മുസ്തഫിസുറിന് ഐപിഎല്‍ കളിക്കാന്‍ അനുമതി നിഷേധിച്ച് ബംഗ്ലാദേശ്

By Web TeamFirst Published Sep 5, 2020, 5:21 PM IST
Highlights

ഐപിഎല്ലിനിടക്ക് ഒക്ടോബര്‍ 24 മുതല്‍ ബംഗ്ലാദേശ് ശ്രീലങ്കക്കെതിരെ മൂന്ന് ടെസ്റ്റകളടങ്ങിയ പരമ്പര കളിക്കുന്നുണ്ടെന്നും ഈ സാഹചര്യത്തിലാണ് എന്‍ഒസി നല്‍കാതിരുന്നത് എന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.

ധാക്ക: ബംഗ്ലാദേശിന്റെ ഇടംകൈയന്‍ പേസര്‍ മുസ്തഫിസുര്‍ റഹ്മാന് ഐപിഎല്ലില്‍ കളിക്കാന്‍ അനുമതി നിഷേധിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ഒന്നില്‍ കൂടുതല്‍ ഐപിഎല്‍ ടീമുകള്‍ മുസ്തഫിസുറിനെ സമീപിച്ചിരുന്നെങ്കിലും ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി എന്‍ഒസി നല്‍കാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് തയാറായില്ല.

മുംബൈ ഇന്ത്യന്‍സും, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമാണ് മുസ്തഫിസുറിനെ സമീപിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ലസിത് മലിംഗക്ക് പരിക്കേറ്റതിനാല്‍ ഈ സീസണില്‍ കളിക്കാത്തത് മുംബൈ ഇന്ത്യന്‍സിന് കളി തുടങ്ങും മുമ്പെ കനത്ത തിരിച്ചടിയായിരുന്നു. മലിംഗക്ക് പകരം ഓസ്ട്രേലിയയുടെ ജെയിംസ് പാറ്റിന്‍സണെയാണ് മുംബൈ ഒടുവില്‍ പകരക്കാരനായി ടീമിലെടുത്തത്.

പരിക്കേറ്റ പേസര്‍ ഹാരി ഗുര്‍ണി ഐപിഎല്ലില്‍ നിന്ന് പിന്‍മാറിയെങ്കിലും പകരക്കാരനെ കണ്ടെത്താന്‍ കൊല്‍ക്കത്തക്കും ഇതുവരെയായിട്ടില്ല. ഈ സാഹചര്യത്തിലാണ് ലേലത്തില്‍ ഒരു ടീമും വാങ്ങാതിരുന്ന മുസ്തഫിസുറിനെ സമീപിക്കാന്‍ ഇരു ടീമുകളും തയാറായത്. ഐപിഎല്ലിനിടക്ക് ഒക്ടോബര്‍ 24 മുതല്‍ ബംഗ്ലാദേശ് ശ്രീലങ്കക്കെതിരെ മൂന്ന് ടെസ്റ്റകളടങ്ങിയ പരമ്പര കളിക്കുന്നുണ്ടെന്നും ഈ സാഹചര്യത്തിലാണ് എന്‍ഒസി നല്‍കാതിരുന്നത് എന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.

എന്നാല്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിനുശേഷം ബംഗ്ലാദേശിനായി മുസ്തഫിസുര്‍ ടെസ്റ്റില്‍ പന്തെറിഞ്ഞിട്ടില്ല. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പില്‍ 20 വിക്കറ്റ് വീഴ്ത്തി തിളങ്ങിയെങ്കിലും  ഇതിനുശേഷം ഏകദിനലും ടി20യിലും മാത്രമാണ് മുസ്തഫിസുര്‍ ബംഗ്ലാദേശിനായി കളിച്ചത്. കഴിഞ്ഞ ഐപിഎല്‍ സീസണിലും മുസ്തഫിസുറിനെ ആരും ടീമിലെടുത്തിരുന്നില്ല. 2018ല്‍ മുംബൈ ഇന്ത്യന്‍സിനായാണ് മുസ്തഫിസുര്‍ അവസാനം ഐപിഎല്ലില്‍ പന്തെറിഞ്ഞത്. ഏഴ് മത്സരങ്ങളില്‍ ഏഴ് വിക്കറ്റ് മാത്രമായിരുന്നു ആ ഐപിഎല്‍ സീസണില്‍ മുസ്തഫിസുറിന്റെ നേട്ടം.

click me!