ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു; പൃഥ്വി ഷായ്ക്ക് വിലക്ക്

By Web TeamFirst Published Jul 30, 2019, 8:44 PM IST
Highlights

ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണര്‍ പൃഥ്വി ഷായ്ക്ക് എട്ട് മാസം വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതോടൊയാണ് താരത്തിന് വിലക്കേര്‍പ്പെടുത്തിയത്.

മുംബൈ: ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണര്‍ പൃഥ്വി ഷായ്ക്ക് എട്ട് മാസം വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതോടൊയാണ് താരത്തിന് വിലക്കേര്‍പ്പെടുത്തിയത്. വാഡ (WADA വേള്‍ഡ് ആന്‍ഡി- ഡോപ്പിങ് ഏജന്‍സി) നിരോധിച്ച മരുന്ന് കൂടിയ അളവില്‍ പൃഥ്വിയുടെ രക്തത്തില്‍ കണ്ടെത്തുകയായിരുന്നു. ചുമയ്ക്കുള്ള മരുന്നില്‍ അടങ്ങിയ ടെര്‍ബറ്റലൈനിന്റെ അംശമാണ് പൃഥ്വിക്ക് വിനയായത്. 

ഈ വര്‍ഷം ഫെബ്രുവരി 22ന് സയീദ് മുഷ്താഖ് അലി ട്രോഫിക്കിടെ താരത്തിന്റെ മൂത്ര സാംപില്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. അതിന്റെ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നത്. സാംപിള്‍ പരിശോധനയ്ക്ക് അയച്ചത് മുതല്‍ ഈ വര്‍ഷം നവംബര്‍ 15 വരെയാണ് താരത്തിന് വിലേക്കേര്‍പ്പെടുത്തിയത്. ഇക്കാലയളവില്‍ പൃഥ്വി ക്രിക്കറ്റില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കണം.

ചുമയ്ക്കുള്ള മരുന്ന് കൂടുതലായി ഉപയോഗിച്ചതാണ് പ്രശ്‌നമായതെന്ന് പൃഥ്വി വെളിപ്പെടുത്തി. ഇക്കാര്യം ബിസിസിഐ അംഗീകരിക്കുകയും ചെയ്തു. പൃഥ്വിയുടെ വിശദീകരണം തൃപ്തികരമാണെന്ന് ബിസിസിഐ വ്യക്തമാക്കി. നേരത്തെ, പരിക്ക് പൂര്‍ണമായും ഭേദമാവാത്തതിനാല്‍ താരത്തെ വിന്‍ഡീസ് പര്യടനത്തിലുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

click me!