INDvNZ : ന്യൂസിലന്‍ഡിനെതിരെ മുംബൈ ടെസ്റ്റില്‍ ഇന്ത്യക്ക് ടോസ്; ഇരു ടീമിലും മാറ്റങ്ങള്‍

By Web TeamFirst Published Dec 3, 2021, 11:51 AM IST
Highlights

മുംബൈ വാഖഡെ സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. പരിക്കേറ്റ അജിന്‍ക്യ രഹാനെ, രവീന്ദ്ര ജഡേജ, ഇശാന്ത് ശര്‍മ എന്നിവര്‍ പുറത്തായി.

മുംബൈ: ന്യൂസിലന്‍ഡിനെതിരെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. മുംബൈ വാഖഡെ സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. പരിക്കേറ്റ അജിന്‍ക്യ രഹാനെ, രവീന്ദ്ര ജഡേജ, ഇശാന്ത് ശര്‍മ എന്നിവര്‍ പുറത്തായി.

രഹാനെയ്ക്ക് പകരം വിരാട് കോലി ക്യാപ്റ്റനായി തിരിച്ചെത്തി. ജഡേജയ്ക്ക് പകരം ജയന്ത് യാദവ് കളിക്കും. ഇശാന്തിന് പകരം മുഹമ്മദ് സിറാജ് ടീമിലെത്തി. കിവീസ് ടീമിലും ഒരുമാറ്റമുണ്ട്. പരിക്കിനെ തുടര്‍ന്ന് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ പുറത്തായി. ഡാരില്‍ മിച്ചല്‍ പകരമെത്തി. ടോം ലാഥമാണ് കിവീസിനെ നയിക്കുക. 

ടീം ഇന്ത്യ:  മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, വൃദ്ധിമാന്‍ സാഹ, ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, ജയന്ത് യാദവ്, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്.

ന്യൂസിലന്‍ഡ്: ടോം ലാഥം, വില്‍ യംഗ്, ഡാരില്‍ മിച്ചല്‍, റോസ് ടെയ്‌ലര്‍, ഹെന്റി നിക്കോള്‍സ്, ടോം ബ്ലണ്ടല്‍, രചിന്‍ രവീന്ദ്ര, കെയ്ല്‍ ജെയ്മിസണ്‍, ടിം സൗത്തി, വില്യം സോമര്‍വില്ലെ, അജാസ് പട്ടേല്‍. 

കാണ്‍പൂര്‍ ടെസ്റ്റിന്റെ അവസാന ദിവസം ഫീല്‍ഡ് ചെയ്യുമ്പോഴാണ് രഹാനെയ്ക്ക് പരിക്കേല്‍ക്കുന്നത്. രഹാനെ പരിക്കില്‍ നിന്ന് പൂര്‍ണമായും മോചിതനായിട്ടില്ലെന്ന് ബിസിസിഐ കുറിപ്പില്‍ വ്യക്തമാക്കി. മോശം ഫോമിലുള്ള രഹാനെയെ മുംബൈ ടെസ്റ്റില്‍ നിന്ന് ഒഴിവാക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

വലത് കയ്യിനേറ്റ പരിക്കാണ് ജഡേജയെ പുറത്താക്കിയത്. പരിശോധനയില്‍ ഓള്‍റൗണ്ടറുടെ കയ്യിന് വീക്കമുണ്ടെന്ന് കണ്ടെത്തി. പിന്നാലെ വിശ്രമം നല്‍കുകയായിരുന്നു. ഇടത് ചെറുവിരലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് ഇശാന്തിനെ ഒഴിവാക്കിയത്. 

ഇടത് കൈമുട്ടിനേറ്റ പരിക്കാണ് വില്യംസണ് പുറത്തേക്കുള്ള വഴിയൊരുക്കിയത്. 2021 സീസണില്‍ താരത്തെ ഈ പരിക്ക് വലച്ചിരുന്നു. രണ്ട് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യ ടെസ്റ്റ് സമനിലയില്‍ ആയിരുന്നു. ഈ മത്സരം ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം.

click me!