വിവ് റിച്ചാര്‍ഡ്‌സിനേയും മറികടന്ന് ഋഷഭ് പന്ത്; കുറിച്ചിട്ടത് പുതിയ റെക്കോഡ്

By Web TeamFirst Published Jan 9, 2021, 2:50 PM IST
Highlights

36 റണ്‍സിനാണ് താരം പുറത്തായത്. എന്നാല്‍ ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇത് റെക്കോഡാണ്. തുടര്‍ച്ചയായി ഒമ്പതാം തവണയാണ് താരം 25 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ റണ്‍സ് അടിച്ചെടുക്കുന്നത്. 

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ചെറിയ സ്‌കോറിന് പുറത്തായെങ്കിലും ഋഷഭ് പന്തിനെ തേടി സുപ്രധാന നേട്ടം. ഇന്ന് 36 റണ്‍സിനാണ് താരം പുറത്തായത്. എന്നാല്‍ ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇത് റെക്കോഡാണ്. തുടര്‍ച്ചയായി ഒമ്പതാം തവണയാണ് താരം 25 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ റണ്‍സ് അടിച്ചെടുക്കുന്നത്. 

കഴിഞ്ഞ എട്ട് ഇന്നിങ്സിലും പന്ത് 25ല്‍ കൂടുതല്‍ റണ്‍സ് ഓസീസിനെതിരെ നേടിയിട്ടുണ്ട്. പുറത്താവാതെ നേടിയ 159 റണ്‍സാണ് ഉര്‍ന്ന സ്‌കോര്‍. ഇതുകൂടാതെ ഒരു അര്‍ധ സെഞ്ചുറി പോലും പന്തിന്റെ ബാറ്റില്‍ നിന്ന് പിറന്നിട്ടില്ല. 

മുന്‍ ഇംഗ്ലണ്ട് താരം വാല്ലി ഹാമൊണ്ട്, വെസ്റ്റ് ഇന്‍ഡീസിന്റെ ഇതിഹാസതാരം വിവ് റിച്ചാര്‍ഡ്സ്, മുന്‍ ഇന്ത്യന്‍ താരം റുസി സുര്‍ടി എന്നിവര്‍ തുടര്‍ച്ചയായി എട്ട് തവണ ഓസീസിനെതിരെ 25ല്‍ കൂടുതല്‍ റണ്‍സ് നേടിയിട്ടുണ്ട്. ഇവരെയാണ് പന്ത് പിന്തള്ളിയത്. 

മറ്റൊരു നാഴികക്കല്ല് കൂടി പന്ത് പിന്നിട്ടു. ഓസ്‌ട്രേലിയന്‍ മണ്ണില്‍ 400 പിന്നിട്ടിരിക്കുകയാണ് താരം. 50 ശരാശരിയിലാണ് യുവ വിക്കറ്റ് കീപ്പറുടെ നേട്ടം. ഇന്ന് ബാറ്റിങ്ങിനിടെ താരത്തിന് പരിക്കേറ്റിരുന്നു. പാറ്റ് കമ്മിന്‍സിന്റെ ബൗണ്‍സര്‍ കയ്യിലിടിച്ചാണ് പന്തിന് പരിക്കേല്‍ക്കുന്നത്. 

ഇന്നിങ്‌സ് തുടര്‍ന്നെങ്കിലും അധികനേരം ക്രീസില്‍ നില്‍ക്കാനായില്ല. ഹേസല്‍വുഡിന്റെ പന്തില്‍ സ്ലിപ്പില്‍ ഡേവിഡ് വാര്‍ണര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി. പിന്നാലെ താരത്തെ സ്‌കാനിങ്ങിന് വിധേയനാക്കുകയായിരുന്നു. വൃദ്ധിമാന്‍ സാഹയാണ് താല്‍കാലിക കീപ്പര്‍.

click me!