
മുംബൈ: ശ്രീലങ്കയ്ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടി. കാല്‍മുട്ടിലെ പരിക്കിനെത്തുടര്‍ന്ന് പേസ് ബൗളര്‍ ജസ്പ്രീത് ബുംറ പരമ്പരയില്‍ നിന്ന് പൂര്‍ണമായി പുറത്തായി. ബെംഗളൂരുവിലെ ബിസിസിഐ സെന്റര്‍ ഓഫ് എക്സലന്‍സില്‍ പരിചരണം നടത്തിയിട്ടും താരം പൂര്‍ണ ഫിറ്റ്നസ് വീണ്ടെടുക്കുന്നതില്‍ പരാജയപ്പെടുകയായിരുന്നു. താരം ഫിറ്റ്നസ് ടെസ്റ്റുകള്‍ വിജയിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇടത് കാല്‍മുട്ടില്‍ അനുഭവപ്പെട്ട അസ്വസ്ഥതയെത്തുടര്‍ന്ന് വീണ്ടും ഒഴിവാക്കേണ്ടി വന്നു. ധൃതി കൂട്ടി കളിപ്പിക്കേണ്ടതില്ലെന്നാണ് ബിസിസിഐ തീരുമാനം.
കാര്‍ഡിഫില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീല്‍ഡ് ചെയ്യുന്നതിനിടയാണ് 32-കാരനായ ബുംറയ്ക്ക് ഇടത് കാല്‍മുട്ടിന് പരിക്കേറ്റത്. തുടര്‍ന്ന് ലണ്ടനിലെ ലോര്‍ഡ്‌സില്‍ നടന്ന മൂന്നാം ഏകദിനവും താരത്തിന് നഷ്ടമായിരുന്നു. തുടര്‍ന്ന് സെന്റര്‍ ഓഫ് എക്സലന്‍സിലേക്ക് വരികയായിരുന്നു. കൊളംബോയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിലെങ്കിലും അദ്ദേഹത്തെ ലഭ്യമാക്കാന്‍ ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും, പരിക്കില്‍ നിന്നുള്ള മോചനം വൈകിയതോടെ പരമ്പരയില്‍ താരത്തിന്റെ തിരിച്ചുവരവിനുള്ള പ്രതീക്ഷകള്‍ അവസാനിച്ചു.
ശ്രീലങ്കയിലേക്ക് പുറപ്പെടുന്നതിനായി മുംബൈയില്‍ ടീം ഒത്തുകൂടിയപ്പോള്‍ ബുംറ ഒപ്പമുണ്ടാകില്ലെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. താരത്തെ തിടുക്കപ്പെട്ട് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടക്കിക്കൊണ്ടുവരുന്നതിന് പകരം പൂര്‍ണ്ണമായി സുഖം പ്രാപിക്കാന്‍ അവസരം നല്‍കാനാണ് മാനേജ്മെന്റ് തീരുമാനിച്ചത്. ഓഗസ്റ്റ് 15ന് ഗാലെയിലാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ്. തുടര്‍ന്ന് ഓഗസ്റ്റ് 23-ന് കൊളംബോയില്‍ രണ്ടാം ടെസ്റ്റും നടക്കും. ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ഇന്ത്യന്‍ ടീം നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. ശ്രീലങ്കയ്ക്ക് തൊട്ടുമുന്നിലാണ് ഇന്ത്യയുടെ സ്ഥാനം.
2027-ലെ ഫൈനല്‍ ബെര്‍ത്ത് ലക്ഷ്യമിടുന്ന ഇന്ത്യക്ക് ഈ പരമ്പര അതിനിര്‍ണായകമാണ്. ബുംറയുടെ അഭാവം ഇന്ത്യന്‍ ടീമിന്റെ ഒരുക്കങ്ങളെ കൂടുതല്‍ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഇതിനകം തന്നെ നിരവധി താരങ്ങളുടെ പരിക്ക് ടീമിനെ അലട്ടുന്നുണ്ട്. ഹര്‍ഷിത് റാണ ഹാംസ്ട്രിംഗ് പരിക്കിനെത്തുടര്‍ന്നും, നിതീഷ് കുമാര്‍ റെഡ്ഡി തുടയിലെ പരിക്കിനെത്തുടര്‍ന്നും പുറത്താണ്. വാഷിംഗ്ടണ്‍ സുന്ദറിനും ആദ്യ ടെസ്റ്റ് നഷ്ടമാകും. പകരക്കാരനായി ഓഫ് സ്പിന്‍ ഓള്‍റൗണ്ടര്‍ സാരംഗ് ജെയ്നെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫാസ്റ്റ് ബൗളര്‍ ആകാശ് ദീപും പരിക്ക് കാരണം ടീമിലില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!