IPL 2021 : മുംബൈ ഇന്ത്യന്‍സ് ജേഴ്‌സിയില്‍ അരങ്ങേറ്റം ഗംഭീരമാക്കി ബേസില്‍ തമ്പി; ഒരോവറില്‍ രണ്ട് വിക്കറ്റ്

Published : Mar 27, 2022, 06:53 PM ISTUpdated : Mar 27, 2022, 06:55 PM IST
IPL 2021 : മുംബൈ ഇന്ത്യന്‍സ് ജേഴ്‌സിയില്‍ അരങ്ങേറ്റം ഗംഭീരമാക്കി ബേസില്‍ തമ്പി; ഒരോവറില്‍ രണ്ട് വിക്കറ്റ്

Synopsis

ഒരോവറില്‍ രണ്ട് വിക്കറ്റുള്‍പ്പെടെ മൂന്ന് വിക്കറ്റാണ് എറണാകുളത്തുകാരന്‍ നേടിയത്.  മുംബൈക്കൊപ്പമുള്ള അരങ്ങേറ്റം ആഘോഷമാക്കുകയും ചെയ്തു. മികച്ച ഫോമില്‍ കളിക്കുകയായിരുന്ന പൃഥ്വി ഷാ (38), റോവ്മാന്‍ പവല്‍ (0), ,ഷാര്‍ദുല്‍ ഠാക്കൂര്‍ (22) എന്നിവരെയാണ് ബേസില്‍ പുറത്താക്കിയത്.

മുംബൈ:  മുംബൈ ഇന്ത്യന്‍സ് (Mumbai Indians) ജേഴ്‌സിയില്‍ തകര്‍പ്പന്‍ പ്രകടനവുമായി മലയാളി താരം ബേസില്‍ തമ്പി (Basil Thampi). ഒരോവറില്‍ രണ്ട് വിക്കറ്റുള്‍പ്പെടെ മൂന്ന് വിക്കറ്റാണ് എറണാകുളത്തുകാരന്‍ നേടിയത്.  മുംബൈക്കൊപ്പമുള്ള അരങ്ങേറ്റം ആഘോഷമാക്കുകയും ചെയ്തു. മികച്ച ഫോമില്‍ കളിക്കുകയായിരുന്ന പൃഥ്വി ഷാ (38), റോവ്മാന്‍ പവല്‍ (0), ,ഷാര്‍ദുല്‍ ഠാക്കൂര്‍ (22) എന്നിവരെയാണ് ബേസില്‍ പുറത്താക്കിയത്.  ഇതോടെ മുംബൈയുടെ 178 റണ്‍സ് വിജയലക്ഷ്യം പിന്തുടരുകയായിരുന്ന ഡല്‍ഹി 13.2 ഓവറില്‍ ആറിന് 104 എന്ന നിലയിലേക്ക് വീണു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍  നേരത്തെ മുരുഗന്‍ അശ്വിന്‍ (Murugan Ashwin) രണ്ടും തൈമല്‍ മില്‍സ് ഒരു വിക്കറ്റും നേടിയിരുന്നു.

ലളിത് യാദവ് (), അക്സര്‍ പട്ടേല്‍ () എന്നിവരാണ് ക്രീസില്‍. പൃഥ്വിയെയാണ് (38) ബേസില്‍ ആദ്യം മടക്കിയത്.  ബേസിലിന്റെ പന്ത് പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ ഇശാന്‍ കിഷന് ക്യാച്ച് നല്‍കിയാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍ മടങ്ങുന്നത്. രണ്ട് പന്തുകള്‍ക്ക് ശേഷം അപകടകാരിയായ റോവ്മാന്‍ പവലിനേയും (0) മടക്കിയയച്ചു. ഇത്തവണ ഡാനിയേല്‍ സാംസിന് ക്യാച്ച്. പുള്‍ ഷോട്ടിലാണ് പവലും മടങ്ങുന്നത്. ഠാക്കൂറിനെ രോഹിത്തിന്‍റെ കൈകളിലെത്തിച്ചു. ഗുജറാത്ത് ലയണ്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവര്‍ക്ക് വേണ്ടി നേരത്തെ ബേസില്‍ കളിച്ചിരുന്നു. എന്നാല്‍ മുംബൈ ജേഴ്‌സിയില്‍ ആദ്യമായിട്ടാണ്. ഇതുവരെ മൂന്ന് ഓവറില്‍ 26 റണ്‍സാണ് ബേസില്‍ വഴങ്ങിയത്. 

