INDvNZ| 'വരും മത്സരങ്ങളില്‍ അവന് വലിയ ഉത്തരവാദിത്തങ്ങളുണ്ടാവും'; വെങ്കടേഷ് അയ്യരെ പുകഴ്ത്തി രോഹിത് ശര്‍മ

By Web TeamFirst Published Nov 22, 2021, 9:57 AM IST
Highlights

എന്നാല്‍ ഇന്നലെ നടന്ന അവസാന ടി20യില്‍ താരം പന്തെറിഞ്ഞു. മൂന്നോവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്താനും വെങ്കടേഷിനായി. മത്സരശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (Rohit Sharma ) വെങ്കടേഷിന്റെ കാര്യത്തില്‍ സന്തോഷം പ്രകടിപ്പിച്ചു.

കൊല്‍ക്കത്ത: ന്യൂസിലന്‍ഡിനെതിരെ (New Zealand) ടി20 പരമ്പരയില്‍ യുവതാരങ്ങളെ അണിനിരത്തിയാണ് ഇന്ത്യ (Team India) കളിക്കാനിറങ്ങിയത്. മൂന്ന് മത്സരങ്ങളിലും അവസരം ലഭിച്ച താരമാണ് വെങ്കടേഷ് അയ്യര്‍ (Venkatesh Iyer). കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ ഓപ്പണറായി കളിക്കുന്ന വെങ്കടേഷിന് ഇന്ത്യന്‍ ടീമില്‍ മധ്യനിര ബാറ്റ്‌സ്മാനായിട്ടാണ് കളിക്കാന്‍ സാധിച്ചത്. ഓള്‍റൗണ്ടറായ 26കാരന് ആദ്യ രണ്ട് മത്സരങ്ങളിലും പന്തെറിയാന്‍ സാധിച്ചിരുന്നില്ല. 

എന്നാല്‍ ഇന്നലെ നടന്ന അവസാന ടി20യില്‍ താരം പന്തെറിഞ്ഞു. മൂന്നോവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്താനും വെങ്കടേഷിനായി. മത്സരശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (Rohit Sharma ) വെങ്കടേഷിന്റെ കാര്യത്തില്‍ സന്തോഷം പ്രകടിപ്പിച്ചു. അദ്ദേഹം വെങ്കടേഷിനെ കുറിച്ച് പറഞ്ഞതിങ്ങനെ... ''വെങ്കടേഷിന്റെ എല്ലാ കഴിവും ഉപയോഗപ്പെടുത്തുകയായിരുന്നു ലക്ഷ്യം. അതേസമയം അദ്ദേഹത്തിന് ഇണങ്ങുന്ന ബാറ്റിംഗ് പൊസിഷനില്‍ കളിപ്പിക്കേണ്ടതുമുണ്ട്. ഇന്ത്യന്‍ ടീമില്‍ നിലവില്‍ അദ്ദേഹത്തിന് ഓപ്പണിംഗ് റോളില്‍ കളിക്കാനാവനില്ല. 5,6,7 സ്ഥാനങ്ങളിലാണ് കളിക്കുക. മധ്യ- അവസാന ഓവറുകളില്‍ അവന് എന്ത് ചെയ്യാനാവുമെന്നാണ് ഞങ്ങള്‍ നോക്കിയിരുന്നത്. 

തുടക്കക്കാരന്‍ എന്ന നിലയില്‍ അവന്‍ ഏല്‍പ്പിച്ച ജോലി ഭംഗിയായി ചെയ്തു. സമയമെടുത്ത് കളിക്കാനുള്ള അവസരം അവനുണ്ടായിരുന്നു. അവന്റെ ബൗളിംഗ് പ്രകടനവും നിങ്ങള്‍ കണ്ടതാണ്. തീര്‍ച്ചയായും ഇന്ത്യക്ക് പ്രതീക്ഷയുള്ള താരങ്ങൡ ഒരാളാണ് അവന്‍. അവന് കഴിവുണ്ട്. ആത്മവിശ്വാസം നല്‍കുക മാത്രമാണ് നമ്മള്‍ ചെയ്യേണ്ടത്. അവന്റെ മൂന്നാമത്തെ മാത്രം അന്താരാഷ്ട്ര മത്സരമാണിത്. ഒരു സ്വാധീനമുണ്ടാക്കാനുള്ള മത്സരപരിചയമൊന്നും ആയിട്ടില്ല. കൂടുതല്‍ അവസരം നല്‍കുകയാണ് ചെയ്യേണ്ടത്. വരും ദിവസങ്ങളില്‍ അവന്‍ മത്സരഫലത്തില്‍ സ്വാധീനമുണ്ടാക്കിയേക്കാം.'' രോഹിത് പറഞ്ഞു. 

കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ 73 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് നേടി. 56 റണ്‍സ് നേടിയ രോഹിത് ശര്‍മയാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ കിവീസ് 17.2 ഓവറില്‍ 111ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ അക്‌സര്‍ പട്ടേലാണ് കിവീസിനെ തകര്‍ത്തത്. അക്‌സറാണ് മാന്‍ ഓഫ് ദ മാച്ചും. രോഹിത് മാന്‍ ഓഫ് ദ സീരിസായി.

click me!