
കൊളംബൊ: വനിതാ ഏഷ്യാ കപ്പ് ടി20യില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ തുടങ്ങിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനെ 19.2 ഓവറില്‍ 108 റണ്‍സിന് എറിഞ്ഞിട്ട ഇന്ത്യന്‍ വനിതകള്‍ വിജയലക്ഷ്യം 14.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തു. 31 പന്തില്‍ 45 റണ്‍സെടുത്ത് സ്മൃതി മന്ദാനയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 29 പന്തില്‍ 40 റണ്‍സടിച്ച ഷഫാലി വര്‍മയുടെ പ്രകടനവും ഇന്ത്യന്‍ ജയം അനായാസമാക്കി. സ്‌കോര്‍ പാകിസ്ഥാന്‍ 19.2 ഓവറില്‍ 108, ഇന്ത്യ 14.1 ഓവറില്‍ 109-3.
ഇതോടെ പാകിസ്ഥാന്‍ ക്രിക്കറ്റിനെതിരെ ട്രോളുമായി വന്നിരിക്കുകയാണ് ആരാധകര്‍. അടുത്തകാലത്ത് പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ വിജയങ്ങളെല്ലാം താരതമ്യപ്പെടുത്തിയാണ് ട്രോളുകള്‍. കഴിഞ്ഞ ആഴ്ച്ച ലോക ലെജന്‍ഡ്‌സ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ വിജയം, ടി20 ലോകകപ്പിലെ വിജയം, അണ്ടര്‍ 19 ലോകകപ്പിലെ വിജയം എന്നിവയെല്ലാം ബന്ധപ്പെടുത്തിയാണ് ട്രോളുകള്‍. എക്‌സില്‍ വന്ന ചില പോസ്റ്റുകള്‍ വായിക്കാം...
ഇന്നലെ, പാകിസ്ഥാന്‍ ഉയര്‍ത്തിയ ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്കായി ഷഫാലിയും മന്ദാനയും ചേര്‍ന്ന് പവര്‍ പ്ലേയില്‍ തന്നെ വിക്കറ്റ് നഷ്ടമില്ലാതെ 57 റണ്‍സടിച്ചുകൂട്ടിയതോടെ പാകിസ്ഥാന്റെ പ്രതീക്ഷ മങ്ങി. പവര്‍പ്ലേക്ക് ശേഷം തകര്‍ത്തടിച്ച മന്ദാന എട്ടാം ഓവറില്‍ ടുബ ഹസന്റെ ഓവറില്‍ അഞ്ച് ബൗണ്ടറിയടക്കം 21 റണ്‍സ് നേടി ഇന്ത്യയെ ലക്ഷ്യത്തോട് അടുപ്പിച്ചു. 31 പന്തില്‍ മന്ദാന 45 റണ്‍സെടുത്ത് പുറത്തായപ്പോള്‍ വിജയത്തിനരികെ 29 പന്തില്‍ ഷഫാലി 40 റണ്‍സെടുത്ത് മടങ്ങി. വിജയത്തിനരികെ ഹേമലതയുടെ(14) വിക്കറ്റ് കൂടി നഷ്ടമായെങ്കിലും കൂടുതല്‍ നഷ്ടങ്ങളില്ലാതെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും(5*) ജെമീമ റോഡ്രിഗസും(3*) ഇന്ത്യയെ ലക്ഷ്യത്തിലെത്തിച്ചു.
ഹോഡ്ജിന് സെഞ്ചുറി! ഇംഗ്ലണ്ടിനെ തളര്‍ത്തി വെസ്റ്റ് ഇന്‍ഡീസ്; രണ്ടാം ടെസ്റ്റില്‍ ലീഡിനായി പൊരുതുന്നു
നേരത്തെ ടോസ് നേടി ക്രീസിലിറങ്ങിയ പാകിസ്ഥാന്‍ വനിതകളെ തുടക്കത്തിലെ ഇന്ത്യ പ്രതിരോധത്തിലാക്കിയിരുന്നു. രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ ഗുല്‍ ഫെറോസയെ(5) വീഴ്ത്തിയ പൂജ വസ്ട്രക്കര്‍ പാകിസ്ഥാന് ആദ്യ പ്രഹരമേല്‍പ്പിച്ചു. തന്റെ രണ്ടാം ഓവറില്‍ തന്നെ പൂജ മുനീബ അലിയെ(11) കൂടി മടക്കി പാകിസ്ഥാനെ പൂര്‍ണമായും ബാക് ഫൂട്ടിലാക്കി. സിദ്ര അമീന്‍(25) പൊരുതി നിന്നെങ്കിലും അലിയ റിയാസിനെ(6)ശ്രേയങ്ക പാട്ടീലും ക്യാപ്റ്റന്‍ നിദാ ദറിനെ(8) ദീപ്തി ശര്‍മയും പുറത്താക്കിയതോടെ പാകിസ്ഥാന്‍ 51-4ലേക്ക് കൂപ്പുകുത്തി.
പിന്നാലെ പൊരുതി നോക്കിയ അമീനെ രേണുക സിംഗ് മടക്കി. ടുബ ഹസനും(22) ഫാത്തിമ സനയും(16 പന്തില്‍ 22*) ചേര്‍ന്നാണ് പാകിസ്ഥാനെ 100 കടത്തിയത്. ഇന്ത്യക്കായി ദീപ്തി ശര്‍മ 20 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ പൂജ വസ്ട്രാക്കറും രേണുക സിംഗും ശ്രേയങ്ക പാട്ടീലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!