ടിം സീഫെര്‍ട്ട് (21), മന്‍ദീപ് സിംഗ് (0), റിഷഭ് പന്ത് (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഡല്‍ഹിയുടെ സ്‌കോര്‍ബോര്‍ഡില്‍ 30 റണ്‍സുള്ളപ്പോഴാണ് ന്യൂസിലന്‍ഡ് താരം സീഫെര്‍ട്ട് മടങ്ങുന്നത്. അശ്വിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു. തൊട്ടടുത്ത പന്തില്‍ മന്‍ദീപും മടങ്ങി. ദുര്‍ബലമായ ഷോട്ടിലാണ് മന്‍ദീപ് (0) പവലിയനില്‍ തിരിച്ചെത്തുന്നത്. ഒരു ഫുള്‍ടോസ് പന്തില്‍ മിഡ് ഓഫില്‍ തിലക് വര്‍മയ്ക്ക് ക്യാച്ച്. തൊട്ടടുത്ത ഓവറില്‍ അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് ക്യാപ്റ്റന്‍ റിഷഭ് പന്തും പവലിനയില്‍ തിരിച്ചെത്തി. ഓഫ്സ്റ്റംപിന് പുറത്തുവന്ന മില്‍സിന്റെ ബൗണ്‍സര്‍ കട്ട് ചെയ്യാനുള്ള ശ്രമത്തില്‍ തേര്‍ഡ് മാനില്‍ ടിം ഡേവിഡിന് ക്യാച്ച്. 

നേരത്തെ, തകര്‍പ്പന്‍ തുടക്കമാണ് മുംബൈക്ക് ലഭിച്ചത്. രോഹിത്- കിഷന്‍ സഖ്യം ആദ്യ വിക്കറ്റില്‍ 67 റണ്‍സ് കൂട്ടിച്ചേര്‍ത്തു. നാല് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്‌സ്. എന്നാല്‍ കുല്‍ദീപിനെതിരെ കൂറ്റനടിക്ക് ശ്രമിച്ചപ്പോള്‍ രോഹിത്തിന് പിഴിച്ചു. റോവ്മാന്‍ പലവലിന് ക്യാച്ച്. വ്യക്തിഗത സ്‌കോര്‍ 25ല്‍ നില്‍ക്കെ രോഹിത്തിനെ ഠാക്കൂര്‍ വിട്ടുകളഞ്ഞിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ അന്‍മോല്‍പ്രീത് സിംഗ് (8) നിരാശപ്പെടുത്തി. ഇത്തവണയും കുല്‍ദീപാണ് വിക്കറ്റെടുത്തത്. ലോംഗ് ഓഫില്‍ ലളിത് യാദവിന് ക്യാച്ച്.

നാലാമനായി ക്രീസിലെത്തിയ തിലക് വര്‍മ (15 പന്തില്‍ 22) നിര്‍ണായക പ്രകടനം പുറത്തെടുത്തു. ഇഷാനൊപ്പം 34 റണ്‍സാണ് ഇന്ത്യയുടെ അണ്ടര്‍ 19 താരം കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ ഖലീല്‍ അഹമ്മദിന്റെ സ്ലോ ബൗണ്‍സര്‍ കട്ട് ചെയ്യാനുള്ള ശ്രമത്തില്‍ തേര്‍ഡ് മാനില്‍ പൃഥ്വി ഷായ്ക്ക് ക്യാച്ച് നല്‍കി. കീറണ്‍ പൊള്ളാര്‍ഡിന് (3) ആറ് പന്ത് മാത്രമായിരുന്നു ആയുസ്. മിഡ്‌വിക്കറ്റില്‍ ടിം സീഫെര്‍ട്ടിന്റെ തകര്‍പ്പന്‍ ഡൈവിംഗ് കാച്ച്.  

