
ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ. ആദ്യ മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ലക്നൗവിൽ വൈകിട്ട് മൂന്നരയ്ക്കാണ് മത്സരം ആരംഭിക്കുക.
ഹൈ വോൾട്ടേജ് പോരാട്ടത്തിനാണ് റിഷഭ് പന്തിന്റെ ലക്നൗ സൂപ്പർ ജയന്റ്സും ശുഭ്മൻ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റൻസും തയ്യാറെടുക്കുന്നത്. ഒറ്റയ്ക്ക് കളിയുടെ വിധി നിശ്ചയിക്കാൻ കഴിയുന്ന താരങ്ങളുടെ കൂട്ടമാണ് സൂപ്പർ ജയന്റ്സും ടൈറ്റൻസും. ഗില്ലും സായ് സുദർശനും ബട്‍ലറും റുതർഫോർഡും ഷാരൂഖ് ഖാനും തെവാത്തിയയും ഉൾപ്പെട്ട ടൈറ്റൻസ് റൺവേട്ടക്കാർക്ക് മറുപടി നൽകാൻ ലക്നൗ നിരയിലുള്ളത് മാർക്രം, മാർഷ്, പുരാൻ, പന്ത്, ബദോണി, മില്ലർ എന്നിവരാണ്. മാർഷും പുരാനും ക്രീസിലുറച്ചാൽ ലക്നൗ സകോർ ബോർഡിന് റോക്കറ്റ് വേഗമുറപ്പ്.
റൺസ് കണ്ടെത്താൻ പാടുപെടുന്ന ക്യാപ്റ്റൻ പന്തിന്റെ ബാറ്റിംഗ് ഫോമിലാണ് സൂപ്പർ ജയന്റ്സിന്റെ ആശങ്ക. സായ് സുദർശന്റെ സ്ഥിരതയ്ക്കൊപ്പം സന്ദർഭത്തിനൊത്ത് ബാറ്റ് വീശുന്ന ബട്‍ലറുടെ മികവ് ടൈറ്റൻസിന് കരുത്താവും. പവർ പ്ലേയിൽ വിക്കറ്റ് വീഴ്ത്തുന്ന മുഹമ്മദ് സിറാജിന്റെയും മധ്യ ഓവറുകളിൽ റണ്ണൊഴുക്ക് തടയുന്ന സായ് കിഷോറിന്റെയും പന്തുകൾ സൂപ്പർ ജയന്റ്സിന് വെല്ലുവിളി ആകുമെന്നുറപ്പ്. റാഷിദ് ഖാൻ കൂടി ഫോമിലേക്കെത്തിയാൽ ഗില്ലിന് കാര്യങ്ങൾ എളുപ്പമാകും. ഷാർദുൽ താക്കൂർ, ആവേശ് ഖാൻ, ആകാശ് ദീപ്, രവി ബിഷ്ണോയ് എന്നിവരിലാണ് ലക്നൗവിന്റെ ബൗളിംഗ് പ്രതീക്ഷ. നേർക്കുനേർ പോരാട്ടക്കണക്കിൽ ഗുജറാത്തിന് വ്യക്തമായ ആധിപത്യമുണ്ട്. നേരിട്ട അഞ്ച് കളിയിൽ നാലിലും ജയം ഗുജറാത്ത് ടൈറ്റൻസിനൊപ്പമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!