കാര്യവട്ടത്ത് ആവേശം കൊടികയറുന്നു; ഇന്ത്യന്‍ ടീം വൈകിട്ടെത്തും, ടിക്കറ്റ് വില്‍പന പൊടിപൊടിക്കുന്നു

By Jomit JoseFirst Published Sep 26, 2022, 8:24 AM IST
Highlights

മൂന്ന് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഗ്രീൻഫീൽഡിൽ വീണ്ടും ക്രിക്കറ്റ് ആരവമുയരുകയാണ്

കാര്യവട്ടം: ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ട്വന്‍റി 20യ്ക്ക് ഒരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം. ഇന്ത്യൻ ടീം ഇന്ന് വൈകിട്ട് നാലരയ്ക്ക് തിരുവനന്തപുരത്തെത്തും. കഴി‌ഞ്ഞ ദിവസം തലസ്ഥാനത്തെത്തിയ ദക്ഷിണാഫ്രിക്കൻ ടീം ഇന്ന് ഗ്രീൻഫീൽഡിൽ പരിശീലനത്തിനിറങ്ങും. 28-ാം തിയതിയാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മത്സരം. 

മൂന്ന് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഗ്രീൻഫീൽഡിൽ വീണ്ടും ക്രിക്കറ്റ് ആരവമുയരുകയാണ്. മറ്റന്നാൾ ഏഴരയ്ക്ക് റണ്ണൊഴുകും മൈതാനത്ത് ശക്തന്മാര്‍ കൊമ്പുകോര്‍ക്കും. ഹൈദരാബാദിൽ നിന്ന് ഓസ്ട്രേലിയക്കെതിരായ പരമ്പരയ്ക്ക് ശേഷം ഇന്ന് രോഹിത് ശര്‍മ്മയും സംഘവും തിരുവനന്തപുരത്തേക്ക് പറന്നിറങ്ങും. കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ നേതൃത്വത്തിൽ ഉശിരൻ സ്വീകരണം ടീമിന് ഒരുക്കും. നാളെ വൈകിട്ട് അഞ്ച് മുതൽ എട്ട് വരെ ടീം ഇന്ത്യ ഗ്രീൻഫീൽഡിൽ പരിശീലനത്തിറങ്ങും. മുഴുവൻ സമയവും വിശ്രമത്തിലായിരുന്നു ഇന്നലെ പുലര്‍ച്ചെ അബുദാബിയിൽ നിന്നെത്തിയ ദക്ഷിണാഫ്രിക്കൻ സംഘം. യാത്രാക്ഷീണം കാരണം ഇന്നലത്തെ പരിശീലനം ഒഴിവാക്കിയ ടീം ഇന്ന് വൈകീട്ട് അഞ്ചിന് പരിശീലനത്തിനെത്തും. 

ട്വന്‍റി 20 ലോകകപ്പിന് തൊട്ടുമുമ്പുള്ള മൂന്ന് മത്സര പരമ്പരയിലെ ആദ്യ പോരാട്ടത്തിൽ ആരാധകര്‍ പ്രതീക്ഷിക്കുന്നത് വീറുറ്റ മത്സരമാണ്. 4,000 പൊട്ടിപ്പൊളിഞ്ഞ സീറ്റുകൾ ഒഴിച്ചിട്ട് തുടങ്ങിയ ടിക്കറ്റ് വില്‍പനയില്‍ മുക്കാൽ പങ്കും വിറ്റുപോയിട്ടുണ്ട്. 

അവസാനവട്ട ഒരുക്കങ്ങളില്‍ കാര്യവട്ടം

കാര്യവട്ടം ടി20ക്ക് റണ്ണൊഴുകും പിച്ചാണ് ഏവരും പ്രതീക്ഷിക്കുന്നത്. മത്സരം നടക്കുന്ന കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌പോര്‍ട്‌സ് ഹബ്ബില്‍ തയാറാക്കിയ വിക്കറ്റുകള്‍ ബിസിസിഐ ക്യൂറേറ്റര്‍ കഴിഞ്ഞ ദിവസം പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയിരുന്നു. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ ചീഫ് ക്യൂറേറ്ററും ബിസിസിഐ ക്യൂറേറ്റര്‍മാരുടെ എലൈറ്റ് പാനല്‍ അംഗവുമായ പ്രശാന്ത് റാവുവാണ് പിച്ച് പരിശോധിക്കാനെത്തിയത്. ടീമുകളുടെ പരിശീലനത്തിനുള്ള വിക്കറ്റുകളും ഗ്രീന്‍ഫീല്‍ഡില്‍ തയാറാണ്. കേരള ക്രിക്കറ്റ് അസോസിയേഷന്റെ ക്യൂറേറ്റര്‍ ബിജു എ എമ്മിന്റെ നേതൃത്വത്തില്‍ 10 വിക്കറ്റുകളാണ് സ്റ്റേഡിയത്തില്‍ തയ്യാറാക്കിയത്. വിക്കറ്റുകളും ഔട്ട് ഫീല്‍ഡും മത്സരത്തിനു സജ്ജമാണ്. മറ്റ് തയാറെടുപ്പുകള്‍ അതിവേഗം പൂര്‍ത്തിയായിവരുന്നു. 

ദക്ഷിണാഫ്രിക്കന്‍ ടീം തിരുവനന്തപുത്ത്: ഇന്ന് പരിശീലനം നടത്തും; വെറൈറ്റി ഭക്ഷണമൊരുക്കി ഷെഫ് സംഘം

click me!