ഒരു വിക്കറ്റ് മാത്രം കൈയിലിരിക്കെ അവസാന ഓവറില്‍ 8 റണ്‍സായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ലെഗ് സ്പിന്നറായ അഹമ്മദ് ഹസൈന്‍ എറിഞ്ഞ ആദ്യ അഞ്ച് പന്തുകളില്‍ 5 റണ്‍സ് മാത്രം നേടിയതോടെ അവസാന പന്തില്‍ ഇന്ത്യയുടെ ലക്ഷ്യം മൂന്ന് റണ്‍സായി.

മസ്കറ്റ്:അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ആവേശം അവസാന പന്തിലേക്ക് നീണ്ട കലാശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ ഒരു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യക്ക് കിരീടം.പാകിസ്ഥാന്‍ ഉയര്‍ത്തിയ 338 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ അവസാന പന്ത് ബൗണ്ടറി കടത്തിയാണ് ലക്ഷ്യത്തിലെത്തിയത്.

ഒരു വിക്കറ്റ് മാത്രം കൈയിലിരിക്കെ അവസാന ഓവറില്‍ 8 റണ്‍സായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ലെഗ് സ്പിന്നറായ അഹമ്മദ് ഹുസൈന്‍ എറിഞ്ഞ ആദ്യ അഞ്ച് പന്തുകളില്‍ 5 റണ്‍സ് മാത്രം നേടിയതോടെ അവസാന പന്തില്‍ ഇന്ത്യയുടെ ലക്ഷ്യം മൂന്ന് റണ്‍സായി. പത്താമനായി ക്രീസിലെത്തി അവിശ്വസനീയ പോരാട്ടം കാഴ്ചവെച്ച മോഹിത് ഉല്‍വ അവസാന പന്ത് ബൗണ്ടറി കടത്തി ഇന്ത്യക്ക് അവിശ്വസനീയ ജയം സമ്മാനിച്ചു. കഴിഞ്ഞ ഏഷ്യാ കപ്പില്‍ ഇന്ത്യയെ തോല്‍പിച്ച് കിരീടം നേടിയ പാകിസ്ഥാനോടുള്ള മധുരപ്രതികാരം കൂടിയായി ഇന്ത്യയുടെ കിരീടനേട്ടം. ഇന്ത്യയുടെ ഒൻപതാം അണ്ടർ 19 ഏഷ്യാ കപ്പ് കിരീടമാണിത്. സ്കോര്‍: പാകിസ്ഥാന്‍ 50 ഓവറില്‍ 337-8, ഇന്ത്യ 50 ഓവറില്‍ 339-9. 

Scroll to load tweet…

ഒമ്പതാം വിക്കറ്റില്‍ മണാല്‍ ചൗഹാനൊപ്പം(32 പന്തില്‍ 47) 57 റണ്‍സ് കൂട്ടിച്ചേര്‍ത്ത മോഹിത് ഉല്‍വ അവസാന ബാറ്ററായ ചിഗുരിപതി വെങ്കടിനൊപ്പം 16 പന്തിൽ 30 റണ്‍സ് കൂടി അടിച്ചെടുത്താണ് ഇന്ത്യക്ക് ആവേശജയം സമ്മാനിച്ചത്. 26 പന്തില്‍ 5 ഫോറും മൂന്ന് സിക്സും പറത്തിയ മോഹിത് ഉല്‍വയും അവസാന ബാറ്ററായി ക്രീസിലെത്തി 8 പന്തില്‍ 11 റണ്‍സുമായി പുറത്താകാതെ നിന്ന വെങ്കടയും ഇന്ത്യൻ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. നേരത്തെ ക്യാപ്റ്റൻ ലക്ഷ്യ രാജേഷിന്‍റെയും(80) ആര്യവീർ സെവാഗിന്‍റെയും(58) അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ മികച്ച തുടക്കമിട്ട ഇന്ത്യക്ക് മധ്യ ഓവറുകളില്‍ അടിതെറ്റിയിരുന്നു.

ഓപ്പണിംഗ് വിക്കറ്റില്‍ 95 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ആര്യവീര്‍ സെവാഗ് മടങ്ങിയതിനുശേഷം കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായ ഇന്ത്യ 42-ാം ഓവറില്‍ 252-8ലേക്ക് വീണ് തോല്‍വി ഉറപ്പിച്ചതായിരുന്നു. എന്നാല്‍ ഒമ്പതാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ടിലൂടെ ഇന്ത്യക്ക് വിജയപ്രതീക്ഷ നല്‍കിയ മണാല്‍ ചൗഹാനും മോഹിത് ഉല്‍വയും ചേര്‍ന്ന് ഇന്ത്യയെ വീണ്ടും ട്രാക്കിലാക്കി. വിജയത്തിന് 29 റണ്‍സകലെ മണാല്‍ ചൗഹാൻ പുറത്തായതോടെ ഇന്ത്യ വീണ്ടും പ്രതിരോധത്തിലായെങ്കിലും മോഹിത് ഉല്‍വയുടെ വീരോചിത പ്രകടനം ഇന്ത്യക്ക് കിരീടം സമ്മാനിച്ചു.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ ഉസ്മാന്‍ ഖാന്‍റെ സെഞ്ചുറിയുടെയും അബ്ദുള്‍ ഖാദിര്‍, ക്യാപ്റ്റൻ ഫര്‍ഹാന്‍ യൂസഫ് എന്നിവരുടെ അര്‍ധസെഞ്ചുറികളുടെയും കരുത്തില്‍ 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സടിച്ചു. 111 പന്തില്‍ 107 റണ്‍സെടുത്ത ഉസ്മാന്‍ ഖാന്‍ ആണ് പാകിസ്ഥാന്‍റെ ടോപ് സ്കോറര്‍. അബ്ദുള്‍ ഖാദിർ 54 പന്തില്‍ 80 റണ്‍സെടുത്തപ്പോള്‍ ഫര്‍ഹാന്‍ യൂസഫ് 60 പന്തില്‍ 63 റണ്‍സടിച്ചു. ഇന്ത്യക്കായി കാവ് പട്ടേല്‍ നാലു വിക്കറ്റെടുത്തപ്പോള്‍ ചിഗുരപതി വെങ്കട മൂന്ന് വിക്കറ്റെടുത്തു.