രോഹിത്തിന് വര്‍ഷം ഏഴ് കോടി, ഹര്‍മന്‍പ്രീതിന് 50 ലക്ഷം! വാര്‍ഷിക കരാറിലെ അന്തരം ഇപ്പോഴും ബാക്കി

By Web TeamFirst Published Oct 27, 2022, 7:44 PM IST
Highlights

പുരുഷ ക്യാപ്റ്റന്‍ രോഹിത്തിന് വര്‍ഷം ഏഴ് കോടി ലഭിക്കുമ്പോള്‍, വനിതാ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിന് 50 ലക്ഷം മാത്രമാണുള്ളത്! ആഭ്യന്തര ക്രിക്കറ്റില്‍ പുരുഷ താരത്തിന് 60,000 രൂപ വരെ ഒരുദിവസം കിട്ടാം. വനിതകളുടെ മാച്ച് ഫീ 20,000 മാത്രം. ഇതിനേക്കാളും ശ്രദ്ധേയം മത്സരങ്ങളുടെ എണ്ണമാണ്.  

മുംബൈ: ലിംഗസമത്വത്തിലേക്ക് ആദ്യ ചുവട് വച്ച് ബിസിസിഐ. അപ്പോഴും വാര്‍ഷിക കരാറിലും ആഭ്യന്തര ക്രിക്കറ്റിലും ഭീമമായ അന്തരമുണ്ട് വേതനത്തിൽ. ഇന്ത്യന്‍ പുരുഷ താരങ്ങളുടെ വാര്‍ഷിക കരാര്‍ 4 ഗ്രേഡിൽ ഒരു കോടി മുതൽ ഏഴ് കോടി വരെ ലഭിക്കും, കളിച്ചില്ലെങ്കിലും ഈ തുക തന്നെ കിട്ടും. വനിതകള്‍ക്ക് 10 ലക്ഷം മുതൽ 50 ലക്ഷം വരെയുള്ള മൂന്ന് ഗ്രേഡുകളാണ് ഉള്ളത്.

പുരുഷ ക്യാപ്റ്റന്‍ രോഹിത്തിന് വര്‍ഷം ഏഴ് കോടി ലഭിക്കുമ്പോള്‍, വനിതാ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിന് 50 ലക്ഷം മാത്രമാണുള്ളത്! ആഭ്യന്തര ക്രിക്കറ്റില്‍ പുരുഷ താരത്തിന് 60,000 രൂപ വരെ ഒരുദിവസം കിട്ടാം. വനിതകളുടെ മാച്ച് ഫീ 20,000 മാത്രം. ഇതിനേക്കാളും ശ്രദ്ധേയം മത്സരങ്ങളുടെ എണ്ണമാണ്.  

23 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറില്‍ മിതാലി രാജ് കളിച്ചത് 12 ടെസ്റ്റ് മാത്രം. 2009ൽ ഇന്ത്യന്‍ ടീമിലെത്തിയ ഹര്‍മന്‍പ്രീത് കളിച്ചിട്ടുള്ളത് വെറും മൂന്ന് ടെസ്റ്റിലും! അപ്പോള്‍ ലിംഗനീതി പൂര്‍ണമായിട്ടില്ല. കൂടുതൽ മത്സരങ്ങള്‍ സംഘടിപ്പിക്കുകയും വാര്‍ഷിക കരാറിലെ അന്തരം പരിഹരിക്കയും ചെയ്തശേഷമേ അവകാശവാദങ്ങള്‍ പാടുള്ളൂ.  എങ്കിലും നല്ല തുടക്കമെന്ന് വിശേഷിപ്പിക്കാം.  ഇന്ത്യന്‍ പുരുഷ, വനിതാ താരങ്ങളുടെ മാച്ച് ഫീ തുല്യമായി ഏകീകരിച്ച തീരുമാനത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.

പുരുഷ താരങ്ങള്‍ക്ക് സമാനമായ മാച്ച് ഫീ കരാറിലുള്ള വനിതാ താരങ്ങള്‍ക്ക് ലഭിക്കും. ടെസ്റ്റില്‍ 15 ലക്ഷവും ഏകദിനത്തില്‍ 6 ലക്ഷവും രാജ്യാന്തര ടി20യില്‍ 3 ലക്ഷവുമാണ് വനിതാ താരങ്ങള്‍ക്ക് ഓരോ മത്സരങ്ങള്‍ക്കും പുരുഷന്‍മാരുടേതിന് സമാനമായി പ്രതിഫലം ഇനി മുതല്‍ ലഭിക്കുക. ഇന്ത്യന്‍ താരങ്ങള്‍ക്കിടയിലുള്ള ലിംഗ സമത്വം ഉറപ്പാക്കുന്നതിനും വിവേചനം അവസാനിപ്പിക്കാനുള്ള ആദ്യ നടപടിയുമായാണ് ഈ തീരുമാനമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി.

ഇതോടെ ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയ യുഗത്തിന് തുടക്കമാകും എന്നും അദേഹം വ്യക്തമാക്കി.  അടുത്തിടെ വനിതാ ഏഷ്യാ കപ്പില്‍ ശ്രീലങ്കയെ തകർത്ത് ഇന്ത്യന്‍ ടീം കിരീടം നേടിയിരുന്നു. ബംഗ്ലാദേശില്‍ നടന്ന ടൂർണമെന്‍റില്‍ എട്ട് വിക്കറ്റിനായിരുന്നു ഹർമന്‍പ്രീത് കൗറിന്‍റേയും കൂട്ടരുടേയും വിജയം. കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ മെഡലും ഇത്തവണ വനിതാ ടീം സ്വന്തമാക്കിയിരുന്നു.

ചരിത്ര തീരുമാനം; ഇനി ഇന്ത്യന്‍ ക്രിക്കറ്റില്‍ പുരുഷ-വനിതാ താരങ്ങള്‍ക്ക് തുല്യ മാച്ച് ഫീ

click me!