ഒറ്റയടിക്ക് മൂന്നോ നാലോ സീനിയർ താരങ്ങളെ ടീമില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയില്ല എന്നും മുന്‍ ചീഫ് സെലക്ടർ
ട്രിച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ സെലക്ഷനെ വ്യക്തിബന്ധങ്ങള്‍ സ്വാധീനിക്കാന്‍ പാടില്ലെന്ന് മുന്‍ ചീഫ് സെലക്ടർ സന്ദീപ് പാട്ടീല്‍. ഒറ്റയടിക്ക് മൂന്നോ നാലോ സീനിയർ താരങ്ങളെ ടീമില്‍ നിന്ന് ഒഴിവാക്കുന്നത് നീതിപരമാവില്ല എന്നും അദേഹം വ്യക്തമാക്കി. 2012 മുതല്‍ 2016 വരെ ഇന്ത്യന്‍ ടീമിന്‍റെ മുഖ്യ സെലക്ടറായിരുന്നു സന്ദീപ് പാട്ടീല്‍. നിലവിലെ ചീഫ് സെലക്ടർ അജിത് അഗാർക്കറിനും കോച്ച് രാഹുല്‍ ദ്രാവിഡിനും ടീമില്‍ തലമുറമാറ്റം വരുത്തുക എളുപ്പമായേക്കും എന്നും അദേഹം പറഞ്ഞു.
റോഡ് മാപ്പ് വേണം
'ഭാവിയിലേക്ക് ഒരു പദ്ധതിയുണ്ടാക്കണം. യുവതാരങ്ങള്‍ക്കായി വഴിമാറിയ എല്ലാ കളിക്കാരെയും ഞങ്ങള്‍ ബഹുമാനിച്ചിരുന്നു. ഫിറ്റ്നസും ഫോമും നോക്കിയാല്‍ ടീമിനെ അടുത്ത തലത്തിലേക്ക് നയിക്കാനുള്ള ശേഷി അന്ന് യുവനിരയ്ക്കുണ്ടായിരുന്നു. അതാണ് അവർ പിന്നീട് ചെയ്ത് കാണിച്ചത്. പിന്നീട് പ്രശംസിക്കപ്പെട്ടില്ലെങ്കിലും ചില ശക്തമായ തീരുമാനങ്ങള്‍ അന്ന് കൈക്കൊണ്ടതില്‍ സന്തോഷമുണ്ട്. ഞങ്ങളുടെ നാല് വർഷത്തെ പ്രവർത്തനകാലം ഒരു ബോർഡ് അംഗവും ഇടപെട്ടിട്ടില്ല. അങ്ങനെയാണ് ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവിക്കായി മികച്ച തീരുമാനങ്ങള്‍ എടുക്കേണ്ടത്.
ഇതേ തലമുറമാറ്റമാണ് ഇപ്പോള്‍ നടക്കുന്നതും. എന്നാല്‍ ഒരുമിച്ച് മൂന്നോ നാലോ താരങ്ങളെ ടീമില്‍ നിന്ന് ഒഴിവാക്കാനാവില്ല. ഒഴിവുകള്‍ വരികയാണ് വേണ്ടത്. ഇന്ത്യക്കായി അത്ഭുതങ്ങള്‍ ചെയ്ത ഇതിഹാസങ്ങളാണിവർ. അവരെ ഒഴിവാക്കുന്നതിനെ പറ്റി ചിന്തിക്കുന്നത് സെലക്ടർമാർക്ക് എളുപ്പമല്ല. എന്നാല്‍ ഒരു ചുമതല വഹിക്കുമ്പോള്‍ ടീമിന്‍റെ ഭാവിയെ കരുതി തീരുമാനമെടുക്കണം. വ്യക്തിബന്ധങ്ങള്‍ മാറ്റിവെക്കണം. ഞങ്ങള്‍ എല്ലാ സീനിയർ താരങ്ങളുമായി സംസാരിച്ചിരുന്നു. എന്നാല്‍ പിന്നീടവർ പറഞ്ഞു ഒന്നും സെലക്ടർമാർ അറിയിച്ചില്ല എന്ന്. ചില താരങ്ങളുമായി ദീർഘമായി സംസാരിച്ചിരുന്നു. ഒരു താരത്തെ തെരഞ്ഞെടുക്കുമ്പോള്‍ നിങ്ങളവർക്ക് സുഹൃത്താവും, ടീമില്‍ നിന്ന് ഒഴിവാക്കുമ്പോള്‍ ശത്രുവാകും. ഇതെല്ലാം ക്രിക്കറ്റിന്‍റെ ഭാഗമാണ്.
അഗാർക്കറിന് കഴിയും
ഏറെ ക്രിക്കറ്റ് കളിച്ചിട്ടുള്ളയാളാണ് അജിത് അഗാർക്കർ. മുംബൈയിലെ ചീഫ് സെലക്ടറായിരുന്നു. എന്താണ് ജോലിയെന്ന് അദേഹത്തിന് നന്നായി അറിയാം. ഞാന്‍ അജിത്തിന്‍റെ കളി കണ്ടിട്ടുണ്ട്. ഒരു ക്രിക്കറ്റ് ബ്രെയിനാണ്. രാഹുല്‍ ദ്രാവിഡിനൊപ്പം കളിച്ചിട്ടുണ്ട് എന്നത് ടീം സെലക്ഷനില്‍ കാര്യങ്ങള്‍ എളുപ്പമാക്കും' എന്നും സന്ദീപ് പാട്ടീല്‍ പറഞ്ഞു. വിന്‍ഡീസിനെതിരായ പരമ്പരയിലൂടെ യുവതാരങ്ങളെ അവതരിപ്പിക്കുന്ന നിർണായക ഘട്ടത്തിലാണ് ടീം ഇന്ത്യ. അതേസമയം പല സീനിയർ താരങ്ങളുടെ ഭാവിയും ഏകദിന ലോകകപ്പിന് ശേഷം ചോദ്യചിഹ്നമാകുന്ന സാഹചര്യം ഉടലെടുക്കും. ഈ സാഹചര്യത്തിലാണ് സന്ദീപ് പാട്ടീലിന്‍റെ പ്രതികരണം.
Read more: വിംബിൾഡണില്‍ പുതു ചരിത്രം; സീഡ് ചെയ്യപ്പെടാത്ത മർകേറ്റ വോൻഡ്രോസോവ വനിതാ ചാമ്പ്യന്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
