IPL 2022: സെഞ്ചുറിയുമായി ബട്‌ലറുടെ ആറാട്ട്; രാജസ്ഥാനെതിരെ മുംബൈക്ക് 194 റണ്‍സ് വിജയലക്ഷ്യം

Published : Apr 02, 2022, 05:20 PM ISTUpdated : Apr 02, 2022, 05:34 PM IST
IPL 2022: സെഞ്ചുറിയുമായി ബട്‌ലറുടെ ആറാട്ട്; രാജസ്ഥാനെതിരെ മുംബൈക്ക് 194 റണ്‍സ് വിജയലക്ഷ്യം

Synopsis

പവര്‍ പ്ലേയിലെ ആദ്യ മൂന്നോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 17 റണ്‍സെന്ന നിലയിലായിരുന്നു രാജസ്ഥാന്‍. എന്നാല്‍ ബേസില്‍ തമ്പി എറിഞ്ഞ നാലാം ഓവറില്‍ ജോസ് ബട്‌ലര്‍ മൂന്ന് സിക്സും രണ്ട് ഫോറും അടക്കം 26 റണ്‍സടിച്ചതോടെ രാജസ്ഥാന്‍ ടോപ് ഗിയറിലായി.

മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന്(Mumbai vs Rajasthan) 194 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഐപിഎല്‍ പതിനഞ്ചാം സീസണിലെ ആദ്യ സെഞ്ചുറി നേടിയ ജോസ് ബട്‌ലറുടെയും ഷിമ്രോണ്‍ ഹെറ്റ്മെയര്‍, നായകന്‍ സഞ്ജു സാംസണ്‍ എന്നിവരുടെ വെടിക്കെട്ട് ഇന്നിംഗ്സുകളുടെയും കരുത്തിലാണ് കൂറ്റന്‍ സ്കോര്‍ നേടിയത്. ബട്‌ലര്‍ 68 പന്തില്‍ 100 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഹെറ്റ്മെയര്‍ 14 പന്തില്‍ 35 റണ്‍സടിച്ചു. സഞ്ജു 20 പന്തില്‍ 30 റണ്‍സെടുത്ത് തിളങ്ങി. മുംബൈക്കായി ജസ്പ്രീത് ബുമ്രയും ടൈമല്‍ മില്‍സും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

പതിഞ്ഞ തുടക്കം പിന്നെ പൊരിഞ്ഞ അടി

പവര്‍ പ്ലേയിലെ ആദ്യ മൂന്നോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 17 റണ്‍സെന്ന നിലയിലായിരുന്നു രാജസ്ഥാന്‍. എന്നാല്‍ ബേസില്‍ തമ്പി എറിഞ്ഞ നാലാം ഓവറില്‍ ജോസ് ബട്‌ലര്‍ മൂന്ന് സിക്സും രണ്ട് ഫോറും അടക്കം 26 റണ്‍സടിച്ചതോടെ രാജസ്ഥാന്‍ ടോപ് ഗിയറിലായി. എങ്കിലും ബേസില്‍ തമ്പിയുടെ ഓവറിനുശേഷം മുരുഗന്‍ അശ്വിനും ടൈമല്‍ മില്‍സും വരിഞ്ഞുമുറുക്കിയതോടെ രാജസ്ഥാന് പവര്‍ പ്ലേയില്‍ 50 കടക്കാനായില്ല.

ദേവ്ദത്തിന് പകരം ക്രീസിലെത്തിയ സഞ്ജു സാംസണ്‍ തുടക്കത്തില്‍ പതുക്കെയാണ് തുടങ്ങിയത്. എട്ടു പന്തില്‍ എട്ടു റണ്‍സെടുത്ത സഞ്ജു മുരുഗന്‍ അശ്വിനെതിരെയും ടൈമല്‍ മില്‍സിനെതിരെയും സിക്സ് പറത്തി ബട്‌ലര്‍ക്കൊപ്പം ചേര്‍ന്നതോടെ രാജസ്ഥാന്‍ പതിനൊന്നാം ഓവറില്‍ 100 കടന്നു. മുരുഗന്‍ അശ്വിനെ പതിനൊന്നാം ഓവറില്‍ സഞ്ജുവും ബട്‌ലറും സിക്സടിച്ചതോടെ രാജസ്ഥാന്‍ വീണ്ടും കുതിച്ചു. ഡാനിയല്‍ സാംസ് എറിഞ്ഞ പന്ത്രണ്ടാം ഓവറില്‍ എക്സ്ട്രാ കവറിന് മുകളിലൂടെ സിക്സിന് പറത്തി സഞ്ജു വീണ്ടും മനം കവര്‍ന്നു.

