ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ പേസ് ബൗളറായ ഗുർനൂർ ബ്രാർ ന്യൂസിലൻഡിനെതിരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഡെയ്ൽ സ്റ്റെയ്‌നിന്റെ ഉപദേശങ്ങളും മോണി മോർക്കലിന്റെ പരിശീലനവുമാണ് താരത്തിന് കരുത്തായത്. 140 കിലോമീറ്ററിലേറെ വേഗത്തിൽ പന്തെറിയുന്ന ബ്രാർ ഇന്ത്യൻ ടീമിന്റെ വലിയ പ്രതീക്ഷയാണ്.

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ പുത്തന്‍ പ്രതീക്ഷയുടെ പേരാണ് ഗുര്‍നൂര്‍ ബ്രാര്‍. കിവീസിനെതിരെ ആദ്യ രണ്ട് ഏകദിനങ്ങളിലും തിളങ്ങിയ ബ്രാറില്‍ നിന്ന് കൂടുതല്‍ മിന്നും പ്രകടനങ്ങള്‍ പ്രതീക്ഷിക്കുന്നു ആരാധകര്‍. വെല്ലിങ്ടണില്‍ കിവീസിനെ വീഴ്ത്തിയ നാല് വിക്കറ്റ് നേട്ടം. ന്യൂസിലന്‍ഡ് മണ്ണില്‍ ഇന്ത്യന്‍ പേസറുടെ രണ്ടാമത്തെ മികച്ച ബോളിങ് പ്രകടനമാണ്. ഈ പ്രകടനത്തിന് പിന്നാലെ ബ്രാര്‍ ആരാധക ഹൃദയങ്ങിലേക്ക് പറന്നുകയറുകയാണ്. ഐപിഎല്ലിന്റെ ഗ്ലാമറില്‍ നിന്നല്ല 26 കാരനായ ബ്രാറിന്റെ വരവ്. 12 ഫസ്റ്റ് ക്ലാസ് മത്സരങ്ങളുടെ പരിചയമുള്ള സമയത്ത് തന്നെ ഗംഭീറും മുന്‍ സെലക്ഷന്‍ കമ്മിറ്റിയും ബ്രാറില്‍ പ്രതിഭയുണ്ടെന്ന് കണ്ടെത്തി.

വേഗം തന്നെ അവര്‍ ഈ പേസറെ സെന്റര്‍ ഓഫ് എക്‌സലന്‍സിലെത്തിച്ചു. പേസര്‍ക്ക് വേണ്ട കഠിനാധ്വാനവും അച്ചടക്കവുമാണ് താരത്തിന്റെ കരുത്ത്. ഒപ്പം ഉയരവും ബ്രാറിന് ഗുണം ചെയ്യുന്നു. ഉയരമുള്ള ബ്രാറിന് ബാസ്‌ക്കറ്റ് ബോള്‍ താരമാക്കാനായിരുന്നു പിതാവിന് താത്പര്യമെങ്കിലും ബ്രാറിന്റെ ഇഷ്ടം ക്രിക്കറ്റായിരുന്നു. സ്റ്റെയിന്റെ ബോളിങ് സ്‌റ്റൈലിന്റെ ആരാധകനാണ് ബ്രാര്‍, വിക്കറ്റിന് സാഹചര്യങ്ങളെ അമിതമായി ആശ്രയിക്കുരുതെന്ന സ്റ്റെയിന്റെ ഉപദേശവും ബ്രാറിന് കരുത്തായി. ബാറ്റര്‍ക്ക് നിര്‍ബന്ധമായും കളിക്കേണ്ടിവരുന്ന ലെങ്തില്‍ പന്തെറിയാന്‍ പരിശീലിച്ചു. അങ്ങനെ വിക്കറ്റെടുത്ത് ബ്രാറിന്റെ മുന്നേറ്റം.

ഉയരം എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന് ഇന്ത്യയുടെ ബോളിങ് പരിശീലകന്‍ മോണി മോര്‍ക്കല്‍ കൃത്യമായി സംസാരിക്കുന്നത് ഗുണം ചെയ്യുന്നെന്ന് ബ്രാര്‍ തന്നെ സമ്മതിക്കുന്നു. കൃത്യമായ ലെങ്തില്‍ പന്തെറിഞ്ഞ് ബാറ്റര്‍മാരെ വിഷമിപ്പിക്കുന്നതാണ് ബ്രാറിന്റെ രീതി. നിരവധി പേസര്‍മാരുണ്ടെങ്കിലും സ്ഥിരയുള്ള പേസ് സംഘത്തെ തിരയുകയാണ് ടീം ഇന്ത്യ. ഏകദിനങ്ങളില്‍ മധ്യ ഓവറുകളില്‍ വിക്കറ്റെടുക്കാന്‍ പോന്നൊരു താരമെന്ന തരത്തില്‍ ബ്രാറിന് മുന്‍തൂക്കം ലഭിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

സ്ഥിരത തുടര്‍ന്നാല്‍ ഇന്ത്യന്‍ പ്രതീക്ഷയായി ബ്രാര്‍ ടീമിലുണ്ടാകുമെന്നുറപ്പ്. 140 കിലോമീറ്ററിലേറെ വേഗവും ബൗണ്‍സുമുള്ള ബ്രാറിന് ഇന്ത്യന്‍ പേസ് സംഘത്തിലെ സ്ഥിര സാന്നിധ്യമാകാന്‍ കിവീസ് പരമ്പര സാഹായിക്കുമോ എന്ന് കാത്തിരിക്കാം.

YouTube video player