
ഹാമില്‍ട്ടണ്‍: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിന് മുന്നോടിയായി ന്യൂസിലന്‍ഡ് ടീമില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തി. പരിക്കിനെ തുടര്‍ന്ന് പേസര്‍ ബ്ലെയര്‍ ടിക്‌നര്‍ക്ക് പകരക്കാരനായി ക്രിസ്റ്റ്യന്‍ ക്ലാര്‍ക്കിനെ ടീമില്‍ ഉള്‍പ്പെടുത്തി. അതേസമയം, വലതുകാലിലെ പേശിക്കേറ്റ പരിക്ക് മാറാത്തതിനെ തുടര്‍ന്ന് ലോക്കി ഫെര്‍ഗൂസണ് പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും നഷ്ടമാകും. ചൊവ്വാഴ്ച നടക്കുന്ന മൂന്നാം ഏകദിനത്തിന് മുന്നോടിയായാണ് ക്ലാര്‍ക്ക് ടീമിനൊപ്പം ചേരുക.
ഇന്ത്യക്കെതിരായ ടി20 പരമ്പരയ്ക്കിടെയാണ് ഫെര്‍ഗൂസന്റെ വലതുകാലിലെ പേശിക്ക് പരിക്കേറ്റത്. താരം നാലാമത്തെയും അഞ്ചാമത്തെയും ഏകദിനങ്ങളില്‍ കളിക്കില്ലെന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് സ്ഥിരീകരിച്ചു. രണ്ടാം ഏകദിനത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെ പന്തുകൊണ്ട് പരിക്കേറ്റ ബ്ലെയര്‍ ടിക്‌നറുടെ കാര്യത്തിലും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. താരത്തിന് കോണ്‍കഷന്‍ പ്രശ്‌നങ്ങളില്ലെന്ന് വ്യക്തമായെങ്കിലും, ഐസിസി നിയമപ്രകാരമുള്ള ഏഴ് ദിവസത്തെ നിര്‍ബന്ധിത വിശ്രമത്തിന് ശേഷമേ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്താനാകൂ. രണ്ടാം ഏകദിനത്തിന്റെ ബാക്കി സമയത്ത് ടിക്‌നര്‍ക്ക് പകരം മാറ്റ് ഫിഷറാണ് പ്ലെയിങ് ഇലവനില്‍ കളിച്ചത്.
ഓക്ലന്‍ഡില്‍ വെച്ച് ഡെവോണ്‍ കോണ്‍വെയുമായി കൂട്ടിയിടിച്ച് തലയ്ക്ക് പരിക്കേറ്റ മാറ്റ് ഹെന്റിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും ന്യൂസിലന്‍ഡ് വ്യക്തത വരുത്തിയിട്ടുണ്ട്. പ്രാഥമിക പരിശോധനയില്‍ കോണ്‍കഷന്‍ ഇല്ലെന്ന് വ്യക്തമായെങ്കിലും വെല്ലിംഗ്ടണില്‍ നടത്തിയ തുടര്‍പരിശോധനകള്‍ക്ക് ശേഷം നാലാം ഏകദിനത്തില്‍ താരം തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിക്കുകള്‍ വില്ലനായതോടെ അവസാന രണ്ട് മത്സരങ്ങള്‍ക്കുള്ള ടീം തയ്യാറെടുപ്പുകളിലും മാറ്റം വരുത്തിയിട്ടുണ്ട്.
മൂന്നാം ഏകദിനത്തിന് ശേഷം വെല്ലിംഗ്ടണിലെ ടെസ്റ്റ് സ്‌ക്വാഡിനൊപ്പം ചേരേണ്ടിയിരുന്ന മാറ്റ് ഹെന്റിയും കൈല്‍ ജാമിസണും നാലാം ഏകദിനം വരെ ഏകദിന ടീമിനൊപ്പം തുടരും. പരിക്കിന്റെ പശ്ചാത്തലത്തില്‍ നാല്, അഞ്ച് ഏകദിനങ്ങള്‍ക്കായി രണ്ട് കളിക്കാരെക്കൂടി ടീമില്‍ ഉള്‍പ്പെടുത്തിയേക്കും. അതേസമയം, ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പുകള്‍ക്കായി അഞ്ച് താരങ്ങളെ മൂന്നാം ഏകദിനത്തിന് ശേഷം സ്‌ക്വാഡില്‍ നിന്ന് ഒഴിവാകും. ടോം ലാഥം, ഡാരില്‍ മിച്ചല്‍, ഹെന്റി നിക്കോള്‍സ്, ഗ്ലെന്‍ ഫിലിപ്‌സ്, നഥാന്‍ സ്മിത്ത് എന്നിവര്‍ വെല്ലിംഗ്ടണിലേക്ക് തിരിക്കും. ടെസ്റ്റ് ടീമിനെ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും.
മൂന്നും നാലും ഏകദിനങ്ങളില്‍ മിച്ചല്‍ സാന്റ്‌നര്‍ തന്നെ ടീമിനെ നയിക്കും. മൂന്നാം ഏകദിനത്തിനുള്ള ടീമില്‍ ക്ലാര്‍ക്ക്, ഫിഷര്‍, ജാമിസണ്‍, ജാക്കബ് ഡഫി എന്നിവര്‍ ബൗളിംഗ് നിരയിലുണ്ട്. ടോം ലാഥത്തിനും ടിം സീഫെര്‍ട്ടിനുമാണ് വിക്കറ്റ് കീപ്പിംഗ് ചുമതല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!