
ഹരാരെ: തുടര്‍ച്ചയായ മൂന്നാം ടി20 മത്സരത്തിലും രണ്ടക്കം പോലും കടക്കാനാകാതെ ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ. മോശം ഫോമിലുള്ള താരത്തെ സെലക്ടര്‍മാര്‍ സംരക്ഷിക്കുന്നുവെന്നാണ് ഒരുവിഭാഗം ആരാധകരുടെ പക്ഷം. 3, 5, 8 എന്നിങ്ങനെയാണ് അഭിഷേകിന്റെ അവസാന മൂന്ന് മത്സരങ്ങളിലെ റണ്‍സ്. ഒടുവില്‍ കളിച്ച 9 ട്വന്റി 20കളില്‍ നിന്നും സ്വന്തമാക്കാനായത് 189 റണ്‌സ് മാത്രം. അയര്‍ലന്റിനും ഇംഗ്ലണ്ടിനും എതിരായ പരമ്പരയിലും കാര്യമായൊന്നും ചെയ്യാനായില്ല. ട്വന്റി 20 ലോകകപ്പിലും മോശം ഫോമിലായിരുന്നു അഭിഷേക്. 8 മത്സരങ്ങളില്‍ നിന്നും ആകെ നേടിയത് 141 റണ്‍സ്. തുടര്‍ച്ചയായി പരാജയപ്പെട്ടിട്ടും താരത്തെ ടീമില്‍ നിലര്‍ത്തുന്നത് ട്വന്റി 20 റാങ്കിങ്ങിലെ രണ്ടാം സ്ഥാനത്തിന്റെ പേരിലാണ്.
എന്നാല്‍ അഭിഷേക് ശര്‍മയ്ക്ക് സെലക്ടര്‍മാര്‍ അമിതമായ പ്രാധാന്യം നല്‍കുന്നുവെന്നാണ് ഒരു വിഭാഗം ആരാധകരുടെ പക്ഷം. അവര്‍ ഉയര്‍ത്തുന്നതാകട്ടെ മലയാളി താരം സഞ്ജു സാംസണിന്റെ പേരും. കഴിഞ്ഞ ട്വന്റി 20 ലോകകപ്പ് ഇന്ത്യ സ്വന്തമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് സഞ്ജു. അഞ്ച് ഇന്നിങ്‌സുകളില്‍ നിന്നും മാത്രം താരം നേടിയത് 321 റണ്‍സാണ്. പിന്നീട് നല്‍കിയ നാല് മത്സരങ്ങളില്‍ പരാജയപ്പെട്ടതിന്റെ പേരില്‍ സഞ്ജുവിനെ പുറത്തിരുത്തുമ്പോഴാണ് അഭിഷേകിന് പ്രത്യേക പരിഗണന ലഭിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റില്‍ പരാജയപ്പെടാന്‍ ലൈസന്‍സ് ഇല്ലാത്ത താരം സഞ്ജു സാംസണ്‍ മാത്രമെന്ന് ചുരുക്കം.
മത്സരത്തില്‍ ഇന്ത്യ 90 റണ്‍സിന്റെ ജയം സ്വന്തമാക്കിയിരുന്നു. ഇതോടെ മൂന്ന് ടി20 മത്സരങ്ങള്‍ അടങ്ങിയ പരമ്പരയും ഇന്ത്യ സ്വന്തമാക്കി. ഹരാരെ, സ്പോര്‍ട്സ് ക്ലബില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സാണ് നേടിയത്. ഇഷാന്‍ കിഷന്‍ (44 പന്തില്‍ 81), തിലക് വര്‍മ (29 പന്തില്‍ 60) എന്നിവരുടെ ഇന്നിംഗ്സാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ സിംബാബ്വെ 17.5 ഓവറില്‍ 129 റണ്‍സിന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ അഭിഷേക് ശര്‍മ, രണ്ട് പേരെ വീതം പുറത്താക്കിയ പ്രിന്‍സ് യാദവ്, യഷ് താക്കൂര്‍ എന്നിവരാണ് സിംബാബ്വെയെ തകര്‍ത്തത്.
19 പന്തില്‍ 32 റണ്‍സെടുത്ത ബ്രയാന്‍ ബെന്നറ്റാണ് സിംബാബ്വെയുടെ ടോപ് സ്‌കോറര്‍. തദിവനാഷെ മരുമാനി (24), റയാന്‍ ബേള്‍ (20), ബ്രാഡ് ഇവാന്‍സ് (19), ഡിയോണ്‍ മെയേഴ്സ് (12) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ബെന്‍ കറന്‍ (1), സിക്കന്ദര്‍ റാസ (0), വെസ്ലി മധെവേരെ (2) എന്നിവര്‍ക്ക് തിളങ്ങാന്‍ കഴിഞ്ഞില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!