സഞ്ജുവിനെ മടക്കി പൊള്ളാര്‍ഡ്

അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാമെന്ന് കരുതിയ രാജസ്ഥാന് പതിനഞ്ചാം ഓവറില്‍ സഞ്ജുവിനെ നഷ്ടമായി. കെയ്റോണ്‍ പൊള്ളാര്‍ഡിനെ സിക്സടിക്കാനുള്ള സ‍ഞ്ജുവിന്‍റെ ശ്രമം തിലക് വര്‍മയുടെ കൈകളിലൊതുങ്ങി. മൂന്ന് സിക്സും ഒരു ഫോറും പറത്തിയ സഞ്ജു 20 പന്തില്‍ 30 റണ്‍സടിച്ചു. സഞ്ജു മടങ്ങുകയും ബട്‌ലര്‍ സെഞ്ചുറിക്ക് അരികിലെത്തുകയും ചെയ്തതോടെ ഡാനിയേല്‍ സാംസ് എറിഞ്ഞ പതിനാറാം ഓവറില്‍ രാജസ്ഥാന് ആറ് റണ്‍സ് മാത്രമെ നേടാനായുള്ളു.

എന്നാല്‍ പൊള്ളാര്‍ഡ് എറിഞ്ഞ പതിനേഴാം ഓവറില്‍ തുടര്‍ച്ചയായി രണ്ട് സിക്സും രണ്ട് ഫോറും അടക്കം 26 റണ്‍സടിച്ച് ഹെറ്റ്മെയര്‍ രാജസ്ഥാനെ വീണ്ടും ട്രാക്കിലാക്കി. ബട്‌ലര്‍-ഹെറ്റ്മെയര്‍ സഖ്യം 23 പന്തില്‍ അര്‍ധസെഞ്ചുറി കൂട്ടുക്കെട്ടുയര്‍ത്തി. 65 പന്തില്‍ സെഞ്ചുറിയിലെത്തിയ ബട്‌ലര്‍ 11 ഫോറും അഞ്ച് സിക്സും പറത്തിയാണ് ബട്‌ലര്‍ സെഞ്ചുറി തികച്ചത്. ഐപിഎല്ലില്‍ ബട്‌ലറുടെ രണ്ടാം സെഞ്ചുറിയാണിത്. ഒരു ഘട്ടത്തില്‍ 200 കടക്കുമെന്ന് കരുതിയ രാജസ്ഥാനെ പത്തൊമ്പതാം ഓവര്‍  എറിഞ്ഞ ജസ്പ്രീത് ബുമ്രയാണ് പിടിച്ചുകെട്ടിയത്.

രണ്ടാം പന്തില്‍ ഹെറ്റ്മെയറെ പുറത്താക്കിയ ബുമ്ര പിന്നാലെ ബട്‌ലറെ മനോഹരമായൊരു യോര്‍ക്കറില്‍ ബൗള്‍ഡാക്കി അവസാന പന്തില്‍ ആര്‍ അശ്വിന്‍(1) റണ്ണൗട്ടായതോടെ ബുമ്ര എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടമായ രാജസ്ഥാന് ആകെ നേടാനായത് മൂന്ന് റണ്‍സ് മാത്രം.ടൈമല്‍ മില്‍സ് എറിഞ്ഞ അവസാന ഓവറില്‍ എട്ട് റണ്‍സ് മാത്രമെ നേടാനായുള്ളു.

നേരത്തെ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ഫീല്‍ഡിംഗ് തെരഞ്ഞടുക്കുകയായിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ നിന്ന് ഒരു മാറ്റവുമായാണ് രാജസ്ഥാന്‍ ഇറങ്ങിയത്. നേഥന്‍ കൂള്‍ട്ടര്‍ നൈലിന് പകരം നവ്‌ദീപ് സെയ്‌നി പ്ലേയിംഗ് ഇലവനിലെത്തി. മുംബൈ ഇന്ത്യന്‍സ് നിരയിലാവട്ടെ പരിക്കിന്‍റെ പിടിയിലായിരുന്ന സൂര്യകുമാര്‍ യാദവ് മടങ്ങിയെത്തുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല.

രാജസ്ഥാന്‍ റോയല്‍സ്: ജോസ് ബട്‌ലര്‍, യശസ്വീ ജയ്സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), ദേവ്‌ദത്ത് പടിക്കല്‍, ഷിമ്രോന്‍ ഹെറ്റ്‌മയര്‍, റിയാന്‍ പരാഗ്, രവിചന്ദ്ര അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, ട്രെന്‍ഡ് ബോള്‍ട്ട്, നവ്‌ദീപ് സെയ്‌നി, പ്രസിദ്ധ് കൃഷ്‌ണ.

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, അന്‍മോല്‍പ്രീത് സിംഗ്, തിലക് വര്‍മ്മ, കീറോണ്‍ പൊള്ളാര്‍ഡ്, ടിം ഡേവിഡ്, ഡാനിയേല്‍ സാംസ്, മുരുകന്‍ അശ്വിന്‍, ജസ്‌പ്രീത് ബുമ്ര, തൈമല്‍ മില്‍സ്, ബേസില്‍ തമ്പി.

PREV
Read more Articles on
click me!

Recommended Stories

സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ
തൂക്കിയടിച്ച് അഭിഷേക് ശര്‍മ, സിക്സര്‍ വേട്ടയില്‍ റെക്കോര്‍ഡ്