മാപ്പ് പറഞ്ഞിട്ടും രക്ഷയില്ല; ഐപിഎല്‍ കമന്ററി പറയാന്‍ മ‍ഞ്ജരേക്കറില്ല

By Web TeamFirst Published Sep 4, 2020, 9:04 PM IST
Highlights

കമന്ററി പാനലില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് മ‍ഞ്ജരേക്കര്‍ നേരത്തെ നല്‍കിയ അപേക്ഷ ബിസിസിഐ തള്ളിയെന്ന് ഇതോടെ വ്യക്തമായി. ബിസിസിഐ ഭരണസമിതിക്കും അധ്യക്ഷന്‍ സൗരവ് ഗാംഗുലിക്കും  അയച്ച ഇ മെയില്‍ സന്ദേശത്തിലായിരുന്നു തന്നെ തിരിച്ചെടുക്കണമെന്ന് മഞ്ജരേക്കര്‍ അപേക്ഷിച്ചത്

മുംബൈ: ഐപിഎല്ലിനുള്ള ബിസിസിഐയുടെ കമന്ററി പാനലില്‍ സഞ്ജയ് മഞ്ജരേക്കറില്ല.  മുന്‍ ഇന്ത്യന്‍ താരങ്ങള്‍ ഉള്‍പ്പെടെ ഏഴ് ഇന്ത്യക്കാരാണ് ഐപിഎല്ലിനുള്ള ബിസിസിഐയുടെ കമന്ററി പാനലിലുള്ളതെന്ന് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. സുനില്‍ ഗവാസ്കര്‍, ഹര്‍ഷ ഭോഗ്‌ലെ, ദീപ് ദാസ് ഗുപ്ത, രോഹന്‍ ഗവാസ്കര്‍, മുരളി കാര്‍ത്തിക്, ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍ എന്നിവരാണ് ഇത്തവണ ഐപിഎല്ലിനുള്ള ബിസിസിഐയുടെ കമന്ററി പാനലില്‍ ഇടം നേടിയത്.  ലോകകപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ നടത്തിയ മോശം പരാമര്‍ശങ്ങളുടെ പേരില്‍ ഫെബ്രുവരിയിലാണ് കമന്‍റേറ്റര്‍ പട്ടികയില്‍ നിന്ന് സഞ്ജയ് മഞ്ജരേക്കറെ ബിസിസിഐ ഒഴിവാക്കിയത്.

കമന്ററി പാനലില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് മ‍ഞ്ജരേക്കര്‍ നേരത്തെ നല്‍കിയ അപേക്ഷ ബിസിസിഐ തള്ളിയെന്ന് ഇതോടെ വ്യക്തമായി. ബിസിസിഐ ഭരണസമിതിക്കും അധ്യക്ഷന്‍ സൗരവ് ഗാംഗുലിക്കും  അയച്ച ഇ മെയില്‍ സന്ദേശത്തിലായിരുന്നു തന്നെ തിരിച്ചെടുക്കണമെന്ന് മഞ്ജരേക്കര്‍ അപേക്ഷിച്ചത്. തന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ നിരുപാധികം മാപ്പു പറയാന്‍ തയാറാണെന്നും കമന്ററി പാനലില്‍ നിന്ന് പുറത്താക്കിയത് തന്റെ ആത്മവിശ്വാസത്തെപ്പോലും ബാധിച്ചുവെന്നും വ്യക്തിപരമായി വലിയ തിരിച്ചടിയാണെന്നും മഞ്ജരേക്കര്‍ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നിട്ടും ബിസിസിഐ വഴങ്ങിയില്ല.

ബിസിസിഐ നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ എല്ലാം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തയാറാണെന്നും മഞ്ജരേക്കര്‍ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. കമന്ററി പാനലില്‍ നിന്ന് പുറത്താക്കിയതിന് ശേഷം രണ്ട് തവണയാണ് കമന്ററി പാനലില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ജരേക്കര്‍ ബിസിസിഐക്ക് ഇ മെയില്‍ അയച്ചത്.

