ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിൽ ജയിച്ച് പരമ്പര സ്വന്തമാക്കാൻ ടീം ഇന്ത്യ നാളെ ഇറങ്ങുന്നു. മഴ ഭീഷണിയുണ്ടെങ്കിലും യുവതാരങ്ങളടങ്ങുന്ന സാധ്യതാ ഇലവനിൽ മാറ്റങ്ങൾക്ക് സാധ്യത കുറവാണ്.
ഹാമില്‍ട്ടണ്‍: ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കാന്‍ ടീം ഇന്ത്യ. നാളെ സെഡണ്‍ പാര്‍ക്കിലാണ് മൂന്നാം ഏകദിനം. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ആവേശത്തിലാണെങ്കിലും ബാറ്റിങ്ങിലെ പ്രശ്‌നങ്ങളും മഴ ഭീഷണിയും ഇന്ത്യക്ക് ആശങ്കയാണ്. അഞ്ചില്‍ രണ്ടെണ്ണം ജയിച്ചു, ഒന്ന് കൂടി ജയിച്ചാല്‍ പരമ്പര പിടിക്കാം. പക്ഷേ, അഞ്ചും ജയിക്കലാണ് ഇന്ത്യന്‍ ലക്ഷ്യം. രോഹിത് ശര്‍മയും വിരാട് കോലിയും ശുഭ്മാന്‍ ഗില്ലുമടങ്ങിയ ടീമിന് അടുത്ത കൊല്ലത്തെ ഏകദിന ലോകകപ്പ് അഭിമാന പോരാട്ടമാണ്.
അതിന് മുന്പ് പരമാവധി വിജയങ്ങള്‍ നേടി വെല്ലുവിളികള്‍ മറികടക്കാന്‍ പോന്നൊരു ടീമിനെ തയാറാക്കലാണ് പരിശീലകന്‍ ഗംഭീറിന്റെയടക്കം ലക്ഷ്യം. ട്വന്റി 20യില്‍ നന്നായി തല്ല് വാങ്ങിയെങ്കിലും ഏകദിനത്തിലേക്കെത്തിയപ്പോള്‍ ബോളര്‍മാര്‍ സെറ്റായി. ആദ്യ രണ്ട് മത്സരങ്ങളിലും കിവീസ് ബാറ്റര്‍മാരെ ഇന്ത്യന്‍ പേസര്‍മാര്‍ വിറപ്പിച്ചു. കിവീസ് പേസിന് മുന്നില്‍ ഇന്ത്യന്‍ ബാറ്റര്‍മാരും വിറച്ചെന്നതാണ് പ്രധാന പ്രശ്‌നം. ആദ്യ മത്സരത്തില്‍ രോഹിതും രണ്ടാം മത്സരത്തില്‍ ഗില്ലും പൂജ്യത്തിന് പുറത്തായി. കോലി മിന്നും ഫോം തുടരുമെന്ന് പ്രതീക്ഷ.
ഹിറ്റ്മാന്റെ വെടിക്കെട്ട് കാത്തിരിക്കുന്നു ആരാധകര്‍. ആദ്യ രണ്ട് മത്സരങ്ങളിലും വില്ലനായ മഴ വീണ്ടും പ്രശ്‌നമുണ്ടാക്കാനാണ് സാധ്യത. മത്സരദിനം 85 ശതമാനം വരെ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ പ്രവചനം. ട്വന്റി 20യിലെ അവസാന മത്സരരത്തില്‍ ഇതേ വേദിയില്‍ ഇന്ത്യയെ വീഴ്ത്തിയിരുന്നു ന്യൂസീലന്‍ഡ്. പേസ് നിരയുടെ കരുത്തിലാണ് ഇന്ത്യന്‍ മുന്നേറ്റം. ആദ്യ മത്സരത്തില്‍ അന്‍ഷുല്‍ കാംബോജും രണ്ടാം മത്സരത്തില്‍ ഗുര്‍നൂര്‍ ബ്രാറും തിളങ്ങി. അര്‍ഷ്ദീപ് കൂടി വിക്കറ്റെടുത്ത് തുടങ്ങിയാല്‍ ഇന്ത്യ ഹാപ്പി.
മധ്യനിരയില്‍ നമന്‍ ധിര്‍ പരീക്ഷണം ഇന്ത്യ തുടരും. പേസ് നിരയില്‍ മാറ്റമായി മുഹമ്മദ് സിറാജ് എത്തുമോ എന്നതും ആകാംഷ. പരമാവധി യുവതാരങ്ങള്‍ക്ക് അവസരം നല്‍കാനാണ് പരിശീലക തീരുമാനമെങ്കില്‍ ആദ്യ രണ്ട് മത്സരത്തിലെ പ്ലയിങ് ഇലവന്‍ തന്നെ തുടരും.
ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), വിരാട് കോലി, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), അക്‌സര്‍ പട്ടേല്‍, കെ എല്‍ രാഹുല്‍, നമന്‍ ധിര്‍, അന്‍ഷൂല്‍ കാംബോജ്, അക്വിബ് നബി, ഗുര്‍നൂര്‍ ബ്രാര്‍, അര്‍ഷ്ദീപ് സിംഗ്.













