ഇക്കുറി ഐപിഎല്‍ ഇന്ത്യയില്‍ തന്നെ; വേദിയടക്കം ബിസിസിഐയുടെ പദ്ധതികള്‍ ഇങ്ങനെ

By Web TeamFirst Published Feb 1, 2021, 11:08 AM IST
Highlights

രാജ്യത്തെ കൊവിഡ് കേസുകള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ടൂര്‍ണമെന്റ് പൂര്‍ണമായും ഇന്ത്യയില്‍ നടത്താനാണ് ബിസിസിഐ ശ്രമിക്കുന്നത്. 

മുംബൈ: ഈ വർഷത്തെ ഐപിഎല്‍ മത്സരങ്ങൾ ഇന്ത്യയില്‍ തന്നെ നടത്താനൊരുങ്ങി ബിസിസിഐ. മത്സരങ്ങൾ ഏപ്രില്‍ 11ന് തുടങ്ങി ഫൈനൽ ജൂൺ ആറിന് അവസാനിക്കുന്ന തരത്തില്‍ നടത്താനാണ് ബിസിസിഐ നീക്കം എന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. ഇക്കാര്യത്തിൽ ഐപിഎല്‍ ഭരണ സമിതിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. 

രാജ്യത്തെ കൊവിഡ് കേസുകള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ടൂര്‍ണമെന്റ് പൂര്‍ണമായും ഇന്ത്യയില്‍ നടത്താനാണ് ബിസിസിഐ ശ്രമിക്കുന്നത്. മുംബൈ നഗരത്തിലെ വിവിധ സ്റ്റേഡിയങ്ങളാണ് മത്സരങ്ങൾക്കായി പരിഗണിക്കുന്നത്. വാംങ്കഡെ സ്റ്റേ‍ഡിയം, ബ്രാബോണ്‍ സ്‌റ്റേഡിയം, ഡി വൈ പാട്ടില്‍ സ്റ്റേഡിയം, റിലയന്‍സ് ക്രിക്കറ്റ് സ്റ്റേഡിയം, മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയം എന്നിവയ്‌ക്കൊപ്പം അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയവും പരിഗണിക്കുന്നുണ്ട്.

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ സീസണിലെ എല്ലാ മത്സരങ്ങളും യുഎഇയിലാണ് നടത്തിയത്. ബയോ-ബബിള്‍ സംവിധാനത്തില്‍ 54 ദിവസം നീണ്ട ടൂര്‍ണമെന്‍റ് വിജയകരമായി സംഘടിപ്പിക്കാന്‍ ബിസിസിഐക്കായിരുന്നു. അടുത്തിടെ സയിദ് മുഷ്‌താഖ് അലി ടി20 ടൂര്‍ണമെന്‍റ് സംഘടിപ്പിച്ചത്  ബിസിസിഐയുടെ ആത്മവിശ്വാസം കൂട്ടുന്നു. അതേസമയം 87 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി മത്സരങ്ങള്‍ ഉപേക്ഷിക്കാനും തീരുമാനിച്ചു ബിസിസിഐ. 

താരലേലം ഫെബ്രുവരി 18ന്

ഐപിഎൽ താരലേലം ഫെബ്രുവരി 18ന് ചെന്നൈയില്‍ നടക്കും. ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് അവസാനിക്കുന്നതിന്‍റെ അടുത്ത ദിവസമാണ് ലേലം നിശ്ചയിച്ചിരിക്കുന്നത്. മിനി ലേലമാണ് ഇക്കുറിയെങ്കിലും പല ടീമുകളും പ്രമുഖ താരങ്ങളെ ഒഴിവാക്കിയിട്ടുള്ളതിനാല്‍ ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയിലാണ്. സ്റ്റീവ് സ്‌മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, കെയ്‌ല്‍ ജാമീസണ്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ആരോണ്‍ ഫിഞ്ച്, ഡേവിഡ് മലാന്‍ തുടങ്ങിയ വമ്പന്‍ താരങ്ങള്‍ക്കായി വാശിയേറിയ ലേലം നടക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

താരലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക കൈവശമുള്ളത് കിംഗ്സ് ഇലവന്‍ പഞ്ചാബിനാണ്. പ്രമുഖ താരങ്ങളെയെല്ലാം ഒഴിവാക്കിയ പ‍ഞ്ചാബിന് ലേലത്തില്‍ 53.2 കോടി രൂപ ചെലവഴിക്കാനാവും. ബാംഗ്ലൂര്‍(35.7 കോടി), രാജസ്ഥാന്‍(34.85 കോടി), ചെന്നൈ(22.9 കോടി), മുംബൈ(15.35 കോടി), കൊല്‍ക്കത്ത(10.85 കോടി), ഹൈദരാബാദ്(10.75 കോടി), ഡല്‍ഹി(9 കോടി) എന്നിങ്ങനെയാണ് മറ്റ് ടീമുകള്‍ക്ക് ലേലത്തില്‍ ചെലവഴിക്കാവുന്ന തുക.

മലയാളി താരങ്ങളും പ്രതീക്ഷയില്‍

മുഷ്താഖ് അലി ട്വന്‍റി 20 ട്രോഫിയിൽ തിളങ്ങിയ മുഹമ്മദ് അസ്‌ഹറുദ്ദീനെ തേടി ഐപിഎല്‍ ടീമുകളെത്തുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ ആരാധകര്‍. കരുത്തരായ മുംബൈക്കെതിരെ 37 പന്തില്‍ സെഞ്ചുറി നേടിയ അസര്‍ 54 പന്തില്‍ പുറത്താകാതെ 137 റണ്‍സുമായി ശ്രദ്ധ നേടിയിരുന്നു. വിലക്കിന് ശേഷം ഇന്ത്യന്‍ മുന്‍ പേസര്‍ എസ് ശ്രീശാന്ത് ഐപിഎല്‍ മടങ്ങിവരവിന് തയ്യാറെടുക്കുകയാണ്. 2013ല്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുമ്പോഴാണ് ഒത്തുകളി ആരോപണത്തെ തുടര്‍ന്ന് ശ്രീശാന്തിനെ ബിസിസിഐ വിലക്കിയത്. 

click me!