ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിൽ നിന്ന് പിന്മാറുമെന്ന് പാകിസ്ഥാൻ അറിയിച്ചെങ്കിലും, ഐസിസി പ്രോട്ടോക്കോൾ പാലിച്ച് മത്സരം ഉപേക്ഷിക്കുന്നത് വരെ സ്റ്റേഡിയത്തിൽ തുടരുമെന്ന ഉറച്ച നിലപാടിലാണ് ബിസിസിഐ.  

ദില്ലി: ടി20 ലോകകപ്പിലെ ഏറ്റവും ആവേശകരമായ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തെച്ചൊല്ലി ക്രിക്കറ്റ് ലോകത്ത് അനിശ്ചിതത്വം മുറുകുന്നു. ഫെബ്രുവരി 15-ന് കൊളംബോയിൽ നിശ്ചയിച്ചിട്ടുള്ള പോരാട്ടത്തിൽ നിന്ന് പിന്മാറുമെന്ന് പാകിസ്ഥാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചെങ്കിലും, പിന്മാറില്ലെന്ന ഉറച്ച നിലപാടിലാണ് ഇന്ത്യ. ഐസിസി പ്രോട്ടോക്കോൾ പാലിച്ച് ഇന്ത്യൻ ടീം കൊളംബോയിലേക്ക് തിരിക്കുമെന്നും മാച്ച് റഫറി മത്സരം ഉപേക്ഷിക്കുന്നത് വരെ സ്റ്റേഡിയത്തിൽ തുടരുമെന്നും ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു.

പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പിസിബി അധ്യക്ഷൻ മൊഹ്സിൻ നഖ്‌വിയും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇന്ത്യക്കെതിരായ മത്സരം മാത്രം ബഹിഷ്കരിക്കാൻ തീരുമാനിച്ചത്. ബംഗ്ലാദേശിനെ ഒഴിവാക്കി സ്കോട്ട്‌ലൻഡിനെ ലോകകപ്പിൽ ഉൾപ്പെടുത്തിയ ഐസിസി നടപടിയിൽ പ്രതിഷേധിച്ചാണ് പാക് നീക്കം. ടൂർണമെന്റ് പൂർണ്ണമായും ബഹിഷ്കരിക്കില്ലെന്നും ഫെബ്രുവരി 7-ന് നെതർലൻഡ്‌സിനെതിരെ പാകിസ്ഥാൻ ആദ്യ മത്സരം കളിക്കുമെന്നും അവർ വ്യക്തമാക്കി. ഏഷ്യ കപ്പിലെ സംഘർഷങ്ങളും പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ നയതന്ത്ര വിള്ളലുകളും പാക് തീരുമാനത്തെ സ്വാധീനിച്ചതായി വിലയിരുത്തപ്പെടുന്നു.

പതറാതെ ബിസിസിഐ

പാകിസ്ഥാന്റെ പിന്മാറ്റം തങ്ങളെ ബാധിക്കില്ലെന്ന നിലപാടിലാണ് ബിസിസിഐ. ഇന്ത്യൻ ടീം കൃത്യസമയത്ത് കൊളംബോയിലെത്തി പരിശീലനം നടത്തും. മത്സരത്തലേന്നുള്ള പതിവ് വാർത്താസമ്മേളനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ പങ്കെടുക്കും. ഫെബ്രുവരി 15-ന് ടീം സ്റ്റേഡിയത്തിലെത്തും. പാകിസ്ഥാൻ എത്തിയില്ലെങ്കിൽ മാച്ച് റഫറിയുടെ ഔദ്യോഗിക പ്രഖ്യാപനം വരുന്നത് വരെ ഇന്ത്യ ഗ്രൗണ്ടിൽ തുടരും. ഇതോടെ ഇന്ത്യക്ക് കളിക്കാതെ തന്നെ രണ്ട് പോയിന്റുകൾ ലഭിക്കും.

ഐസിസിയുടെ മുന്നറിയിപ്പ്

പാകിസ്ഥാന്റെ നിലപാടിനെതിരെ ഐസിസി അതൃപ്തി രേഖപ്പെടുത്തി. രാഷ്ട്രീയ കാരണങ്ങളാൽ ലോകകപ്പ് മത്സരം ബഹിഷ്കരിക്കുന്നത് ലോക ക്രിക്കറ്റിന്റെ താത്പര്യത്തിന് വിരുദ്ധമാണെന്ന് ഐസിസി ഓർമ്മിപ്പിച്ചു. എല്ലാവർക്കും സ്വീകാര്യമായ പരിഹാരത്തിന് പിസിബി ശ്രമിക്കണം. ദൂരവ്യാപകഫലങ്ങൾ പിസിബി കണക്കിലെടുക്കുമെന്ന് പ്രതീക്ഷയെന്നുമാണ് ഐസിസി പ്രതികരണം.