INDvNZ : ബ്രേക്ക്ത്രൂ നല്‍കി അശ്വിന്‍, വില്യംസണെ മടക്കി ഉമേഷ്; കാണ്‍പൂരില്‍ ഇന്ത്യയുടെ തിരിച്ചുവരവ്

By Web TeamFirst Published Nov 27, 2021, 11:59 AM IST
Highlights

കാണ്‍പൂര്‍ ഗ്രീന്‍പാര്‍ക്കില്‍ ഇന്ത്യയുടെ 345നെതിരെ ബാറ്റിംഗ് തുടരുന്ന ന്യൂസിലന്‍ഡ് മൂന്നാംദിനം ലഞ്ചിന് പിരിയുമ്പോള്‍ രണ്ടിന് 197 എന്ന നിലയിലാണ്.

കാണ്‍പൂര്‍: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് രണ്ട് വിക്കറ്റ് നഷ്ടം. കാണ്‍പൂര്‍ ഗ്രീന്‍പാര്‍ക്കില്‍ ഇന്ത്യയുടെ 345നെതിരെ ബാറ്റിംഗ് തുടരുന്ന ന്യൂസിലന്‍ഡ് മൂന്നാംദിനം ലഞ്ചിന് പിരിയുമ്പോള്‍ രണ്ടിന് 197 എന്ന നിലയിലാണ്. ടോം ലാഥം (82) ക്രീസിലുണ്ട്. വില്‍ യംഗ് (89), കെയ്ന്‍ വില്യംസണ്‍ (18) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ആര്‍ അശ്വിന്‍, ഉമേഷ് യാദവ് എന്നിവര്‍ക്കാണ് വിക്കറ്റ്. 

ആദ്യപ്രഹരം അശ്വിന്റെ വക

വിക്കറ്റ് നഷ്ടമില്ലാതെ 129 എന്ന നിലയിലാണ് ന്യൂസിലന്‍ഡ് മൂന്നാദിനം ആരംഭിച്ചത്. എന്നാല്‍ 21 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ആദ്യ വിക്കറ്റ് ന്യൂസിലന്‍ഡിന് നഷ്ടമായി. യംഗിനെ അശ്വിന്‍ വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരതിന്റെ കൈകളിലെത്തിച്ചു. 15 ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു യംഗിന്റെ ഇന്നിംഗ്‌സ്. പിന്നാലെ ക്രീസിലെത്തിയ ക്യാപ്്റ്റന്‍ കെയ്ന്‍ വില്യംസണ് അധികനേരം പിടിച്ചുനില്‍ക്കാനായില്ല. ലഞ്ചിന് തൊട്ടുമുമ്പുള്ള വില്യംസണ്‍ മടങ്ങി. ഉമേഷിന്റെ പന്തില്‍ വില്യംസണ്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. 

ഇന്ത്യയെ നയിച്ചത് ശ്രേയസ്

നേരത്തെ ശ്രേയസിന്റെ സെഞ്ചുറിയാണ് (105) ഇന്ത്യയെ ഭേദപ്പെട്ട നിലയിലേക്ക് നയിച്ചത്. അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ചുറി നേടുന്ന 16-ാമത്തെ ഇന്ത്യന്‍ താരമാണ് ശ്രേയസ്. ന്യൂസിലന്‍ഡിനെതിരെ അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരം കൂടിയാണ് ശ്രേയസ്. 26 വയസും 355 ദിവസവുമാണ് ശ്രേയസിന്റെ പ്രായം. ഇന്ത്യക്കായി അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ താരം കൂടിയായി താരം. 13 ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു പാതിമലയാളിയായ ശ്രേയസിന്റെ ഇന്നിംഗ്സ്. ടിം സൗത്തിയുടെ പന്തില്‍ വില്‍ യംഗിന് ക്യാച്ച് നല്‍കിയാണ് ശ്രേയസ് മടങ്ങിയത്. 

സൗത്തി അഞ്ച് വിക്കറ്റ്

അഞ്ചിന് 258 എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് ഇന്ന് ആദ്യം നഷ്ടമായത്  രവീന്ദ്ര ജഡേജയുടെ വിക്കറ്റാണ്. തലേദിവസത്തെ സ്‌കോറിനോട് ഒരു റണ്‍ പോലു കൂട്ടിച്ചേര്‍ക്കാനാവാതെ രവന്ദ്ര ജഡേജയാണ് (50) ആദ്യം മടങ്ങിയത്. ടിം സൗത്തിയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. പിന്നാലെ ക്രീസിലെത്തിയ വൃദ്ധിമാന്‍ സാഹ (1) നിരാശപ്പെടുത്തി. സൗത്തിയുടെ തന്നെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ടോം ബ്ലണ്ടലിന് ക്യാച്ച്. പിന്നാലെ ശ്രേയസും സൗത്തിക്ക് വിക്കറ്റ് നല്‍കി. അക്സര്‍ പട്ടേല്‍ സൗത്തിയുടെ തന്നെ പന്തില്‍ ബ്ലണ്ടലിന് ക്യാച്ച് നല്‍കി. ഇന്നലെ ചേതേശ്വര്‍ പൂജാരയായിരുന്നു സൗത്തിയുടെ ആദ്യത്തെ ഇര. ആര്‍ അശ്വിന്‍ (38), ഇശാന്ത് ശര്‍മ (0) എന്നിവരെ അജാസ് പട്ടേല്‍ മടങ്ങിയതോടെ ഇന്ത്യ കൂടാം കയറി. 

