ബുമ്രയ്ക്കും സിറാജിനുമെതിരെ വംശീയാധിക്ഷേപം, ഇന്ത്യൻ ടീം പരാതി നൽകി; സിഡ്നി ടെസ്റ്റിനിടെ വിവാദം കത്തുന്നു

By Web TeamFirst Published Jan 9, 2021, 4:32 PM IST
Highlights

സിഡ്നി ടെസ്റ്റ് ക്രിക്കറ്റ് ഓസ്ട്രേലിയ ഇടക്കാല സിഇഒ നിക്ക് ഹോക്‌ലിക്ക് അഗ്നിപരീക്ഷയാകുമെന്നും ടീം മാനേജ്മെന്‍റ് ഇന്ത്യന്‍ കളിക്കാര്‍ക്കൊപ്പം ഉറച്ചു നില്‍ക്കുമെന്നും പ്രതിനിധി വ്യക്തമാക്കി.

സിഡ്നി:  ഓസ്ട്രേലിയക്കെതിരായ സിഡ്നി ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യൻ താരങ്ങൾക്ക് എതിരെ വംശീയാധിക്ഷേപം. ഇന്ത്യന്‍ പേസര്‍മാരായ ജസ്പ്രീത്  ബുമ്രയ്ക്കും മുഹമ്മദ് സിറാജിനുമെതിരെയാണ് കാണികൾ വംശീയാധിക്ഷേപം നടത്തിയത്. സംഭവത്തില്‍ ഇന്ത്യൻ ടീം ഐസിസി മാച്ച് റഫറി ഡേവിഡ് ബൂണിന് പരാതി നൽകി. ഇന്ത്യയുടെ പരാതിയില്‍ ഐസിസി അന്വേഷണം ആരംഭിച്ചു.

വംശീയാധിക്ഷേപങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും സംഭവത്തില്‍ ക്രിക്കറ്റ് ഓസ്ട്രേലിയയും ഐസിസിയും ഉചിതമായ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. സിഡ്നി ടെസ്റ്റ് ക്രിക്കറ്റ് ഓസ്ട്രേലിയ ഇടക്കാല സിഇഒ നിക്ക് ഹോക്‌ലിക്ക് അഗ്നിപരീക്ഷയാകുമെന്നും ടീം മാനേജ്മെന്‍റ് ഇന്ത്യന്‍ കളിക്കാര്‍ക്കൊപ്പം ഉറച്ചു നില്‍ക്കുമെന്നും പ്രതിനിധി വ്യക്തമാക്കി.

സിഡ്നി ടെസ്റ്റില്‍ ഓസ്ട്രേലിയ ഇന്ത്യക്കെതിരെ 94 റണ്‍സിന്‍റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിരുന്നു.  രണ്ടാം ഇന്നിംഗ്സില്‍ ഓപ്പണര്‍മാരെ തുടക്കത്തിലെ നഷ്ടമായെങ്കിലും മാര്‍നസ് ലാബുഷെയ്നും സ്റ്റീവ് സ്മിത്തും ചേര്‍ന്ന് 68 റണ്‍സിന്‍റെ കൂട്ടുകെട്ടിലൂടെ ഓസീസിനെ മൂന്നാം ദിനം ശക്തമായ നിലയിലെത്തിക്കുകയും ചെയ്തു.  

എട്ട് വിക്കറ്റ് ശേഷിക്കെ ഓസ്ട്രേലിയക്കിപ്പോള്‍ 197 റണ്‍സിന്‍റെ ആകെ ലീഡുണ്ട്. പരമ്പരയിലെ നാലാം ടെസ്റ്റിന് വേദിയാവേണ്ട ബ്രിസ്ബേനിലെ കൊവിഡ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ഇന്ത്യന്‍ ടീം ശക്തമായ എതിര്‍പ്പ് ഉന്നയിക്കുന്നതിനിടെയാണ് പുതിയ വിവാദമെന്നത് ക്രിക്കറ്റ് ഓസ്ട്രേലിയക്ക് തലവേദനയാകും.

click me!