തല മാറിയിട്ടും തലവര മാറാതെ ചെന്നൈ; കൊൽക്കത്തയ്ക്ക് എതിരെ തകർന്നടിഞ്ഞ് ബാറ്റിംഗ് നിര

Published : Apr 11, 2025, 09:23 PM ISTUpdated : Apr 11, 2025, 09:25 PM IST
തല മാറിയിട്ടും തലവര മാറാതെ ചെന്നൈ; കൊൽക്കത്തയ്ക്ക് എതിരെ തകർന്നടിഞ്ഞ് ബാറ്റിംഗ് നിര

Synopsis

ധോണി നായകനായി തിരിച്ചെത്തിയിട്ടും ചെന്നൈയുടെ പ്രകടനത്തിൽ ഒരു തരത്തിലുള്ള മാറ്റവും പ്രകടമായില്ല.

ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന് വീണ്ടും ബാറ്റിംഗ് തകർച്ച. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈയ്ക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 103 റൺസ് നേടാനെ സാധിച്ചുള്ളൂ. 29 പന്തിൽ 31 റൺസ് നേടി പുറത്താകാതെ നിന്ന ശിവം ദുബെയാണ് ചെന്നൈയുടെ ടോപ് സ്കോറർ. 

പതിവുപോലെ പവർ പ്ലേയിൽ ലക്ഷ്യബോധമില്ലാതെ ബാറ്റ് വീശുന്ന ചെന്നൈ ബാറ്റർമാരെയാണ് ഇന്നത്തെ മത്സരത്തിലും കാണാനായത്. പവർ പ്ലേ അവസാനിക്കും മുമ്പ് തന്നെ ഓപ്പണർമാരായ ഡെവോൺ കോൺവെയും (12) രചിൻ രവീന്ദ്രയും (4) മടങ്ങി. തുടർന്ന് ക്രീസിലൊന്നിച്ച രാഹുൽ ത്രിപാഠി - വിജയ് ശങ്കർ സഖ്യമാണ് ചെന്നൈയുടെ ഇന്നിംഗ്സ് മുന്നോട്ടുകൊണ്ടുപോയത്. ടീം സ്കോർ 59ൽ നിൽക്കെ 29 റൺസ് നേടിയ വിജയ് ശങ്കറിനെ വരുൺ ചക്രവർത്തി മടക്കിയയച്ചു. പിന്നാലെ രാഹുൽ ത്രിപാഠിയും (16) മടങ്ങിയതോടെ ചെന്നൈയുടെ നില പരുങ്ങലിലായി. പിന്നീടുള്ള 14 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ചെന്നൈയ്ക്ക് 5 വിക്കറ്റുകളാണ് നഷ്ടമായത്. 

രവിചന്ദ്രൻ അശ്വിൻ (1), രവീന്ദ്ര ജഡേജ (0), ദീപക് ഹൂഡ (0), മഹേന്ദ്ര സിംഗ് ധോണി (1), നൂർ അഹമ്മദ് (1) എന്നിവർക്ക് രണ്ടക്കം പോലും കടക്കാനായില്ല. ധോണിയിൽ നിന്ന് ആദ്യ ഇന്നിംഗ്സിന് മികച്ച ഒരു ഫിനിഷിംഗ് പ്രതീക്ഷിച്ച ആരാധകർ നിരാശരായി. സുനിൽ നരെയ്ന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങിയാണ് ധോണി പുറത്തായത്. 79ന് 9 എന്ന നിലയിൽ നിന്ന ചെന്നൈയെ 31  റൺസ് നേടി അവസാനം വരെ പൊരുതിയ ശിവം ദുബെയുടെ ഇന്നിംഗ്സാണ് നാണക്കേടിൽ നിന്ന് ഒരു പരിധി വരെ ഒഴിവാക്കിയത്. 

കൊൽക്കത്ത ഒരുക്കിയ സ്പിൻ കെണയിൽ ചെന്നൈ കറങ്ങി വീണു. സുനിൽ നരെയ്ൻ 3 വിക്കറ്റുകൾ വീഴ്ത്തി. വരുൺ ചക്രവർത്തി 2 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ മറ്റൊരു സ്പിന്നറായ മൊയീൻ അലി ഒരു വിക്കറ്റ് നേടി. വൈഭവ് അറോറ, ഹർഷിത് റാണ എന്നിവർ 2 വിക്കറ്റുകൾ വീതം സ്വന്തമാക്കി.

READ MORE: അപരാജിത കുതിപ്പിലും ഒന്നാം സ്ഥാനത്തേക്ക് കയറാനാവാതെ ഡല്‍ഹി ക്യാപിറ്റല്‍സ്! ഗുജറാത്ത് ടൈറ്റന്‍സ് ഒന്നാമത്

PREV
Read more Articles on
click me!

Recommended Stories

അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍
സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