India's tour to South Africa : ദക്ഷിണാഫ്രിക്കന്‍ പരമ്പരയുമായി മുന്നോട്ടെന്ന് സൗരവ് ഗാംഗുലി

By Web TeamFirst Published Dec 1, 2021, 9:12 PM IST
Highlights

ഹാര്‍ദിക് പാണ്ഡ്യയുടെ തിരിച്ചുവരവിനെക്കുറിച്ചും ഗാംഗുലി പ്രതികരിച്ചു. പാണ്ഡ്യ മികച്ച കളിക്കാരനാണെന്നും എന്നാല്‍ പരിക്കുമൂലം പൂര്‍ണ കായികക്ഷമതയില്ലാത്തതിനാലാണ് അദ്ദേഹം ഇപ്പോള്‍ ടീമില്‍ ഇല്ലാത്തതെന്നും പരിക്ക് ഭേദമായി കൂടുതല്‍ കരുത്തോടെ അദ്ദേഹം തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും ഗാംഗുലി പറഞ്ഞു

മംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ദക്ഷിണാഫ്രിക്കന്‍ പരമ്പരയുമായി(India's tour to South Africa) മുന്‍ നിശ്ചയപ്രകാരം മുന്നോട്ടുപോകുമെന്ന് ബിസിസിഐ(BCCI) പ്രസിഡന്‍റ് സൗരവ് ഗാംഗുലി(Sourav Ganguly). ദക്ഷിണാഫ്രിക്കയില്‍ കൊവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണ്‍(Omicron) വൈറസ് പടരുന്ന സാഹചര്യത്തില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക(IND v SA) പരമ്പരയുടെ ഭാവി സംബന്ധിച്ച് ആശങ്ക ഉയര്‍ന്നിരുന്നു.

എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പരമ്പരയുമായി മുന്‍ നിശ്ചയപ്രകാരം മുന്നോട്ടു പോകുമെന്നും വരും ദിവസങ്ങളില്‍ എന്തെങ്കിലും മാറ്റം വരികയാണെങ്കില്‍ മാത്രമെ പരമ്പരയുടെ കാര്യത്തില്‍ പനരാലോചനയുണ്ടാകൂ എന്നും ഗാംഗുലി പറഞ്ഞു. കളിക്കാരുടെ ആരോഗ്യവും സുരക്ഷയുമാണ് ബിസിസിഐക്ക് ഏറ്റവും വലുതെന്നും വരുദിവസങ്ങളില്‍ എന്താണ് സംഭവിക്കുകയെന്ന് കാത്തിരുന്ന് കാണാമെന്നും ഗാംഗുലി വ്യക്തമാക്കി.

ഹാര്‍ദിക് പാണ്ഡ്യയുടെ തിരിച്ചുവരവിനെക്കുറിച്ചും ഗാംഗുലി പ്രതികരിച്ചു. പാണ്ഡ്യ മികച്ച കളിക്കാരനാണെന്നും എന്നാല്‍ പരിക്കുമൂലം പൂര്‍ണ കായികക്ഷമതയില്ലാത്തതിനാലാണ് അദ്ദേഹം ഇപ്പോള്‍ ടീമില്‍ ഇല്ലാത്തതെന്നും പരിക്ക് ഭേദമായി കൂടുതല്‍ കരുത്തോടെ അദ്ദേഹം തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും ഗാംഗുലി പറഞ്ഞു. ഹാര്‍ദ്ദിനെ കപില്‍ ദേവുമായി താരതമ്യം ചെയ്യരുതെന്നും അദ്ദേഹം വേറെ തലത്തിലുള്ള കളിക്കാരനാണെന്നും ഗാംഗുലി വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ ദക്ഷിണാഫ്രിക്കയും നെതര്‍ലന്‍ഡ്സും തമ്മിലുള്ള ഏകദിന പരമ്പര അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചിരുന്നു. ദക്ഷിണാഫ്രിക്ക-നെതര്‍ലന്‍ഡ്സ് ഏകദിന പരമ്പര ഉപേക്ഷിച്ചതിന് പിന്നാലെ സിംബാബ്‌വെയിലവ്‍ നടക്കേണ്ട വനിതാ ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങളും ഐസിസി നീട്ടിവെച്ചിരുന്നു.

ദക്ഷിണാഫ്രിക്ക(South Africa Lock Down) വീണ്ടുമൊരു അടച്ചു പൂട്ടലിലേക്ക് നീങ്ങുകയാണെന്ന് റിപ്പോര്‍ട്ട്.മൂന്ന് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും നാല് ടി20 മത്സരങ്ങളും അടങ്ങുന്ന പരമ്പരക്കായി  ഈ മാസമാദ്യം ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയിലേക്ക് പോകും.  ജനുവരി അവസാനം വരെ നീളുന്നതാണ് പരമ്പര.

ദക്ഷിണാഫ്രിക്കയുടെ വടക്കന്‍ മേഖലകളിലാണ് രോഗം അതിതീവ്രമായി വ്യാപിക്കുന്നത്. ഇന്ത്യക്കെതിരായ രണ്ട് ടെസ്റ്റുകള്‍ക്ക് വേദിയാവുന്നത് ജൊഹാനസ്ബര്‍ഗും, പ്രിട്ടോറിയയും ഈ മേഖലയിലായാണ്. ഇന്ത്യ എ ടീമും നിലവില്‍ ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തുന്നുണ്ട്. ടെസ്റ്റ് പരമ്പരക്കായി ഈ മാസം എട്ടിനോ ഒമ്പതിനോ ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

click me!