ധോണി 2022ലും ഐപിഎല്‍ കളിച്ചേക്കും; ആരാധകരെ ത്രസിപ്പിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സിഇഒയുടെ വാക്കുകള്‍

By Web TeamFirst Published Aug 11, 2020, 10:40 PM IST
Highlights

ഒരു വര്‍ഷത്തിലേറെയായി എം എസ് ധോണി അന്താരാഷ്‌ട്ര മത്സരങ്ങള്‍ കളിക്കാത്തത് താരത്തിന്‍റെ വിരമിക്കല്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമാക്കിയിരുന്നു

ചെന്നൈ: 'തല' എം എസ് ധോണി ഐപിഎല്‍ 2022 സീസണില്‍ വരെ കളിച്ചേക്കാമെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സിഇഒ കാശി വിശ്വനാഥന്‍. മുപ്പത്തിയൊമ്പതുകാരനായ ധോണിയുടെ ഐപിഎല്‍ തയ്യാറെടുപ്പുകളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കാണ് ആത്മവിശ്വാസത്തോടെ സിഇഒയുടെ മറുപടി. 

'ധോണി 2021 ഐപിഎല്ലിലും കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിലപ്പോള്‍ 2022ലും അദേഹം കളിക്കാന്‍ സാധ്യതയുണ്ട്. ഝാർഖണ്ഡില്‍ ധോണി ഇന്‍ഡോറില്‍ പരിശീലനം നടത്തുന്നതായി മാധ്യമങ്ങളിലൂടെ അറിഞ്ഞു. എന്തായാലും ധോണിയെ കുറിച്ച് ടീമിന് ആശങ്കയില്ല. അങ്ങനെയൊരു ആശങ്ക ഒരിക്കലുമില്ല. തന്‍റെ ചുമതലകളെക്കുറിച്ച് ധോണിക്ക് നന്നായി അറിയാം. സ്വന്തം കാര്യവും ടീമിനെയും ധോണി നോക്കിക്കോളും' എന്നും അദേഹം പറഞ്ഞു. 

ഒരു വര്‍ഷത്തിലേറെയായി എം എസ് ധോണി അന്താരാഷ്‌ട്ര മത്സരങ്ങള്‍ കളിക്കാത്തത് താരത്തിന്‍റെ വിരമിക്കല്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമാക്കിയിരുന്നു. ധോണി ടീം ഇന്ത്യക്കായി അവസാന മത്സരം കളിച്ചുകഴിഞ്ഞെന്ന് കരുതുന്നതായി മുന്‍ പേസര്‍ ആശിഷ് നെഹ്‌റ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഐപിഎല്ലില്‍ കളിച്ച് ധോണി ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തും എന്ന് വിശ്വസിക്കുന്നവരുമുണ്ട്. ധോണിയുടെ ഭാവിയെ കുറിച്ച് പലതരത്തിലുള്ള നിരീക്ഷണങ്ങള്‍ നിലനില്‍ക്കേയാണ് സിഎസ്‌കെ അധികൃതരുടെ പ്രതികരണം. 

ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെ ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം ധോണി ഓഗസ്റ്റ് 14ന് പരിശീലന ക്യാമ്പിനായി ചെന്നൈയിലെത്തും. പതിനഞ്ചിനാണ് ചെപ്പോക്കില്‍ പരിശീലനം ആരംഭിക്കുന്നത്. ധോണിക്കൊപ്പം സുരേഷ് റെയ്‌ന, അമ്പാട്ടി റായുഡു, പീയുഷ് ചൗള, ഹര്‍ഭജന്‍ സിംഗ് എന്നിവരും ക്യാമ്പിലുണ്ടാകും. ആദ്യഘട്ട പരിശീലനത്തിന് ശേഷം ഓഗസ്റ്റ് 21ന് ധോണിയടക്കമുള്ള താരങ്ങള്‍ ദുബായിലേക്ക് യാത്ര തിരിക്കും. നാലാം കിരീടം ലക്ഷ്യമിട്ടാണ് ധോണിപ്പട ഇറങ്ങുന്നത്. 

മാസ്‌കില്ലാതെ യാത്ര; തടഞ്ഞപ്പോള്‍ പൊലീസിനോട് തട്ടിക്കയറി രവീന്ദ്ര ജഡേജയുടെ ഭാര്യ

എല്ലാം ധോണിയുടെ പ്ലാന്‍; ഐപിഎല്‍ കിരീടം ഇക്കുറി ഉയര്‍ത്താന്‍ ചെന്നൈ ചെയ്യുന്നത്

click me!