രഞ്ജി ട്രോഫിയിൽ ഗോവയുടെ ഒന്നാം ഇന്നിങ്‌സ് സ്കോറായ 355 റൺസിനെതിരെ കേരളം ശക്തമായി തിരിച്ചടിക്കുന്നു. 

ഗോവ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഗോവയ്‌ക്കെതിരെ കേരളം ശക്തമായ നിലയില്‍. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റിന് 237 റണ്‍സെന്ന നിലയിലാണ് കേരളം. സെഞ്ച്വറി നേടിയ രോഹന്‍ കുന്നുമ്മലിന്റെ പ്രകടനമാണ് കേരളത്തിന്റെ ഇന്നിങ്‌സിന് കരുത്ത് പകര്‍ന്നത്. നേരത്തെ ഗോവയുടെ ഒന്നാം ഇന്നിങ്‌സ് 355 റണ്‍സിന് അവസാനിച്ചിരുന്നു. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 279 റണ്‍സെന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിങ് പുനരാരംഭിച്ച ഗോവയ്ക്ക് വിക്കറ്റ് കീപ്പര്‍ സമര്‍ ദുഭാഷിയുടെ ഇന്നിങ്‌സാണ് തുണയായത്.

വാലറ്റക്കാരെ കൂട്ടുപിടിച്ച് സമര്‍ നടത്തിയ പോരാട്ടമാണ് ഗോവയുടെ സ്‌കോര്‍ 350 കടത്തിയത്. സമര്‍ 55 റണ്‍സുമായി പുറത്താകാതെ നിന്നു. അമൂല്യ പാണ്ഡ്രേക്കര്‍ പത്തും കൗശിക് വി. 21-ഉം റണ്‍സ് നേടി. കേരളത്തിന് വേണ്ടി അങ്കിത് ശര്‍മ്മ ആറും ബേസില്‍ എന്‍.പി. രണ്ടും നിധീഷ് എം.ഡി., സച്ചിന്‍ ബേബി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഓപ്പണര്‍മാരായ രോഹന്‍ കുന്നുമ്മലും അഭിഷേക് ജെ. നായരും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് 97 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

32 റണ്‍സെടുത്ത അഭിഷേകിനെ പുറത്താക്കി അമൂല്യ പാണ്ഡ്രേക്കറാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്. തുടര്‍ന്നെത്തിയ സച്ചിന്‍ ബേബിയും രോഹന് മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന് 86 റണ്‍സിന്റെ കൂട്ടുകെട്ടാണ് രണ്ടാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയത്. 37 റണ്‍സെടുത്ത സച്ചിന്‍ ബേബി ലളിത് യാദവിന്റെ പന്തില്‍ പുറത്തായി.

എന്നാല്‍ ഒരറ്റത്ത് ഉറച്ചുനിന്ന രോഹന്‍ കുന്നുമ്മല്‍ സെഞ്ച്വറിയോടെ കേരളത്തിന്റെ ഇന്നിങ്‌സ് മുന്നോട്ട് നയിച്ചു. കളി നിര്‍ത്തുമ്പോള്‍ 132 റണ്‍സോടെ രോഹന്‍ കുന്നുമ്മലും 25 റണ്‍സോടെ സല്‍മാന്‍ നിസാറുമാണ് ക്രീസില്‍. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് ഇതിനകം 54 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 154 പന്തുകളില്‍ 13 ബൗണ്ടറിയും അഞ്ച് സിക്‌സുമടങ്ങുന്നതായിരുന്നു രോഹന്റെ ഇന്നിങ്‌സ്.

YouTube video player