ഗാംഗുലിയെ അനുസ്മരിപ്പിച്ച് ഷാര്‍ജയില്‍ ഋഷഭ് പന്തിന്റെ പടുകൂറ്റന്‍ സിക്സറുകള്‍; കൈയടിച്ച് ആരാധകര്‍

Published : Sep 08, 2020, 05:35 PM IST
ഗാംഗുലിയെ അനുസ്മരിപ്പിച്ച് ഷാര്‍ജയില്‍ ഋഷഭ് പന്തിന്റെ പടുകൂറ്റന്‍ സിക്സറുകള്‍; കൈയടിച്ച് ആരാധകര്‍

Synopsis

22 വര്‍ഷത്തിനുശേഷം വീണ്ടുമൊരു ഇന്ത്യന്‍ താരം തന്റെ സിക്സറുകള്‍ കൊണ്ട് ഷാര്‍ജയെ പ്രകമ്പനം കൊള്ളിക്കുമ്പോള്‍ ആരാധകര്‍ കൈയടിയോടെയാണ് അതിനെ വരവേല്‍ക്കുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സ് താരം ഋഷഭ് പന്താണ് ഷാര്‍ജ സ്റ്റേഡിയത്തില്‍ നടന്ന ഡല്‍ഹി ടീമിന്റെ പരിശീലന സെഷനില്‍ സ്പിന്നര്‍മാര്‍ക്കെതിരെ ഗാംഗുലിയെ അനുസ്മരിപ്പിച്ച് പടുകൂറ്റന്‍ സിക്സറുകള്‍ പായിച്ചത്.

ഷാര്‍ജ: ഓസ്ട്രേലിയക്കെതിരെ ഷാര്‍ജയില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നേടിയ ഡെസേര്‍ട്ട് സ്റ്റോം സെഞ്ചുറി പോലെ തന്നെ ഇന്ത്യന്‍ ആരാധകരുടെ മനസിലെ മങ്ങാത്ത ചിത്രമാണ് ഷാര്‍ജയില്‍ സിംബാബ്‌വെക്കെതിരെ സൗരവ് ഗാംഗുലി നേടിയ പടുകൂറ്റന്‍ സിക്സറുകള്‍. 1998ലെ കൊക്കോ കോള കപ്പില്‍ സിംബാബ്‌വെ സ്പിന്നര്‍ ഗ്രാന്റ് ഫ്ലവറിന്റെ ഓഫ് സ്പിന്നെ തുടര്‍ച്ചയായി മൂന്നുവട്ടം സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയിലേക്ക് പറത്തിയ ഗാംഗുലിയുടെ ഇന്നിംഗ്സ് ഇന്നും ഇന്ത്യന്‍ ആരാധകരെ കോരിത്തരിപ്പിക്കുന്നതാണ്.

22 വര്‍ഷത്തിനുശേഷം വീണ്ടുമൊരു ഇന്ത്യന്‍ താരം തന്റെ സിക്സറുകള്‍ കൊണ്ട് ഷാര്‍ജയെ പ്രകമ്പനം കൊള്ളിക്കുമ്പോള്‍ ആരാധകര്‍ കൈയടിയോടെയാണ് അതിനെ വരവേല്‍ക്കുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സ് താരം ഋഷഭ് പന്താണ് ഷാര്‍ജ സ്റ്റേഡിയത്തില്‍ നടന്ന ഡല്‍ഹി ടീമിന്റെ പരിശീലന സെഷനില്‍ സ്പിന്നര്‍മാര്‍ക്കെതിരെ ഗാംഗുലിയെ അനുസ്മരിപ്പിച്ച് പടുകൂറ്റന്‍ സിക്സറുകള്‍ പായിച്ചത്. ആദ്യം അമിത് മിശ്രയുടെ ഫുള്‍ട്ടോസിനെ ലോംഗ് ഓണിന് മുകളിലൂടെ പറത്തിയ ഋഷഭ് പന്ത് നെറ്റ് ബൗളര്‍ എറിഞ്ഞ അടുത്ത പന്ത് ഡീപ് ഫൈന്‍ ലെഗ്ഗിന് മുകളിലൂടെ സിക്സറിന് പറത്തി. മറ്റൊരു ബൗളര്‍ എറിഞ്ഞ മൂന്നാം പന്താകട്ടെ ലോംഗ് ഓഫിന് മുകളിലൂടെ സിക്സറിന് പറത്തി തുടര്‍ച്ചയായ മൂന്ന് സിക്സറുകള്‍ സ്വന്തമാക്കി.

ഡല്‍ഹി ക്യാപിറ്റല്‍സ് പങ്കുവെച്ച ഈ വീഡിയോക്ക് താഴെ ഗാംഗുലിയുടെ സിക്സര്‍ വീഡിയോയുമായി ഉടന്‍ ആരാധകര്‍ എത്തുകയും ചെയ്തു. കഴിഞ്ഞ രണ്ട് ഐപിഎല്‍ സീസണുകളിലും ഡല്‍ഹി ക്യാപിറ്റല്‍സിനായി മികച്ച പ്രകടനമാണ് ഋഷഭ് പന്ത് പുറത്തെടുത്തത്. 2018ല്‍ ഡല്‍ഹിക്കായി 684 റണ്‍സടിച്ച പന്ത് കഴിഞ്ഞ സീസണില്‍ 488 റണ്‍സോടെ അവരെ പ്ലേ ഓഫിലെത്തിച്ചിരുന്നു. ഐപിഎല്ലിലെ ഫോം ഇന്ത്യന്‍ ടീമില്‍ ആവര്‍ത്തിക്കാന്‍ കഴിയാതിരുന്ന ഋഷഭ് പന്തിന് ഇത്തവണ ഐപിഎല്ലിലെ പ്രകടം ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങിവരവില്‍ നിര്‍ണായകമാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മൂടൽ മഞ്ഞ് ചതിച്ചു, സഞ്ജുവിനെ നിർഭാഗ്യം പിന്തുടരുന്നു, ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചു
ശുഭ്മാന്‍ ഗില്ലിന് പരിക്ക്, അവസാന രണ്ട് ടി20 മത്സരങ്ങള്‍ നഷ്ടമാകും; സഞ്ജു സാംസണ്‍ ഓപ്പണറായേക്കും