അവസാന ഓവറില്‍ വേണ്ടത് വെറും മൂന്ന് റണ്‍; എന്നിട്ടും ഇന്ത്യന്‍ വനിതകള്‍ അവിശ്വസനീയമായി തോറ്റു

By Web TeamFirst Published Mar 9, 2019, 2:27 PM IST
Highlights

അവസാന ഓവറില്‍ വിജയിക്കാന്‍ വേണ്ടത് വെറും മൂന്ന് റണ്‍സ്. കൈയിലുള്ളത് ആറ് വിക്കറ്റുകള്‍. എന്നിട്ടും ഇന്ത്യന്‍ വനിതകള്‍ ഇംഗ്ലണ്ടിനെതിരെ അവസാന ടി20യില്‍ അവിശ്വസനീയമായി പരാജയപ്പെട്ടു. അവസാന ഓവറില്‍ ഇന്ത്യക്ക് നേടാനായത് ഒരു റണ്‍ മാത്രം. നഷ്ടമായത് രണ്ട് വിക്കറ്റുകള്‍.

ഗോഹട്ടി: അവസാന ഓവറില്‍ വിജയിക്കാന്‍ വേണ്ടത് വെറും മൂന്ന് റണ്‍സ്. കൈയിലുള്ളത് ആറ് വിക്കറ്റുകള്‍. എന്നിട്ടും ഇന്ത്യന്‍ വനിതകള്‍ ഇംഗ്ലണ്ടിനെതിരെ അവസാന ടി20യില്‍ അവിശ്വസനീയമായി പരാജയപ്പെട്ടു. അവസാന ഓവറില്‍ ഇന്ത്യക്ക് നേടാനായത് ഒരു റണ്‍ മാത്രം. നഷ്ടമായത് രണ്ട് വിക്കറ്റുകള്‍. 30 റണ്‍സുമായി നോണ്‍സ്‌ട്രൈക്കിലുണ്ടായിരുന്നു മിതാലി രാജിന് നിസഹായതയോടെ നോക്കില്‍ നില്‍ക്കാന്‍ മാത്രമാണ് സാധിച്ചത്.

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സാണ് നേടിയത്.  29 റണ്‍സ് നേടിയ ടമ്മി ബ്യൂമോന്റാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. അമി എലന്‍ ജോണ്‍സ് (26), ഡാനിയേല വ്യാറ്റ് (24) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഇന്ത്യക്ക് വേണ്ടി ഹര്‍ലീന്‍ ഡിയോള്‍, അനുജ പാട്ടില്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. 

മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ തകര്‍പ്പന്‍ തുടക്കം നേടി. സ്മൃതി മന്ഥാനയുടെ അര്‍ധ സെഞ്ചുറിയുടെ മികവില്‍ ഒരുഘട്ടത്തില്‍ രണ്ടിന് 87 എന്ന നിലയിലായിരുന്നു ഇന്ത്യ. 15.1 ഓവറില്‍ നാലിന് 95 എന്ന സ്ഥിതിയിലേക്ക് മാറി. ആറ് വിക്കറ്റ് കൈയിലിരിക്കെ പിന്നീട് വിജയിക്കാന്‍ വേണ്ടത് 25 റണ്‍സ് മാത്രം. എന്നാല്‍ ഇന്ത്യക്ക് കാലിടറി. മത്സരം അവസാന ഓവറിലേക്ക് നീണ്ടു. ക്രീസിലുള്ള ഭാരതി ഫുള്‍മാലി. പന്തെടുക്കുന്നത് കേറ്റ് ക്രോസ്.

ആദ്യ മൂന്ന് പന്തുകളിലും ഭാരതിക്ക് റണ്‍സ് നേടാന്‍ സാധിച്ചില്ല. നാലാം പന്തില്‍ താരം പുറത്താവുകയും ചെയ്തു. അടുത്തതായി ക്രീസിലെത്തിയത് അനുജ പാട്ടില്‍. നേരിട്ട ആദ്യ പന്തില്‍ തന്നെ പാട്ടിലും മടങ്ങി. അവസാന പന്തില്‍ വിജയിക്കാന്‍ വേണ്ടത് മൂന്ന് റണ്‍സ്. എന്നാല്‍ ഒരു റണ്‍ മാത്രമാണ് ശിഖ പാണ്ഡേയ്ക്ക് നേടാന്‍ സാധിച്ചത്. ഇതോടെ ഇന്ത്യ തോല്‍വി സമ്മതിച്ചു. കളിച്ച മൂന്ന് ടി20കളിലും ഇന്ത്യ പരാജയപ്പെടുകയായിരുന്നു.

click me!