
ചെന്നൈ: മലയാളി താരം സഞ്ജു സാംസണിന് ഇന്ത്യൻ ക്രിക്കറ്റ് ലോകം ഇതുവരെ കണ്ടില്ലാത്ത അത്രയും മാസ് നൽകി അവതരിപ്പിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്. സംവിധാകനും സഞ്ജുവിന്‍റെ അടുത്ത സുഹൃത്തുമായ ബേസിൽ ജോസഫിനെ അണിനിരത്തി കൊണ്ടാണ് സഞ്ജുവിന്‍റെ ലോഞ്ചിംഗ് വീഡിയോ സിഎസ്കെ പുറത്ത് വിട്ടിട്ടുള്ളത്. അപ്പോൾ ഇനി നമ്മുടെ പയ്യൻ യെല്ലോ, കൂടെ നമ്മളും എന്നുള്ള ബേസിലിന്‍റെ ഡയലോഗോടെയാണ് വീഡിയോ അവസാനിക്കുന്നത്. ഇതിനിടെ സഞ്ജുവും സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും ഒരുമിച്ചുള്ള ചിത്രവും കാണിക്കുന്നുണ്ട്. സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ എത്തിയതായി കഴിഞ്ഞ ദിവസം ഔദ്യോഗിക പ്രഖ്യാപനം വന്നിരുന്നു.
ചെന്നൈയില്‍ സഞ്ജുവിന്റെ റോള്‍ എന്തായിരിക്കുമെന്ന് വ്യക്തമല്ല. ആദ്യ സീസണില്‍ തന്നെ ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയേക്കില്ല. റുതുരാജ് ഗെയ്കവാദാണ് നിലവില്‍ ടീമിനെ നയിക്കുന്നത്. ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. 18 കോടി ആയിരിക്കും സഞ്ജുവിന്റെ പ്രതിഫലം. ഔദ്യോഗിക പ്രഖ്യാപനം വന്നയുടനെയാണ് സഞ്ജു രാജസ്ഥാന്‍ റോയല്‍സിനെ കുറിച്ച് സംസാരിച്ചിരുന്നു. സഞ്ജു സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടതിങ്ങനെ... ''പരിമിതമായ സമയം മാത്രമെ നമ്മള്‍ ഇവിടെയുള്ളൂ. ഞാന്‍ എന്റെ എല്ലാം രാജസ്ഥാന്‍ റോയല്‍സ് വേണ്ടി സമര്‍പ്പിച്ചു. ഇവര്‍ക്കൊപ്പം ക്രിക്കറ്റ് ഒരുപാട് ആസ്വദിച്ചു. ജീവതകാലം മുഴുവന്‍ ഓര്‍ത്തുവെക്കാനുള്ള ബന്ധങ്ങളുണ്ടാക്കി. ഫ്രാഞ്ചൈസിയിലുള്ള എല്ലാവരേയും എന്റെ കുടുംബം പോലെയാണ് കണ്ടത്. എന്നാലിപ്പോള്‍ ഞാന്‍ മുന്നോട്ടുപോവുകയാണ്. എല്ലാവരോടും കടപ്പെട്ടിരിക്കും.'' സഞ്ജു സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കി.
രാജസ്ഥാൻ റോയല്‍സിനൊപ്പം 11 സീസണുകള്‍. 4027 റണ്‍സ്. രണ്ട് സെഞ്ച്വറിയും 23 അര്‍ദ്ധ ശതകങ്ങളും. 192 സിക്സറുകള്‍ 144 ഇന്നിങ്സുകളില്‍ നിന്ന് പലമൈതാനങ്ങളില്‍ പല ഗ്യാലറികളില്‍ പല ദൂരത്തില്‍ നിക്ഷേപിക്കപ്പെട്ടു. ടീമിനെ നയിച്ചത് 2021 മുതല്‍. 2022ല്‍ ഫൈനലിലെത്തിച്ചു. ഐപിഎല്ലിന്റെ ഉദ്ഘാടന സീസണില്‍ കിരീടം നേടിയതിന് ശേഷം രാജസ്ഥാൻ റോയല്‍സിനെ ആദ്യമായി ഫൈനലിലെത്തിക്കാൻ സഞ്ജു മുന്നില്‍ നിന്ന് നയിക്കേണ്ടി വന്നു. വലിയ സ്റ്റാർഡമുള്ളൊരു സംഘവുമായായിരുന്നില്ല സഞ്ജിന്റെ നായകവേഷം. യുവതാരങ്ങളാല്‍ സമ്പന്നമായ നിരയുമായായിരുന്നു കുതിപ്പ്.
ഇതിന് പിന്നില്‍ സഞ്ജു സൃഷ്ടിച്ച ഒരു ശൈലികൂടിയായിരുന്നു. ഫിയര്‍ലസ് ക്രിക്കറ്റ്. താരങ്ങള്‍ക്ക് ഡിസിഷൻ മേക്കിങ്ങിന് പൂര്‍ണസ്വാതന്ത്ര്യം നല്‍കിക്കൊണ്ടുള്ള പിന്തുണ. യശസ്വി ജയ്സ്വാള്‍, റിയാൻ പരാഗ്, ദ്രുവ് ജൂറല്‍ തുടങ്ങിയെത്രയെത്ര താരങ്ങളാണ് രാജസ്ഥാനിലൂടെ ഉയര്‍ന്ന് വന്നത്. ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി വൈഭവ് സൂര്യവംശിയും. 14 വയസ് മാത്രമുള്ള കുട്ടിക്കായി സമയമിനിയും ബാക്കിയുണ്ടായിരുന്നു. ഒന്നോ രണ്ടോ അവസരങ്ങള്‍ക്ക് ശേഷം മാറ്റി നിര്‍ത്താമായിരുന്നു. പക്ഷേ, വൈഭവിനായി സ്വന്തം ഓപ്പണിങ് സ്ഥാനം പോലും വിട്ടുനല്‍കാൻ തയാറായി സഞ്ജു. എത്രതാരങ്ങള്‍ക്ക് കഴിയുമെന്നത് ചോദ്യമാണ്.