മുഷ്താഖ് അലി ടി20: ബറോഡയെ വീഴ്ത്തി തമിഴ്നാടിന് കിരീടം

By Web TeamFirst Published Jan 31, 2021, 10:23 PM IST
Highlights

2006-2007ല്‍ ദിനേശ് കാര്‍ത്തിന്‍റെ കീഴില്‍ പ്രഥമ മുഷ്താഖ് അലി ടി20 ട്രോഫി കിരീടം സ്വന്തമാക്കിയ തമിഴ്നാട് 13 വര്‍ഷത്തിനുശേഷം രണ്ടാം കിരീടം സ്വന്തമാക്കുമ്പോഴും ക്യാപ്റ്റന്‍ സ്ഥാനത്ത് ദിനേശ് കാര്‍ത്തിക്കുണ്ട്.

അഹമ്മദാബാദ്: സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്‍റില്‍ ബറോഡയെ വീഴ്ത്തി തമിഴ്നാടിന് കിരീടം. ആദ്യം ബാറ്റ് ചെയ്ത ബറോഡ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സെടുത്തപ്പോള്‍ തമിഴ്നാട് 18 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. സ്കോര്‍ ബറോഡ 20 ഓവറില്‍ 120/9, തമിഴ്നാട് 18 ഓവറില്‍ 123/3.

കഴിഞ്ഞ സീസണില്‍ ഫൈനലില്‍ കര്‍ണാടകയോട് ഒരു റണ്ണിന് തോറ്റ തമിഴ്നാടിന് ഇത്തവണ കിരീടം കൈപ്പിടിയിലൊതുക്കാനായി. 2006-2007ല്‍ ദിനേശ് കാര്‍ത്തിന്‍റെ കീഴില്‍ പ്രഥമ മുഷ്താഖ് അലി ടി20 ട്രോഫി കിരീടം സ്വന്തമാക്കിയ തമിഴ്നാട് 13 വര്‍ഷത്തിനുശേഷം രണ്ടാം കിരീടം സ്വന്തമാക്കുമ്പോഴും ക്യാപ്റ്റന്‍ സ്ഥാനത്ത് ദിനേശ് കാര്‍ത്തിക്കുണ്ട്.

ഓപ്പണര്‍ എന്‍ ജഗദീശനെ(14) തുടക്കത്തിലെ നഷ്ടമായെങ്കിലും ഹരി നിഷാന്തും(35) ബാബാ അപരാജിതും(29 നോട്ടൗട്ട്), ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്കും(22), ഷാരൂഖ് ഖാനും(18) ചേര്‍ന്ന് തമിഴ്നാടിനെ അനായാസം ലക്ഷ്യത്തിലെത്തിച്ചു.

ആദ്യം ബാറ്റ് ചെയ്ത ബറോഡയുടെ ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞപ്പോള്‍ വിഷ്ണു സോളങ്കിയും(49) വാലറ്റക്കാരന്‍ അഥിതി സേത്തും(29 നോട്ടൗട്ട്), ഭാര്‍ഗവ് ഭട്ടും(12), കേദാര്‍ ദേവ്ദറും(16) മാത്രമെ രണ്ടക്കം കടന്നുള്ളു. തമിഴ്നാടിനായി നാലോവറില്‍ 20 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത എം സിദ്ധാര്‍ത്ഥ് ആണ് ബൗളിംഗില്‍ തിളങ്ങിയത്.

click me!