IPL 2022 : ഐപിഎല്ലില്‍ ഭുവിയുടെ വിക്കറ്റ് പേമാരി; പിറന്നത് ഇരട്ട റെക്കോര്‍ഡ്

By Web TeamFirst Published Apr 18, 2022, 10:40 AM IST
Highlights

പവർപ്ലേയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ഐപിഎൽ ബൗളർ എന്ന റെക്കോർഡും ഭുവനേശ്വർ സ്വന്തമാക്കി

മുംബൈ: ഐപിഎല്ലിൽ (IPL 2022) മറ്റൊരു നാഴികക്കല്ല് പിന്നിട്ട് സൺറൈസേഴ്‌സ് ഹൈദരാബാദ് (Sunrisers Hyderabad) പേസര്‍ ഭുവനേശ്വർ കുമാർ (Bhuvneshwar Kumar). ഐപിഎല്ലില്‍ (IPL) 150 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ പേസറെന്ന നേട്ടമാണ് ഭുവനേശ്വർ സ്വന്തമാക്കിയത്. പഞ്ചാബ് കിംഗ്‌സിന് (Punjab Kings) എതിരായ മത്സരത്തിലാണ് ഭുവനേശ്വറിന്‍റെ നേട്ടം. 134 വിക്കറ്റുളള മുംബൈ ഇന്ത്യന്‍സ് (Mumbai Indians) അതിവേഗക്കാരന്‍ ജസ്പ്രീത് ബുമ്രയാണ് (Jasprit Bumrah) രണ്ടാംസ്ഥാനത്തുള്ള ഇന്ത്യൻ ബൗളർ. 

174 വിക്കറ്റുള്ള ഡ്വെയ്‌ൻ ബ്രാവോയാണ് ഐപിഎൽ വിക്കറ്റ് വേട്ടയിൽ ഒന്നാം സ്ഥാനത്ത്. ലസിത് മലിംഗ 170ഉം അമിത് മിശ്ര 166ഉം വിക്കറ്റ് നേടി രണ്ടും മൂന്നും സ്ഥാനങ്ങളിൽ നില്‍ക്കുന്നു. പവർപ്ലേയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ഐപിഎൽ ബൗളർ എന്ന റെക്കോർഡും ഭുവനേശ്വർ സ്വന്തമാക്കി. സന്ദീപ് ശർമ്മയുടെ റെക്കോർഡാണ് അൻപത്തിമൂന്നാം വിക്കറ്റിലൂടെ ഭുവനേശ്വർ മറികടന്നത്. 

സണ്‍റൈസേഴ്‌സിന് തുടര്‍ച്ചയായ നാലാം ജയം 

ഇന്നലെ നടന്ന മത്സരത്തിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഏഴ് വിക്കറ്റിന് പഞ്ചാബ് കിംഗ്‌സിനെ തോൽപിച്ചു. പഞ്ചാബിന്‍റെ 151 റൺസ് ഹൈദരാബാദ് ഏഴ് പന്ത് ശേഷിക്കേ മറികടക്കുകയായിരുന്നു. 60 റൺസെടുത്ത ലയാം ലിവിംഗ്സ്റ്റനാണ് പഞ്ചാബിന്‍റെ ടോപ് സ്കോറർ. ഉമ്രാൻ മാലിക്ക് നാല് വിക്കറ്റ് വീഴ്ത്തി. എയ്‌ഡന്‍ മാർക്രാം, നിക്കോളാസ് പുരാന്‍, രാഹുല്‍ ത്രിപാഠി എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഹൈദരാബാദിന്‍റെ ജയം. സീസണിൽ ഹൈദരാബാദിന്‍റെ തുടർച്ചയായ നാലാം ജയമാണിത്. മത്സരത്തില്‍ ഭുവി നാല് ഓവറില്‍ 22 റണ്‍സ് വഴങ്ങി ശിഖര്‍ ധവാന്‍, ലയാം ലിവിംഗ്‌സ്റ്റണ്‍, ഷാരൂഖ് ഖാന്‍ എന്നിവരെ പുറത്താക്കി. 

ഇന്നലത്തെ മറ്റൊരു മത്സരത്തോടെ ചെന്നൈ സൂപ്പർ കിംഗ്‌സ് സീസണിലെ അഞ്ചാം തോൽവി നേരിട്ടു. ഗുജറാത്ത് ടൈറ്റൻസ് മൂന്ന് വിക്കറ്റിന് ചെന്നൈയെ തോൽപിക്കുകയായിരുന്നു. ചെന്നൈയുടെ 169 റൺസ് ഗുജറാത്ത് ഒരു പന്ത് ശേഷിക്കേ മറികടന്നു. അഞ്ചാം ജയത്തോടെ ഗുജറാത്ത് ഒന്നാം സ്ഥാനം സുരക്ഷിതമാക്കി. 51 പന്തില്‍ 94* റണ്‍സുമായി ഡേവിഡ് മില്ലറും 21 പന്തില്‍ 40 റണ്‍സെടുത്ത് റാഷിദ് ഖാനുമാണ് ഗുജറാത്തിനെ ജയിപ്പിച്ചത്. മില്ലറാണ് കളിയിലെ താരം. 

IPL 2022 : ഐപിഎല്ലില്‍ മലയാളിപ്പോര്, സഞ്ജുവും ശ്രേയസും നേര്‍ക്കുനേര്‍; ഇരു ടീമിനും വെല്ലുവിളികള്‍

click me!