
മുംബൈ: അടുത്ത മാസം നടക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ടി20, ഏകദിന, ടെസ്റ്റ് പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടി20 ടീമില്‍ തിരിച്ചെത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 2022ലെ ടി20 ലോകകപ്പിനുശേഷം ഇന്ത്യക്കായി ട20 ക്രിക്കറ്റില്‍ കളിക്കാത്ത രോഹിത്തിനോട് അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് വരെ ക്യാപ്റ്റനായി തുടരാന്‍ ബിസിസിഐ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെങ്കിലും ലണ്ടനില്‍ അവധി ആഘോഷിക്കുന്ന രോഹിത് ഇതുവരെ മനസ് തുറന്നിട്ടില്ല.
വൈറ്റ് ബോള്‍ സീരീസില്‍ കളിക്കാന്‍ രോഹിത് താല്‍പര്യം പ്രകടിപ്പിക്കുന്നില്ലെങ്കില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ ഇന്ത്യക്ക് പുതിയ നായകനെ കണ്ടെത്തെണ്ടിവരും. ടി20 പരമ്പരയില്‍ സൂര്യകുമാര്‍ യാദവിനെയും ഏകദിന പരമ്പരയില്‍ കെ എല്‍ രാഹുലിനെയും ക്യാപ്റ്റനായി തെരഞ്ഞെടുക്കാനാണ് സാധ്യത. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ സൂര്യകുമാറാണ് ഇന്ത്യയെ നയിക്കുന്നത്.
'ഈ സമയം എന്തിനാണ് ഇങ്ങനെ ഒരു പരമ്പര', ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരക്കെതിരെ മൈക്ക് ഹസി
ബാറ്റിംഗ് ഓര്‍ഡറില്‍ ഓസ്ട്രേലിയക്കെതിരെ തിളങ്ങിയ യശസ്വി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്ക്‌വാദ്, റിങ്കു സിംഗ് എന്നിവര്‍ക്കും ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ അവസരം ഒരുങ്ങിയേക്കുമെന്നാണ് കരുതുന്നത്. വിരാട് കോലിക്ക് പുറമെ രോഹിത് ശര്‍മയും വിട്ടുനിന്നാല്‍ യശസ്വിയും റുതുരാജും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തും.
ബൗളിംഗ് നിരയില്‍ ലോകകപ്പില്‍ കളിച്ച ജസ്പ്രീത് ബുമ്ര. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ തിരിച്ചെത്തുമ്പോള്‍ പ്രസിദ്ധ് കൃഷ്ണ പുറത്താകും. പേസര്‍ മുകേഷ് കുമാറിനും അവസരം ലഭിക്കാന്‍ ഇടയുണ്ട്. മലയാളി താരം സഞ്ജു സാംസണ് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ അവസരം ലഭിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കുന്ന സഞ്ജുവിന് ഇതുവരെ കാര്യമായി തിളങ്ങാനായിട്ടില്ല.
ഈ മാസം അവസാനം നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ വിരാട് കോലിയും രോഹിത് ശര്‍മയും അടങ്ങുന്ന ടീമിനെയാകും ഇന്ത്യ കളിപ്പിക്കുക. കെ എല്‍ രാഹുലും ശ്രേയസ് അയ്യരും ടെസ്റ്റ് ടീമില്‍ മടങ്ങിയെത്തുമെന്നാണ് കരുതുന്നത്. ഇരുവരും തിരിച്ചെത്തുമ്പോള്‍ അജിങ്ക്യാ രഹാനെക്ക് സ്ഥാനം നഷ്ടമാകാനിടയുണ്ട്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യ എ ടീമിനെയും ഇന്ന് തെരഞ്ഞെടുക്കും.
ഡിസംബര്‍ ആറിനാണ് ടീം ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി തിരിക്കുന്നത്. മൂന്ന് ടി20കളോടെയാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം തുടങ്ങുന്നത്. ഡിസംബര്‍ 10, 12, 14 തിയതികളിലാണ് മത്സരങ്ങള്‍. പിന്നാലെ ഏകദിന പരമ്പരയും ബോക്സിംഗ് ഡേ ദിനത്തില്‍(ഡിസംബര്‍ 26) ടെസ്റ്റ് പരമ്പരയും തുടങ്ങും, രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക