ജഡേജയല്ല ഏറ്റവും മികച്ച ടെസ്റ്റ് ഓള്‍റൗണ്ടര്‍; പേരുകളുമായി വിവിഎസ് ലക്ഷ്‌മണ്‍

By Web TeamFirst Published Aug 15, 2021, 12:57 PM IST
Highlights

ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ജഡേജയെ ലക്ഷ്‌മണ്‍ കാണുന്നത്

ലണ്ടന്‍: ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിലെ ഗെയിം ചേഞ്ചര്‍മാരില്‍ ഒരാളാണ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. എന്നാല്‍ സമകാലിക താരങ്ങളിലെ ഏറ്റവും മികച്ച ടെസ്റ്റ് ഓള്‍റൗണ്ടറല്ല ജഡേജ എന്ന് നിരീക്ഷിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം വിവിഎസ് ലക്ഷ്‌മണ്‍. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ജഡേജയെ ലക്ഷ്‌മണ്‍ കാണുന്നത്. പ്ലേയിംഗ് ഇലവനില്‍ നേരിട്ട് ഇടം ലഭിക്കുന്ന താരമല്ല എന്നതാണ് ജഡേജയെ ഒന്നാം സ്ഥാനത്ത് വിവിഎസ് പരിഗണിക്കാതിരിക്കാന്‍ കാരണം.   

'എന്നെ സംബന്ധിച്ച് ഇംഗ്ലണ്ടിന്‍റെ ബെന്‍ സ്റ്റോക്‌സാണ് നിലവിലെ ഏറ്റവും മികച്ച ടെസ്റ്റ് ഓള്‍റൗണ്ടര്‍. രണ്ടാം സ്ഥാനത്ത് വിന്‍ഡീസിന്‍റെ ജേസന്‍ ഹോള്‍ഡറും ഇരുവര്‍ക്കും ശേഷം ഇന്ത്യയുടെ രവീന്ദ്ര ജഡേജയുമാണ്. ജഡേജയുടെ സമീപനത്തിലും സ്ഥിരതയിലും ഏറെ മാറ്റങ്ങള്‍ വന്നതായി ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ബാറ്റ് ചെയ്ത രീതി തെളിയിക്കുന്നുണ്ട്. മികച്ച പേസ് ബൗളര്‍മാര്‍ക്കെതിരെ പ്രതികൂല സാഹചര്യങ്ങളില്‍ ജഡേജ കൂടുതല്‍ സ്ഥിരത കാട്ടുന്നു. ബാറ്റ്സ്‌മാനോ ബൗളറോ ആയി പ്ലേയിംഗ് ഇലവനിലേക്ക് നേരിട്ട് ഇടം ലഭിക്കുന്ന താരത്തെയാണ് ലോകോത്തര ഓള്‍റൗണ്ടറായി ഞാന്‍ കാണുന്നത്. ജഡേജ എന്നാല്‍ അങ്ങനെയല്ല.

സ്‌പെഷ്യലിസ്റ്റ് ബാറ്റ്സ്‌മാനായി പോലും ഇംഗ്ലണ്ട് ടീമിലേക്ക് വരാന്‍ കഴിയുന്ന താരമാണ് ബെന്‍ സ്റ്റോക്‌സ്. അതേസമയം ജേസന്‍ ഹോള്‍ഡറാവട്ടെ ബാറ്റിംഗില്‍ സംഭാവനകള്‍ നല്‍കിയില്ലെങ്കിലും സ്‌പെഷ്യലിസ്റ്റ് ബൗളറായി ടീമിലെത്തും. ബാറ്റും ബോളും ഫീല്‍ഡിംഗും കൊണ്ടുള്ള ജഡേജയുടെ സംഭാവനകള്‍ വിസ്‌മരിക്കാനാവില്ല. എന്നാല്‍ ബെന്‍ സ്റ്റോക്‌സാണ് ലോകത്തെ മികച്ച ഓള്‍റൗണ്ടര്‍' എന്നും വിവിഎസ് ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോയിലെ ഷോയില്‍ പറഞ്ഞു.

സ്‌പിന്‍ ബൗളിംഗിനും ബാറ്റിംഗിനും പുറമെ മികച്ച ഫീല്‍ഡിംഗ് കൊണ്ടും ശ്രദ്ധേയമാണ് രവീന്ദ്ര ജഡേജ. നോട്ടിംഗ്‌ഹാമില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ആദ്യ ടെസ്റ്റില്‍ 86 പന്തില്‍ 56 റണ്‍സുമായി ജഡേജ തിളങ്ങിയിരുന്നു. ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റില്‍ നിര്‍ണായക 40 റണ്‍സും നേടി. രണ്ട് മത്സരങ്ങളിലും സീനിയര്‍ സ്‌പിന്നര്‍ രവിചന്ദ്ര അശ്വിനെ മറികടന്നാണ് ജഡേജ ഏക സ്‌പിന്നറായി പ്ലേയിംഗ് ഇലവനിലെത്തിയത്. എന്നാല്‍ ഐസിസി റാങ്കിംഗില്‍ ഓള്‍റൗണ്ടര്‍മാരില്‍ ജേസന്‍ ഹോള്‍ഡര്‍ ഒന്നാമതും രവീന്ദ്ര ജഡേജ രണ്ടാമതും ബെന്‍ സ്റ്റോക്‌സ് മൂന്നാം സ്ഥാനത്തുമാണ്. 

ഇംഗ്ലണ്ട് പര്യടനം: പാതിവഴിയില്‍ ഇന്ത്യന്‍ ടീമിന് സന്തോഷ വാര്‍ത്ത

ലോര്‍ഡ്‌സ് ടെസ്റ്റ് ഇന്ത്യക്ക് അനുകൂലമാക്കേണ്ടത് ആ താരം; വലിയ പ്രതീക്ഷയെന്ന് ആകാശ് ചോപ്ര

ആരാവണം പൂജാരയുടെ പകരക്കാരന്‍; പേരുമായി ബട്ട്, ഒപ്പം ശ്രദ്ധേയ നിരീക്ഷണവും

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!