
ലണ്ടൻ: ടെസ്റ്റ് അരങ്ങേറ്റം അതിഗംഭീരമാക്കി ഇന്ത്യയുടെ കൗമാര വിസ്മയം ഷഫാലി വർമ. ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിൽ 96 റൺസടിച്ച ഷഫാലി രണ്ടാം ഇന്നിംഗ്സിൽ 63 റൺസടിച്ചു. നാലു റൺസകലെ ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറി നഷ്ടമായെങ്കിലും മറ്റൊരു ലോക റെക്കോർഡ് രണ്ടാം ഇന്നിംഗ്സിൽ ഷെഫാലി അടിച്ചെടുത്തു.
ആദ്യ ഇന്നിംഗ്സിൽ രണ്ട് സിക്സ് പറത്തിയ ഷഫാലി രണ്ടാം ഇന്നിംഗ്സിലും ഒരു സിക്സ് നേടി വനിതകളുടെ ഒരു ടെസ്റ്റിൽ മൂന്ന് സിക്സ് സ്വന്തമാക്കുന്ന ആദ്യ താരമായി. ഒപ്പം അരങ്ങേറ്റ ടെസ്റ്റിൽ സിക്സ് നേടുന്ന ആദ്യ ഇന്ത്യൻ താരവുമാണ് ഷഫാലി.
ആദ്യ ഇന്നിംഗ്സിൽ സ്മൃതി മന്ദാനക്കൊപ്പം ഓപ്പണിംഗ് വിക്കറ്റിൽ 167 റൺസെടുത്ത ഷഫാലി 13 ഫോറും രണ്ട് സിക്സും പറത്തി. ഇതിനു പുറമെ രണ്ട് ഇന്നിംഗ്സുകളിലും അർധസെഞ്ചുറി നേടിയതോടെ വനിതാ ക്രിക്കറ്റിൽ ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ മാത്രം താരവും ഏറ്റവും പ്രായം കുറഞ്ഞ താരവുമെന്ന റെക്കോർഡും പതിനേഴുകാരിയായ ഷഫാലി സ്വന്തമാക്കി.
ഇന്ത്യക്കായി അരങ്ങേറ്റ ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസടിക്കുന്ന വനിതാ താരങ്ങളിൽ ഒന്നാം സ്ഥാനം സ്വന്തമാക്കാനും ഷഫാലിക്കായി. ഏഴ് വർഷത്തെ ഇടവേളക്കുശേഷമാണ് ഇന്ത്യൻ വനിതാ ടീം ടെസ്റ്റ് ക്രിക്കറ്റിൽ കളിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!