'മോശം ഫോമായത് കൊണ്ടല്ല ഹൈദരാബാദ് വാര്‍ണറെ കയ്യൊഴിഞ്ഞത്'; കാരണം വ്യക്തമാക്കി അസിസ്റ്റന്റ് കോച്ച് ബ്രാഡ് ഹാഡിന്‍

By Web TeamFirst Published Nov 16, 2021, 2:42 PM IST
Highlights

റണ്‍സ് കണ്ടെത്താന്‍ നന്നായി ബുദ്ധിമുട്ടിയ താരത്തെ നായകസ്ഥാനത്ത് നിന്ന് നീക്കുക പോലും ചെയ്തു.പിന്നാലെ പ്ലയിംഗ് ഇലവനിലും സ്ഥാനം നഷ്ടമായി. ഹൈദരാബാദിന്റെ ചില മത്സരങ്ങള്‍ ഹോട്ടല്‍ മുറിയിലിരുന്നാണ് വാര്‍ണര്‍ കണ്ടത്.
 

മെല്‍ബണ്‍: കഴിഞ്ഞ ഐപിഎല്ലില്‍ (IPL) സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ (Sunrisers Hyderabad) ക്യാപറ്റനായിരുന്ന ഡേവിഡ് വാര്‍ണര്‍ (David Warner) മോശം ഫോമിലായിരുന്നു. റണ്‍സ് കണ്ടെത്താന്‍ നന്നായി ബുദ്ധിമുട്ടിയ താരത്തെ നായകസ്ഥാനത്ത് നിന്ന് നീക്കുക പോലും ചെയ്തു.പിന്നാലെ പ്ലയിംഗ് ഇലവനിലും സ്ഥാനം നഷ്ടമായി. ഹൈദരാബാദിന്റെ ചില മത്സരങ്ങള്‍ ഹോട്ടല്‍ മുറിയിലിരുന്നാണ് വാര്‍ണര്‍ കണ്ടത്. എന്നിട്ടും അദ്ദേഹം ടീമിന് തന്റെ പിന്തുണ അറിയിച്ചിരുന്നു. ഫോമിലല്ലാഞ്ഞിട്ടാണ് വാര്‍റണെ ടീമില്‍ നിന്നൊഴിവാക്കിയതെന്നായിരുന്നു ഫ്രാഞ്ചൈസിയുടെ വാദം. എന്നാല്‍ ഇതിന്റെ മറുവശം എന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഹൈദരാബാദിന്റെ അസിസ്റ്റന്റ് കോച്ച് ബ്രാഡ് ഹാഡിന്‍. 

വാര്‍ണറെ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തിയത് കളിയുമായി ബന്ധപ്പെട്ട കാരണങ്ങള്‍കൊണ്ട് അല്ലെന്നാണ് ഹാഡിന്റെ വെളിപ്പെടുത്തല്‍. ''വാര്‍ണറെ മാറ്റിനിര്‍ത്തിത് ക്രിക്കറ്റുമായി ബന്ധപ്പെട്ട കാരണങ്ങളല്ല. അത് ടീം ഉടമകളുമായി ബന്ധപ്പെട്ട കാര്യമാണ്. ഇക്കാര്യത്തില്‍ പരിശീലകര്‍ക്കുപോലും ഇടപെടാന്‍ കഴിയില്ലായിരുന്നു. വാര്‍ണര്‍ നെറ്റ്‌സില്‍ നന്നായി ബാറ്റ് ചെയ്യുന്നുണ്ടായിരുന്നു. മത്സരങ്ങള്‍ കളിക്കാത്തതിന്റെ കുറവ് മാത്രമാണ് വാര്‍ണര്‍ക്ക് ഉണ്ടായിരുന്നത്.

വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരായ പരമ്പരകള്‍ വാര്‍ണര്‍ കളിച്ചിരുന്നില്ല. വലിയൊരു കാലയളിവില്‍ അദ്ദേഹം കളിക്കാതിരുന്നു. എന്നാല്‍ നെറ്റ്‌സില്‍ അദ്ദേഹം നന്നായി കളിച്ചു. അല്‍പനേരം പിടിച്ചുനിന്ന് കളിച്ചാല്‍ വാര്‍ണര്‍ക്ക് താളം കണ്ടെത്താമായിരുന്നു. ലോകകപ്പില്‍ സംഭവിച്ചത് അതാണ്.'' ഹാഡിന്‍ പറഞ്ഞു.

ഹൈദരാബാദ് തഴഞ്ഞ വാര്‍ണറുടെ മികവിലാണ് ഓസ്‌ട്രേലിയ ട്വന്റി 20 ലോകകപ്പില്‍ ജേതാക്കളായത്. മാന്‍ ഓഫ് ദ സീരിസും വാര്‍ണറായിരുന്നു. ഏഴ് മത്സരങ്ങളില്‍ 289 റണ്‍സാണ് വാര്‍ണര്‍ നേടിയത്. റണ്‍വേട്ടക്കാരില്‍ രണ്ടാമന്‍. മൂന്ന് അര്‍ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടും. ഇതില്‍ ഒരു അര്‍ധ സെഞ്ചുറി ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെയായിരുന്നു. ഓസീസിനെ എട്ട് വിക്കറ്റ് വിജയത്തിലേക്ക് നയിക്കുന്നതില്‍ വാര്‍ണറുടെ ഇന്നിംഗ്‌സ് നിര്‍ണായക പങ്കുവഹിച്ചു.

click me!