ലോകകപ്പ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ കണ്ട മത്സരം

By Web TeamFirst Published Sep 16, 2019, 6:15 PM IST
Highlights

27.3 കോടി ഇന്ത്യക്കാരാണ് ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം ടെലിവിഷനിലൂടെ കണ്ടത്. മറ്റ് ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളിലൂടെ അഞ്ച് കോടി ആളുകള്‍ വേറെയും ഇന്ത്യാ-പാക് പോരാട്ടം കണ്ടു.

ലണ്ടന്‍: ഇംഗ്ലണ്ടില്‍ നടന്ന ക്രിക്കറ്റ് ലോകകപ്പില്‍ ഏറ്റവും കൂടൂതല്‍ ഇന്ത്യക്കാര്‍ കണ്ട മത്സരം ഇംഗ്ലണ്ട്-ന്യൂിസലന്‍ഡ് ഫൈനലോ ഇന്ത്യ-ന്യൂസിലന്‍ഡ് സെമി ഫൈനലോ അല്ലെന്ന് ഐസിസിയുടെ കണക്കുകള്‍. ഗ്രൂപ്പ് ഘട്ടത്തില്‍ നടന്ന ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടമാണ് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ കണ്ട മത്സരം.

27.3 കോടി ഇന്ത്യക്കാരാണ് ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം ടെലിവിഷനിലൂടെ കണ്ടത്. മറ്റ് ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളിലൂടെ അഞ്ച് കോടി ആളുകള്‍ വേറെയും ഇന്ത്യാ-പാക് പോരാട്ടം കണ്ടു. ലൈവ് സ്ട്രീമിംഗില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട മത്സരമെന്ന റെക്കോര്‍ഡ് ലോകകപ്പിലെ ഇന്ത്യ-ന്യൂസിലന്‍ഡ് സെമി ഫൈനലിനായിരുന്നു. ഹോട്‌സ്റ്റാറില്‍ മാത്രം 2.53 കോടി ആളുകളാണ് ഇന്ത്യ-ന്യൂസിലന്‍ഡ് സെമി കണ്ടത്. ഇത് കായിക മത്സരങ്ങളുടെ ലൈവ് സ്ട്രീമിംഗുകളുടെ ചരിത്രത്തിലെ തന്നെ റെക്കോര്‍ഡാണ്.

ന്യൂസിലന്‍ഡ്-ഇംഗ്ലണ്ട് ഫൈനല്‍ പോരാട്ടം 1.54 കോടി ആളുകളാണ് ടെലിവിഷനിലൂടെ കണ്ടത്. സൂപ്പര്‍ ഓവര്‍ കാണാനായി മാത്രം 89.2 ലക്ഷം പേര്‍ പുതുതായി എത്തി. ഇതുവരെയുള്ള ലോകകപ്പുകളില്‍ ഏറ്റവും കൂടുതല്‍ പേര്‍ മത്സരം കണ്ട ലോകകപ്പെന്ന പ്രത്യേകതയും ഇംഗ്ലണ്ട് ലോകകപ്പിനുണ്ട്. 1.6 ബില്യണ്‍ ശരാശരി പ്രേക്ഷകരാണ് ഇത്തവണ ലോകകപ്പിന്റെ ലൈവ് സംപ്രേക്ഷണം കണ്ടത്. 2015 ലോകകപ്പില്‍ ഇത് 706 മില്യണ്‍ ആയിരുന്നു. 38 ശതമാനം വര്‍ധനവാണ് കാഴ്ചക്കാരുടെ എണ്ണത്തില്‍ ഇത്തവണ രേഖപ്പെടുത്തിയത്.

click me!