INDvNZ| അക്‌സറിന് മുന്നില്‍ കിവികള്‍ മുട്ടുകുത്തി; കൊല്‍ക്കത്തയില്‍ ഇന്ത്യ ഒരുപടി മുന്നില്‍

By Web TeamFirst Published Nov 21, 2021, 9:40 PM IST
Highlights

ഡാരില്‍ മിച്ചല്‍ (5), മാര്‍ക് ചാപ്മാന്‍ (0), ഗ്ലെന്‍ ഫിലിപ്‌സ് (0) എന്നിവരുടെ വിക്കറ്റുകളാണ് കിവീസിന് നഷ്ടമായത്. മൂന്നാം ഓവറില്‍ മിച്ചലിനെ പുറത്താക്കി അക്‌സര്‍ തകര്‍ച്ചയ്ക്ക് തുടക്കമിട്ടു.

കൊല്‍ക്കത്ത: ഇന്ത്യക്കെതിരായ (Team India) അവസാന ടി20യില്‍  185 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ ന്യൂസിലന്‍ഡിന് (New Zealand)  മോശം തുടക്കം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ എട്ട് ഓവറില്‍ മൂന്നിന് 45 എന്ന നിലയിലാണ് കിവീസ്. മൂന്ന് വിക്കറ്റും ഹര്‍ഷല്‍ പട്ടേലാണ് വീഴ്ത്തിയത്. മാര്‍ട്ടിന്‍ ഗപ്റ്റില്‍ (26), ടിം സീഫെര്‍ട്ട് (4) എന്നിവരാണ് ക്രീസില്‍.  

ഡാരില്‍ മിച്ചല്‍ (5), മാര്‍ക് ചാപ്മാന്‍ (0), ഗ്ലെന്‍ ഫിലിപ്‌സ് (0) എന്നിവരുടെ വിക്കറ്റുകളാണ് കിവീസിന് നഷ്ടമായത്. മൂന്നാം ഓവറില്‍ മിച്ചലിനെ പുറത്താക്കി അക്‌സര്‍ തകര്‍ച്ചയ്ക്ക് തുടക്കമിട്ടു. അതേഓവറില്‍ ചാപ്മാനും മടങ്ങി. താരത്തെ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. ഫിലിപ്‌സ് അക്‌സറിന്റെ അടുത്ത ഓവറില്‍ ബൗള്‍ഡായി. 

നേരത്തെ,  ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 184 റണ്‍സെടുത്തത്. രോഹിത് ശര്‍മയാണ് (56) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മിച്ചല്‍ സാന്റ്‌നര്‍ കിവീസിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ രോഹിത്- ഇഷാന്‍ കിഷന്‍ (29) സഖ്യം ഇന്ത്യക്ക് നല്‍കിയത്. ഇരുവരും ആദ്യ വിക്കറ്റില്‍ ഇരുവരും 68 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കിഷനെ പുറത്താക്കി സാന്റ്‌നര്‍ കിവീസ് ബ്രേക്ക് നല്‍കി. പിന്നാലെ എത്തിയ സൂര്യകുമാര്‍ യാദവും (0), റിഷഭ് പന്ത് (3) എന്നിവരും സാന്റ്‌നറിന് മുന്നില്‍ കീഴടങ്ങി. ഒമ്പത് ഓവറില്‍ മൂന്നിന് 83 എന്ന നിലയിലായി ഇന്ത്യ. പിന്നാലെ രോഹിതും മടങ്ങി. ഇഷ് സോധിയുടെ പന്തില്‍ റിട്ടേണ്‍ ക്യാച്ച് നല്‍കിയാണ് രോഹിത് മടങ്ങിയത്. 

അല്‍പനേരം നീണ്ടുനിന്ന വെങ്കടേഷ് അയ്യര്‍ (20)- ശ്രയസ് അയ്യര്‍ (25) കൂട്ടുകെട്ട് ഇന്ത്യക്ക് തുടക്കത്തില്‍ പ്രതീക്ഷ നല്‍കിയിരുന്നു. ഇരുവരും 36 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ശ്രയസിനെ ആഡം മില്‍നേയും വെങ്കടേഷിനെ ട്രന്റ് ബോള്‍ട്ടും മടക്കിയയച്ചു. അവസാന ഓവറുകളില്‍ ഹര്‍ഷല്‍ പട്ടേല്‍  (11 പന്തില്‍ 18), ദീപക് ചാഹര്‍ (8 പന്തില്‍ 21) പുറത്തെടുത്ത പ്രകടനമാണ് സ്‌കോര്‍ 180 കടത്തിയത്.

മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ നേരത്തെ സ്വന്തമാക്കിയിരുന്നു. ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യയാണ് ജയിച്ചത്. തൂത്തുവാരുകയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ആര്‍ അശ്വിന്‍ (R Ashwin), കെ എല്‍ രാഹുല്‍ (KL Rahul) എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. ഇഷാന്‍ കിഷന്‍ (Ishan Kishan), യൂസ്‌വേന്ദ്ര ചാഹല്‍ (Yuzvendra Chahal) എന്നിവര്‍ പകരക്കാരായെത്തും. താല്‍കാലിക ക്യാപ്റ്റന്‍ ടിം സൗത്തി ഇല്ലാതൊണ് കിവീസ് ഇറങ്ങുന്നത്. മിച്ചല്‍ സാന്റ്‌നറാണ് ന്യൂസിലന്‍ഡിനെ നയിക്കുന്നത്. 

ടീം ഇന്ത്യ: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, വെങ്കടേഷ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ശ്രേയാസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, ഹര്‍ഷല്‍ പട്ടേല്‍, യൂസ്‌വേന്ദ്ര ചാഹല്‍.

ന്യൂസിലന്‍ഡ്: മാര്‍ട്ടിന്‍ ഗപ്റ്റില്‍, ഡാരില്‍ മിച്ചല്‍, മാര്‍ക് ചാപ്മാന്‍, ഗ്ലെന്‍ ഫിലിപ്, ടിം സീഫെര്‍ട്ട്, ജയിംസ് നീഷാം, മിച്ചല്‍ സാന്റനര്‍, ആഡം മില്‍നെ, ലോക്കി ഫെര്‍ഗൂസണ്‍, ഇഷ് സോധി, ട്രന്റ് ബോള്‍ട്ട്.

click me!