ഐപിഎല്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത; ഓസീസ് സൂപ്പര്‍താരങ്ങള്‍ കളിക്കാനെത്തും

By Web TeamFirst Published Aug 15, 2021, 3:31 PM IST
Highlights

രാജ്യത്തെ കൊവിഡ് വ്യാപനം കാരണം മെയ് മാസത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ നിര്‍ത്തിവച്ചിരുന്നു

സിഡ്‌നി: യുഎഇയില്‍ അടുത്ത മാസം പുനരാരംഭിക്കുന്ന ഐപിഎല്ലില്‍ ഓസ്‌ട്രേലിയന്‍ താരങ്ങളുടെ പങ്കാളിത്തം ഉറപ്പായി. ഐപിഎല്ലിന്‍റെ ഭാഗമാകാന്‍ താരങ്ങള്‍ക്ക് ക്രിക്കറ്റ് ഓസ്‌ട്രേലിയ അനുമതി നല്‍കി. ഇതോടെ ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്‌മിത്ത്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍ക്കസ് സ്റ്റോയിനിസ് തുടങ്ങിയ മുന്‍നിര താരങ്ങള്‍ ഐപിഎല്ലിനെത്തിയേക്കും. 

രാജ്യത്തെ കൊവിഡ് വ്യാപനം കാരണം മെയ് മാസത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. ഇതോടെ താരങ്ങളും പരിശീലകരും കമന്‍റേറ്റര്‍മാരുമടക്കം 40ഓളം പേരുള്ള ഓസ്‌ട്രേലിയന്‍ സംഘത്തെ ചാര്‍ട്ടേഡ് വിമാനത്തില്‍ മാലിദ്വീപ് വഴി ബിസിസിഐ നാട്ടിലേക്ക് സുരക്ഷിതമായി തിരിച്ചയച്ചിരുന്നു. 

ഈ സീസണിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ സെപ്റ്റംബര്‍ 19ന് യുഎഇയില്‍ പുനരാരംഭിക്കും. മുംബൈ ഇന്ത്യന്‍സ്- ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരത്തോടെയാണ് രണ്ടാംഘട്ടത്തിന് തുടക്കമാവുന്നത്. 31 മത്സരങ്ങളാണ് ടൂര്‍ണമെന്റില്‍ അവശേഷിക്കുന്നത്. ഒക്‌ടോബര്‍ 15നാണ് ഫൈനല്‍. ടി20 ലോകകപ്പ് തുടങ്ങുന്നതിന് രണ്ട് ദിവസം മാത്രം മുമ്പാണ് ഐപിഎല്‍ മത്സരങ്ങള്‍ അവസാനിക്കുക. 

എട്ട് മത്സരങ്ങളില്‍ 12 പോയിന്‍റുമായി ഡല്‍ഹി കാപിറ്റല്‍സാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. 10 പോയിന്റ് വീതമുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. എട്ട് പോയിന്റുള്ള മുംബൈ ഇന്ത്യന്‍സാണ് നാലാം സ്ഥാനത്ത്. ആറ് പോയിന്റ് വീതമുള്ള രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിംഗ്‌സുമാണ് അഞ്ചും ആറും സ്ഥാനങ്ങളില്‍. നാല് പോയിന്റുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഏഴാമതും രണ്ട് പോയിന്റുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എട്ടാമതുമാണ്. 

ഐപിഎല്ലിന്‍റെ ആദ്യഘട്ടത്തില്‍ പങ്കെടുത്ത ഡേവിഡ് വാര്‍ണര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, സ്റ്റീവ് സ്‌മിത്ത്, മാര്‍ക്കസ് സ്റ്റോയിനിസ്, ജേ റിച്ചാര്‍ഡ്‌സണ്‍, കെയ്‌ന്‍ റിച്ചാര്‍ഡ്‌സണ്‍, ഡാനിയേല്‍ സാംസ് എന്നിവര്‍ മത്സരങ്ങള്‍ പുനരാരംഭിക്കുമ്പോള്‍ യുഎഇയില്‍ തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റ് ഓസീസ് താരങ്ങളുടെ കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.   

കുംബ്ലെ മുതല്‍ സച്ചിന്‍ വരെ; സ്വാതന്ത്ര്യദിന ആശംസകളുമായി രാജ്യത്തിന്‍റെ അഭിമാന താരങ്ങള്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!