സി.കെ. നായിഡു ട്രോഫിയില്‍ മേഘാലയയ്‌ക്കെതിരെ കേരളം ഒന്നാം ഇന്നിങ്‌സില്‍ ശക്തമായ നിലയില്‍. 

മേഘാലയ: 23 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള സി.കെ. നായിഡു ട്രോഫിയില്‍ മേഘാലയയ്‌ക്കെതിരെ കേരളത്തിന് ഒന്നാം ഇന്നിങ്‌സ് ലീഡ്. ആദ്യം ബാറ്റ് ചെയ്ത മേഘാലയ വെറും 106 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെന്ന നിലയിലാണ്. കേരളത്തിന് ഇപ്പോള്‍ 62 റണ്‍സിന്റെ ലീഡുണ്ട്. ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുക്കാനുള്ള തീരുമാനം ശരിവയ്ക്കും വിധം മികച്ച തുടക്കമാണ് ബൗളര്‍മാര്‍ കേരളത്തിന് നല്‍കിയത്. നാല് റണ്‍സെടുത്ത ഓപ്പണര്‍ അവിനാഷ് റായിയെ രണ്ടാം ഓവറില്‍ തന്നെ പവന്‍ രാജ് പുറത്താക്കി.

രോഹിത്, പുഷ്‌കര്‍ എന്നിവരെക്കൂടി പവന്‍ രാജ് തന്നെ മടക്കിയതോടെ മൂന്ന് വിക്കറ്റിന് 24 റണ്‍സെന്ന നിലയിലായിരുന്നു മേഘാലയ. നാലാം വിക്കറ്റില്‍ ക്യാപ്റ്റന്‍ കെവില്‍ ക്രിസ്റ്റഫറും ജോസ്യ മോമിനും ചേര്‍ന്ന് 31 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും, ഇരുവരെയും പുറത്താക്കി ജിഷ്ണു കളി കേരളത്തിന്റെ വരുതിയിലാക്കി. ജോസ്യ 34-ഉം കെവിന്‍ 10-ഉം റണ്‍സ് നേടി. വാലറ്റക്കാര്‍ ചെറിയൊരു ചെറുത്തുനില്‍പ്പിന് തുടക്കമിട്ടെങ്കിലും ഒരോവറില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ജെ.എസ്. അനുരാജ് മേഘാലയയുടെ ഇന്നിങ്‌സിന് അവസാനമിട്ടു. നാല് വിക്കറ്റ് വീഴ്ത്തിയ അനുരാജിന് പുറമെ പവന്‍ രാജും ജിഷ്ണുവും മൂന്ന് വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ കൃഷ്ണനാരായണിന്റെ വിക്കറ്റ് നഷ്ടമായി. എന്നാല്‍ എസ്.എസ്. അക്ഷയും വരുണ്‍ നായനാരും ചേര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് കേരളത്തിന് കരുത്തായി. 134 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. 73 റണ്‍സെടുത്താണ് അക്ഷയ് മടങ്ങിയത്. എന്നാല്‍ വരുണ്‍ നായനാര്‍ 71 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയാണ്. 14 റണ്‍സുമായി ഷോണ്‍ റോജറും കളി നിര്‍ത്തുമ്പോള്‍ ക്രീസിലുണ്ട്.

YouTube video player