തനിക്ക് ആരോടും വ്യക്തിവിദ്വേഷമില്ലെന്നും തന്റെ കമന്ററി കരിയര്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാവുമെന്നും മഞ്ജരേക്കര്‍ ആദ്യ ഇ മെയിലില്‍ വ്യക്തമാക്കിയിരുന്നു. തന്റെ പരാമര്‍ശങ്ങള്‍ ഏതെങ്കിലും വ്യക്തികളെ വിഷമിപ്പിച്ചുവെങ്കില്‍ അവരോട് നേരിട്ട് മാപ്പു പറയാന്‍ തയാറാണെന്നും മഞ്ജരേക്കര്‍ പറഞ്ഞിരുന്നു. ലോകകപ്പില്‍ രവീന്ദ്ര ജഡേജക്കെതിരെ നടത്തിയ തട്ടിക്കൂട്ട് കളിക്കാരനെന്ന പരാമര്‍ശം സാഹചര്യത്തില്‍ നിന്ന് അടര്‍ത്തി മാറ്റി വിവാദമാക്കുകയായിരുന്നുവെന്നും കളിക്കാരനെ ആരോ തെറ്റിദ്ധരിപ്പിച്ചതില്‍ നിന്ന് വിഷയം കൈവിട്ട് പോവുകയായിരുന്നുവെന്നും മഞ്ജരേക്കര്‍ ഇ മെയിലില്‍ വ്യക്തമാക്കിയിരുന്നു പിന്നീട് ഈ കളിക്കാരനുമായി രമ്യതയിലെത്തിയെന്നും മ‍ഞ്ജരേക്കര്‍ പറയുന്നു.

ജഡേജ തട്ടിക്കൂട്ട് താരമെന്നും വിമര്‍ശനം

ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിനിടെ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ കുറിച്ച് സഞ്ജയ് മ‍ഞ്ജരേക്കര്‍ നടത്തിയ പ്രയോഗമാണ് വിവാദമായത്. രവീന്ദ്ര ജഡേജയെ 'തട്ടിക്കൂട്ട് കളിക്കാരന്‍' എന്നാണ് മഞ്ജരേക്കര്‍ വിളിച്ചത്. എന്നാല്‍, ജഡേജ ഒരു പൂര്‍ണ ക്രിക്കറ്ററെന്ന് ന്യൂസിലന്‍ഡിനെതിരായ മത്സരത്തിന് ശേഷം മഞ്ജരേക്കര്‍ തിരുത്തി. ഇരു സംഭവങ്ങളിലും രൂക്ഷ വിമര്‍ശനം നേരിട്ടശേഷമായിരുന്നു മഞ്ജരേക്കറുടെ മാപ്പുപറച്ചില്‍.

ഭോഗ്‌ലെയ്ക്കെതിരെയും വാവിട്ട പ്രയോഗം

ഇന്ത്യാ-ബംഗ്ലാദേശ് ഡേ നൈറ്റ് ടെസ്റ്റിനിടെ സഹ കമന്റേറ്ററായ ഹര്‍ഷ ഭോഗ്‌ലെയെ കളിയാക്കിയ മഞ്ജരേക്കറുടെ നടപടിക്കെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഡേ നൈറ്റ് ടെസ്റ്റില്‍ ഉപയോഗിക്കുന്ന പിങ്ക് പന്ത് കാണാനാവുമോ എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടായപ്പോഴാണ് രാജ്യാന്തരതലത്തിലോ ആഭ്യന്തര തലത്തിലോ കളിച്ചിട്ടുള്ളവര്‍ക്ക് അറിയാം ഇക്കാര്യം എന്ന് പറഞ്ഞായിരുന്നു മഞ്ജരേക്കര്‍ ഭോഗ്‌ലെയെ ട്രോളിയത്. ഭോഗ്‌ലെ സജീവ ക്രിക്കറ്ററായിരുന്നില്ലെന്നത് മനസിലാക്കിയായിരുന്നു മഞ്ജരേക്കറുടെ കുത്ത്.​

click me!