
മുംബൈ: ചെന്നൈ സൂപ്പര്‍ കിങ്സും മുംബൈ ഇന്ത്യന്‍സും തമ്മില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ട്രേഡുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെ, വാര്‍ത്തകള്‍ നിഷേധിച്ച് പുതിയ റിപ്പോര്‍ട്ട്. ശിവം ദുബെ ഉള്‍പ്പെടെയുള്ള രണ്ട് കളിക്കാരെ നല്‍കി ഹാര്‍ദിക്കിനെ സ്വന്തമാക്കാന്‍ ചെന്നൈ ശ്രമിക്കുന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചെന്നൈയോ മറ്റ് ടീമുകളുമായോ യാതൊരുവിധ ട്രേഡ് ചര്‍ച്ചകളിലും മുംബൈ ഇന്ത്യന്‍സ് ഏര്‍പ്പെട്ടിട്ടില്ലെന്ന് ഫ്രാഞ്ചൈസി വക്താവ് വ്യക്തമാക്കി. മാത്രമല്ല, 2026ലെ ഐപിഎല്‍ സീസണിന്റെ അവലോകനം ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്നും ഔദ്യോഗിക വക്താവ് അറിയിച്ചു.
2024 സീസണിന് മുമ്പ് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായി ചുമതലയേറ്റ ഹാര്‍ദിക് പാണ്ഡ്യയ്ക്ക്, ഗുജറാത്ത് ടൈറ്റന്‍സിനെ നയിച്ചപ്പോള്‍ ലഭിച്ച വിജയം മുംബൈയിലും ആവര്‍ത്തിക്കാനായില്ല. 2026 സീസണില്‍ മുംബൈ പ്ലേഓഫിലെത്താതെ പുറത്തായതിന് പിന്നാലെ, ഫ്രാഞ്ചൈസി മാനേജ്മെന്റ് ഓള്‍റൗണ്ടറെ ഒഴിവാക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഹാര്‍ദിക്കും മുതിര്‍ന്ന താരങ്ങളും തമ്മില്‍ ഡ്രസ്സിങ് റൂമില്‍ ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകളും മാനേജ്മെന്റിന് തലവേദനയായിരുന്നു.
മുംബൈ ഇന്ത്യന്‍സ് വക്താവിന്റെ വാക്കുകള്‍... ''ഞങ്ങളുടെ പോസ്റ്റ്-സീസണ്‍ അവലോകനം നിലവില്‍ പുരോഗമിക്കുകയാണ്, ടീമിന്റെ എല്ലാ വശങ്ങളും ഞങ്ങള്‍ പരിശോധിച്ചുവരികയാണ്. വാര്‍ത്തകള്‍ക്ക് വിരുദ്ധമായി, കളിക്കാര്‍ ട്രേഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഞങ്ങള്‍ യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ല; അവലോകനം പൂര്‍ത്തിയായാല്‍ മാത്രമേ അത്തരം കാര്യങ്ങള്‍ സാധ്യമാകൂ. വിവിധ ഓപ്ഷനുകളും ആശയങ്ങളും വിലയിരുത്തി വരികയാണ്, അതിന് സമയമെടുക്കും. അതിനാല്‍ ഇതുവരെയും യാതൊരു തീരുമാനങ്ങളും എടുത്തിട്ടില്ല.'' സ്‌പോര്‍ട്സ്റ്റാറിനോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
മുംബൈ ഇന്ത്യന്‍സിന്റെ ടാലന്റ് മാനേജ്മെന്റ് വിഭാഗത്തില്‍ നിന്ന് ഹാര്‍ദിക് പാണ്ഡ്യ പിന്മാറിയതോടെയാണ് അദ്ദേഹത്തിന്റെ ടീം മാറ്റത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ ശക്തമായത്. ടീമിന്റെ പ്രകടനത്തിലുള്ള മാന്ദ്യം മാറ്റാന്‍ വലിയ അഴിച്ചുപണികള്‍ ആവശ്യമാണെങ്കിലും, ഫ്രാഞ്ചൈസി ചരിത്രപരമായി തങ്ങളുടെ കോര്‍ ടീമിനെ ദീര്‍ഘകാലം നിലനിര്‍ത്തുന്നവരാണ്. ഹാര്‍ദിക്കിന് പുറമെ രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ തുടങ്ങിയവരാണ് ഈ കോര്‍ നിരയിലുള്ളത്.
2027 സീസണിന് ശേഷമാണ് അടുത്ത ഐപിഎല്‍ മെഗാ ലേലം നടക്കാനിരിക്കുന്നത്. അതിനാല്‍ വലിയ അഴിച്ചുപണികളിലേക്ക് കടക്കുന്നതിന് മുമ്പ് ഒരു സീസണ്‍ കൂടി ഹാര്‍ദിക്കിനെ നിലനിര്‍ത്താന്‍ മുംബൈ തീരുമാനിച്ചേക്കാം. ഫ്രാഞ്ചൈസിയുടെ ഐക്കണിക് താരമായ രോഹിത് ശര്‍മയും 2027 സീസണിന് ശേഷം കളി മതിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!