഞുവെന്നും കോലി പറഞ്ഞിരുന്നു.
പിന്നീട് മുൻ ഇംഗ്ലീഷ് താരം കെവിൻ പീറ്റേഴ്സണുമൊത്തുള്ള ഇൻസ്റ്റഗ്രാം ലൈവ് സെഷനിൽ താൻ വീഗനാണെന്ന് കോലി പറഞ്ഞിരുന്നു. അതിനുള്ള കാരണവും കോലി അന്ന് വ്യക്തമാക്കിയിരുന്നു. 2018ൽ തനിക്ക് സെർവിക്കൽ സ്പൈനുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നമുണ്ടായിരുന്നുവെന്നും ശരീരത്തിലെ യൂറിക് ആസിഡിന്റെ തോത് കുറക്കാനായി മാംസാഹാരം പൂർണമായും ഒഴിവാക്കുകയായിരുന്നുവെന്നും കോലി പറഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!