നിരാശപ്പെടുത്തി മായങ്ക്

ആദ്യദിനം എട്ടാം ഓവറില്‍ തന്നെ ഇന്ത്യക്ക് മായങ്കിനെ നഷ്ടമായി. ജെയ്മിസണിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ടോം ബ്ലണ്ടലിന് ക്യാച്ച് നല്‍കിയാണ് മായങ്ക് മടങ്ങിയത്. 21 റണ്‍സ് മാത്രമാണ് അപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ ഉണ്ടായിരുന്നത്.  എന്നാല്‍ പൂജാര-  ഗില്‍ സഖ്യം ഇന്ത്യയെ മുന്നോട്ട് നയിച്ചു. ഇരുവരും മൂന്നാം വിക്കറ്റില്‍ 61 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇതിനിടെ ഗില്‍ അര്‍ധ സെഞ്ചുറിയും പൂര്‍ത്തിയാക്കി.  93 പന്തില്‍ ഒരു സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഗില്ലിന്റെ ഇന്നിംഗ്‌സ്. 

ജെയ്മിസണിന്റെ സൂപ്പര്‍ സ്പെല്‍

രണ്ടാം സെഷന്‍ ആരംഭിച്ച് തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് ഗില്ലിനെ നഷ്ടമായി. ലഞ്ചിന് പിരിയുമ്പോഴുള്ള സ്‌കോറില്‍ നിന്ന് ഒരു റണ്‍ പോലും കൂടുതല്‍ നേടാന്‍ ഗില്ലിന് സാധിച്ചില്ല. ജെയ്മിസണിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. പിന്നാലെ ക്രീസിലെത്തിയത് രഹാനെ. മറുവശത്ത് പൂജാരയുടെ ഇന്നിംഗ്‌സ് ഒച്ചിഴയും വേഗത്തിലായിരുന്നു. അതാവട്ടെ കൂടുതല്‍ സമയം നീണ്ടുനിന്നതുമില്ല. 26 റണ്‍സെടുത്ത താരത്തെ സൗത്തി മടക്കി. വിക്കറ്റ് കീപ്പര്‍ ബ്ലണ്ടലിന് ക്യാച്ച്. 35 റണ്‍സെ നേടാനായൊള്ളൂവെങ്കിലും മനോഹരമായ ഷോട്ടുകള്‍ നിറഞ്ഞതായിരുന്നു രഹാനെയുടെ ഇന്നിംഗ്‌സ്. ആറ് ബൗണ്ടറികള്‍  ഇന്ത്യന്‍ ക്യാപ്്റ്റന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. എല്ലാം ഒന്നിനൊന്ന് മെച്ചം. എന്നാല്‍ വലിയ ആയുസുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ഇന്നിംഗ്‌സിന്. ജെയ്മിസണിന്റെ പന്തില്‍ ബൗള്‍ഡായി.  

ശ്രേയസ്- ജഡ്ഡു കൂട്ടുകെട്ട്

രഹാനെ മടങ്ങിയതോടെ നാലിന് 145 എന്ന നിലയിലായി ഇന്ത്യ. പിന്നാലെ ക്രീസിലെത്തിയത് ജഡേജ. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹയ്ക്ക് മുകളിലാണ് ജഡേജ ഇറങ്ങിയത്. എന്തായാലും സ്ഥാനക്കയറ്റം ജഡേജ മുതലാക്കി. 121 റണ്‍സാണ് ജഡേജ- ശ്രയസ് സഖ്യം കൂട്ടിച്ചേര്‍ത്തത്. ആറ് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു ജഡേജയുടെ ഇന്നിംഗ്സ്.

മൂന്ന് സ്പിന്നര്‍മാര്‍

നേരത്തെ, ശ്രേയസ് അയ്യരെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. താരത്തിന്റെ അരങ്ങേറ്റ മത്സരമാണിത്.  പിച്ച് സ്പിന്നിനെ തുണക്കുമെന്ന പ്രതീക്ഷയില്‍ മൂന്ന് സ്പിന്നര്‍മാരുമായാണ് ഇരു ടീമുകളും ഇറങ്ങുന്നത്. ഇന്ത്യന്‍ നിരയില്‍ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും അക്‌സര്‍ പട്ടേലും ഇടം നേടിയപ്പോള്‍ ന്യൂസിലന്‍ഡ്  അജാസ് പട്ടേലിനും രചിന്‍ രവീന്ദ്രക്കും വില്യം സോമര്‍വില്ലക്കും അവസരം നല്‍കി. പേസര്‍മാരായി ഇഷാന്ത് ശര്‍മയും ഉമേഷ് യാദവും ഇന്ത്യന്‍ നിരയില്‍ ഇടം നേടിയപ്പോള്‍ ടിം സൗത്തിയും കെയ്ല്‍ ജയ്മിസണുമാണ് കിവീസിന്റെ പേസര്‍മാര്‍.

ടീമുകള്‍ 

ന്യൂസിലന്‍ഡ്: ടോം ലാഥം, വില്‍ യംഗ്, കെയ്ന്‍ വില്യംസണ്‍, റോസ് ടെയ്‌ലര്‍, ഹെന്റി നിക്കോള്‍സ്, ടോം ബ്ലണ്ടല്‍, രചിന്‍ രവീന്ദ്ര,  ടിം സൗത്തി, അജാസ് പട്ടേല്‍, കെയ്ല്‍ ജെയ്മിസണ്‍, വില്യം സോമര്‍വില്ലെ.

ഇന്ത്യ: ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, ശ്രേയസ് അയ്യര്‍, വൃദ്ധിമാന്‍ സാഹ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ഇശാന്ത്് ശര്‍മ, ഉമേഷ് യാദവ്.

click me!