ഐപിഎല്‍ 2020 പൊടിപൊടിക്കും: തിയതികള്‍ തീരുമാനമായതായി റിപ്പോര്‍ട്ട്

By Web TeamFirst Published Dec 19, 2019, 2:31 PM IST
Highlights

താരലേലം ആരംഭിക്കുന്നതിന് മുന്‍പ് അടുത്ത സീസണിന്‍റെ തിയതികള്‍ സംബന്ധിച്ച് ചില സൂചനകള്‍ പുറത്തുവന്നിരിക്കുകയാണ്

കൊല്‍ക്കത്ത: ഐപിഎല്‍ 2020 താരലേലം കൊല്‍ക്കത്തയില്‍ ആരംഭിക്കാന്‍ മിനുറ്റുകള്‍ മാത്രമാണ് ബാക്കിയുള്ളത്. പട്ടികയിലുള്ള 338 താരങ്ങളില്‍ നിന്ന് 73 പേരെയാണ് എട്ട് ടീമുകള്‍ സ്വന്തമാക്കുക. താരലേലം ആരംഭിക്കുന്നതിന് മുന്‍പ് അടുത്ത സീസണിന്‍റെ ഷെഡ്യൂള്‍ സംബന്ധിച്ച് ചില സൂചനകള്‍ പുറത്തുവന്നിരിക്കുകയാണ്. 

മാര്‍ച്ച് അവസാനത്തോടെ ഐപിഎല്ലിന്‍റെ 13-ാം എഡിഷന് തുടക്കമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് 28 മുതല്‍ മെയ് 24 വരെ ടൂര്‍ണമെന്‍റ് നടത്താനാണ് ബിസിസിഐ പദ്ധതിയെന്നും ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. തിയതികള്‍ ഔദ്യോഗികമായി ഉടന്‍ പ്രഖ്യാപിക്കുമെന്ന് എട്ട് ടീമുകളെയും അറിയിച്ചതായാണ് സൂചനകള്‍. ടൂര്‍ണമെന്‍റിന്‍റെ ദൈര്‍ഘ്യം കുറയ്‌ക്കാനുള്ള ശ്രമങ്ങളും ഗവേര്‍ണിഗ് കൗണ്‍സില്‍ നടത്തുന്നുണ്ട്.

ലേലം മുറുകും, പണപ്പെട്ടി കിലുങ്ങും

കൊല്‍ക്കത്തയില്‍ 3.30നാണ് ഐപിഎല്‍ താരലേലം ആരംഭിക്കുന്നത്. ആകെ ഒഴിവുള്ള 73 സ്‌ഥാനങ്ങളില്‍ 29 എണ്ണം വിദേശതാരങ്ങള്‍ക്കാണ്. വിദേശ പേസര്‍മാര്‍, ഓള്‍റൗണ്ടര്‍മാര്‍, ഇന്ത്യന്‍ മധ്യനിര ബാറ്റ്സ്‌മാന്മാര്‍ എന്നിവര്‍ക്കായി വാശിയേറിയ ലേലം നടന്നേക്കും. ക്രിസ് ലിന്‍, പാറ്റ് കമ്മിന്‍സ്, ഗ്ലെന്‍ മാക്സ്‍‍വെല്‍, ഷിമ്രോന്‍ ഹെറ്റ്‍‍മയര്‍ എന്നിവരിലൊരാള്‍ക്ക് ഉയര്‍ന്ന വില ലഭിക്കുമെന്നാണ് വിലയിരുത്തൽ. 

റോബിന്‍ ഉത്തപ്പ, ജലജ് സക്‌സേന, സച്ചിന്‍ ബേബി, വിഷ്‌ണു വിനോദ്, മിധുന്‍ എസ് എന്നീ അഞ്ച് കേരള താരങ്ങളും ലേലപ്പട്ടികയിൽ ഉണ്ട്. സഞ്ജു സാംസൺ അടക്കം ഏഴ് മലയാളി താരങ്ങളെ വിവിധ ടീമുകള്‍ നേരത്തേ നിലനിര്‍ത്തിയിരുന്നു. 

click me!