INDvNZ| 'ഈ രണ്ട് പേര്‍ ഏത് ഫോര്‍മാറ്റിനും അനുയോജ്യര്‍'; ഇന്ത്യന്‍ താരങ്ങളെ പുകഴ്ത്തി ഹര്‍ഭജന്‍ സിംഗ്

By Web TeamFirst Published Nov 16, 2021, 3:51 PM IST
Highlights

2020ലാണ് അവസാനമായി ഇരുവരും ടി20 പരമ്പരയില്‍ നേര്‍ക്കുനേര്‍ വന്നത്. അന്ന് ഇന്ത്യ പരമ്പര തൂത്തുവാരിയിരുന്നു. എന്നാല്‍ ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ, ന്യൂസിലന്‍ഡിന് മുന്നില്‍ വീണു.

ജയ്പൂര്‍: ഇന്ത്യ- ന്യൂസിലന്‍ഡ് ടി20 പരമ്പരയ്ക്ക് നാളെ ജയ്പൂരില്‍ തുടക്കമാവും. മൂന്ന് മത്സരങ്ങളിലാണ് ഇരുവരും നേര്‍ക്കുനേര്‍ വരിക. 2020ലാണ് അവസാനമായി ഇരുവരും ടി20 പരമ്പരയില്‍ നേര്‍ക്കുനേര്‍ വന്നത്. അന്ന് ഇന്ത്യ പരമ്പര തൂത്തുവാരിയിരുന്നു. എന്നാല്‍ ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ, ന്യൂസിലന്‍ഡിന് മുന്നില്‍ വീണു. നിര്‍ണായക മത്സരത്തില്‍ തോറ്റതോടെ പുറത്തേക്കുള്ള വഴിയും തെളിഞ്ഞു.

നാളെ പുതിയ കോച്ചിനും ക്യാപ്റ്റനും കീഴിലാണ് ഇന്ത്യ ഇറങ്ങുന്നത്. രാഹുല്‍ ദ്രാവിഡാണ് ഇന്ത്യയുടെ പരിശീലകന്‍. രോഹിത് ശര്‍മ പുതിയ ക്യാപ്റ്റനും. കെ എല്‍ രാഹുലാണ് ഉപനായകന്‍. ലോകകപ്പിന് ശേഷം വിശ്രമത്തിലായ വിരാട് കോലിയില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. കിവീസ് നിരയില്‍ കെയ്ന്‍ വില്യംസണും കളിക്കുന്നില്ല. കിവീസിനെതിരായ പരമ്പരയ്ക്ക് ഇറങ്ങുംമുമ്പ്  ആശംസകള്‍ അറിയിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. ഇന്ത്യ 2-1ന് ജയിക്കുമെന്ന് പ്രവചനവും മുന്‍താരം നടത്തിയിട്ടുണ്ട്. 

സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരുന്നു ഹര്‍ഭജന്‍. ''ഇന്ത്യക്ക് എല്ലാവിധ ആശംസകളും. 2-1ന് രോഹിത് സംഘവും പരമ്പര സ്വന്തമാക്കുമെന്നാണ് ഞാന്‍ കരുതുന്നത്.'' ഇന്ത്യന്‍ നിരവധി യുവതാരങ്ങളുണ്ടെന്നും അവര്‍ക്കെല്ലാം സ്ഥാനമുറപ്പിക്കാനുള്ള അവസരമാണിതെന്നും ഹര്‍ഭജന്‍ പറഞ്ഞു. 

രണ്ട് താരങ്ങളെ പ്രത്യേകം ശ്രദ്ധിക്കാനും ഹര്‍ഭജന്‍ നിര്‍ദേശിച്ചു. ''യുവതാരങ്ങളെ വ്യത്യസ്തമായ റോളുകള്‍ കളിച്ചുകാണണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഉദാഹരണത്തിന് ഇഷാന്‍ കിഷന്റെ കാര്യമെടുക്കാം. അവന്‍ സ്ഥിരമായി ഇന്ത്യന്‍ കളിക്കണം. ഒരുപാട് കഴിവുള്ള താരമാണ് കിഷന്‍. അടുത്ത ടി20 ലോകകപ്പിലെ നിര്‍ണായക താരമാണ് അവന്‍. മൂന്നാം നമ്പറിലെ ഉത്തരാവദിത്തം അവന് നല്‍കണം. അതിന് മുമ്പ് സ്ഥിരമായി കളിപ്പിക്കുകയാണ് വേണ്ടത്.'' ഹര്‍ഭജന്‍ പറഞ്ഞു. 

സൂര്യകുമാര്‍ യാദവിനെ കുറിച്ചും ഹര്‍ഭജന്‍ വാചാലനായി. ''കിഷനെ പോലെ എല്ലാ ഫോര്‍മാറ്റിനും ഇണങ്ങുന്ന താരമാണ് സൂര്യകുമാറും. അവനെപോലെ ഒരു താരത്തിന് ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ സാധിക്കും. ഗ്രൗണ്ടിന്റെ ഏത് ഭാഗത്തേക്കും ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള താരാണ് സൂര്യ. ഈ രണ്ട് താരങ്ങളുടെയും പ്രകടനമാണ് ഞാന്‍ ഉറ്റുനോക്കുന്നത്.''ഹര്‍ഭജന്‍ പറഞ്ഞു.

click me!