ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര: ജസ്പ്രീത് ബുംറയുടെ ഫിറ്റ്‌നസില്‍ ആശങ്ക, രവീന്ദ്ര ജഡേജ തിരിച്ചെത്തിയേക്കും

Published : Jul 25, 2026, 08:13 PM IST
Ravindra Jadeja

Synopsis

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി പേസർ ജസ്പ്രീത് ബുംറയുടെ ഫിറ്റ്നസിൽ ആശങ്ക തുടരുന്നു. കാൽമുട്ടിനേറ്റ പരിക്കാണ് ബുംറയ്ക്ക് വിനയായത്, അതേസമയം ഏറെ നാളായി ടീമിന് പുറത്തായിരുന്ന ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ടീമിലേക്ക് തിരിച്ചെത്തിയേക്കുമെന്നും സൂചനയുണ്ട്.

മുംബൈ: ശ്രീലങ്കയ്ക്കെതിരായ രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ അടുത്ത ആഴ്ച പ്രഖ്യാപിക്കാനിരിക്കെ, പ്രധാന പേസ് ബൗളര്‍ ജസ്പ്രീത് ബുംറയുടെ ഫിറ്റ്‌നസ് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാകുന്നു. ആഗസ്റ്റ് 15ന് ഗാലെയിലാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. തുടര്‍ന്ന് ആഗസ്റ്റ് 23ന് കൊളംബോയില്‍ രണ്ടാം ടെസ്റ്റും നടക്കും. ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്‌സ് ഏകദിനത്തിനിടെ ഇടത് കാല്‍മുട്ടിന് പരിക്കേല്‍ക്കുകയും നീര്‍ക്കെട്ട് അനുഭവപ്പെടുകയും ചെയ്തതിനെത്തുടര്‍ന്ന് പരമ്പരയിലെ നിര്‍ണായകമായ അവസാന ഏകദിനത്തില്‍ ബുംറ കളിച്ചിരുന്നില്ല.

അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചതിങ്ങനെ... ''ഞങ്ങള്‍ അദ്ദേഹത്തിന്റെ പരിക്കില്‍ നിന്നുള്ള തിരിച്ചുവരവ് നിരീക്ഷിച്ചുവരികയാണ്. ടെസ്റ്റ് പരമ്പരയ്ക്ക് ഇനിയും ഏകദേശം മൂന്ന് ആഴ്ചകളോളം സമയമുള്ളതിനാല്‍, അദ്ദേഹത്തിന് സുഖം പ്രാപിച്ച് ലങ്കന്‍ ടീമിനൊപ്പം ചേരാനും ധാരാളം സമയമുണ്ട്.'' സംഭവവുമായി അടുത്ത വൃത്തങ്ങള്‍ പിടിഐയോട് വ്യക്തമാക്കി. എങ്കിലും, ആഗസ്റ്റ് നാലോടെ ഇന്ത്യന്‍ ടീം ശ്രീലങ്കയില്‍ എത്തിച്ചേരുമെന്നാണ് വിവരം.

സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിനായി കൊളംബോയിലെ നോണ്‍ഡെസ്‌ക്രിപ്റ്റ്‌സ് ക്രിക്കറ്റ് ക്ലബ്ബില്‍ നാലു ദിവസത്തെ സന്നാഹ മത്സരവും ടീം കളിക്കാന്‍ നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ ആഗസ്റ്റ് ആദ്യവാരം തന്നെ ബുംറയ്ക്ക് ടീമിനൊപ്പം ലങ്കയിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കുമോ എന്ന കാര്യം കണ്ടറിയണം. ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ഇന്ത്യന്‍ ടീമിലേക്ക് പരിചയസമ്പന്നനായ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ തിരിച്ചെത്തുമെന്നാണ് സൂചന. കഴിഞ്ഞ ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരെ ഒരു ഏകദിനം കളിച്ച ശേഷം പുറത്തിരുന്ന ജഡേജയുടെ ഓള്‍റൗണ്ട് മികവ് ശ്രീലങ്കന്‍ പിച്ചുകളില്‍ ഇന്ത്യക്ക് വലിയ മുതല്‍ക്കൂട്ടാകും.

ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ ഏകദിന പരമ്പരയില്‍ ജഡേജയെ പരിഗണിച്ചിരുന്നില്ല. ജസ്പ്രിത് ബുംറയ്ക്കൊപ്പം മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവരായിരിക്കും പ്രധാന പേസ് ചുമതലകള്‍ പങ്കിടുക. പരിചയസമ്പന്നനായ ജഡേജയ്‌ക്കൊപ്പം കുല്‍ദീപ് യാദവ് സ്പിന്‍ ഡിപാര്‍ട്ട്‌മെന്റിലുണ്ടാകും. അഫ്ഗാനെതിരെയുള്ള അരങ്ങേറ്റ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഇടങ്കയ്യന്‍ സ്പിന്നര്‍ മാനവ് സുതാറും ഒപ്പമുണ്ടാകും. അഫ്ഗാനെതിരെ നാല് വിക്കറ്റ് വീഴ്ത്തിയ വാഷിംഗ്ടണ്‍ സുന്ദര്‍ മൂന്നാം സ്പിന്നറായി ഇടംപിടിച്ചേക്കാം. ഇടങ്കയ്യന്‍ സ്പിന്നര്‍ ഹര്‍ഷ് ദുബെ ബാക്ക്-അപ്പായി ടീമില്‍ തുടരും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ബൗളിംഗില്‍ തിളങ്ങി അഭിഷേക് ശര്‍മ, മൂന്ന് വിക്കറ്റ്; സിംബാബ്‌വെക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്
15 ലക്ഷത്തിലധികം തട്ടിയെടുത്തു; മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിനെതിരെ വഞ്ചനാക്കുറ്റത്തിന് എഫ്ഐആര്‍