തുടര്‍ന്ന് ക്രീസിലെത്തിയ ടിം ഡേവിഡിനും (12) അധികനേരം ക്രീസില്‍ പിടിച്ചുനില്‍ക്കാനായില്ല. ഖലീലാണ് താരത്തെ പറഞ്ഞയച്ചത്. റണ്‍നിരക്ക് കൂട്ടാനുള്ള തിടുക്കത്തില്‍ അദ്ദേഹം മന്‍ദീപ് സിംഗിന് ക്യാച്ച് നല്‍കി. എന്നാല്‍ അവസാന ഓവറില്‍ കിഷന്‍ നടത്തിയ പോരാട്ടം  മുംബൈയെ മാന്യമായ സ്‌കോറിലേക്ക് നയിച്ചു. രണ്ട് സിക്‌സും 11 ഫോറും അടങ്ങുന്നതായിരുന്നു കിഷന്റെ ഇന്നിംഗ്‌സ്. ഡാനിയേല്‍ സാംസ് (7) പുറത്താവാതെ നിന്നു. 

ഠാക്കൂര്‍ നാല് ഓവറില്‍ 47 റണ്‍സ് വഴങ്ങി. കമലേഷ് നാഗര്‍കോട്ടി രണ്ട് ഓവറില്‍ 29 റണ്‍സും അക്‌സര്‍ പട്ടേല്‍ നാല് ഓവറില്‍ 40 റണ്‍സും വിട്ടുകൊടുത്തു.  

കീറണ്‍ പൊള്ളാര്‍ഡ്, ടിം ഡേവിഡ്, ഡാനിയേല്‍ സാംസ്, തൈമല്‍ മില്‍സ് എന്നിവരാണ് മുംബൈയുടെ വിദേശതാരങ്ങള്‍. ടിം സീഫെര്‍ട്ട്, റോവ്മാന്‍ പവല്‍ എന്നിവരെ മാത്രമാണ് വിദേശതാരങ്ങളായി ടീമില്‍ ഉള്‍പ്പെടുത്തിയത്. 

ഡല്‍ഹി കാപിറ്റല്‍സ് : പൃഥ്വി ഷാ, ടിം സീഫെര്‍ട്ട്, മന്‍ദീപ് സിംഗ്, റിഷഭ് പന്ത്, റോവ്മാന്‍ പവല്‍, ലളിത് യാദവ്, അക്‌സര്‍ പട്ടേല്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, ഖലീല്‍ അഹമ്മദ്, കുല്‍ദീപ് യാദവ്, കമലേഷ് നാഗര്‍കോട്ടി, 

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, അന്‍മോല്‍പ്രീത് സിംഗ്, കീറണ്‍ പൊള്ളാര്‍ഡ്, ടീം ഡേവിഡ്, ഡാനിയേല്‍ സാംസ്, മുരുകന്‍ അശ്വിന്‍, തൈമല്‍ മില്‍സ്, ജസ്പ്രിത് ബുമ്ര, ബേസില്‍ തമ്പി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

23 വർഷത്തിനിടെ ആദ്യം, ഏകദിന ചരിത്രത്തില്‍ നാലാം തവണ, നാണക്കേടിന്‍റെ റെക്കോര്‍ഡുമായി ഓസ്ട്രേലിയ; ബംഗ്ലാദേശിനു മുന്നില്‍ തകര്‍ന്നടിഞ്ഞു
സര്‍ക്കാരിന്‍റെ ലഹരിവിരുദ്ധ പോരാട്ടത്തിന് പിന്തുണയുമായി കെസിഎ; കായംകുളത്ത് മൾട്ടി സ്പോർട്സ് കോംപ്ലക്സ് പരിഗണനയില്‍