Latest Videos

IPL 2022 : സഞ്ജു സാംസണ്‍ ഗംഭീരമാക്കി, പക്ഷേ ഒരു പ്രശ്‌നം മാത്രം; ചൂണ്ടിക്കാട്ടി രവി ശാസ്‌ത്രി

By Web TeamFirst Published May 25, 2022, 9:44 AM IST
Highlights

സഞ്ജു സാംസണ്‍ ആടിത്തിമിര്‍ത്തെങ്കിലും രാജസ്ഥാനെ തോല്‍പിച്ച് ഗുജറാത്ത് ടൈറ്റന്‍സ് ഏഴ് വിക്കറ്റിന്‍റെ ജയവുമായി ഐപിഎല്‍ ഫൈനലില്‍ പ്രവേശിച്ചിരുന്നു

കൊല്‍ക്കത്ത: ഐപിഎല്‍ പതിനഞ്ചാം സീസണിലെ(IPL 2022) ആദ്യ ക്വാളിഫയറില്‍(Gujarat Titans vs Rajasthan Royals Qualifier 1) ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മികച്ച ബാറ്റിംഗ് പുറത്തെടുത്ത രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്(Sanju Samson) ഇന്ത്യന്‍ മുന്‍ പരിശീലകനും കമന്‍റേറ്ററുമായ രവി ശാസ്‌ത്രിയുടെ(Ravi Shastri) പ്രശംസ. മോശം തുടക്കത്തിന് ശേഷം രാജസ്ഥാന്‍ റോയല്‍സിന് മികച്ച അടിത്തറയിട്ടതിന് സഞ്ജുവിനെ പ്രശംസിച്ചു ഇന്ത്യന്‍ മുന്‍ പരിശീലകന്‍. രാജസ്ഥാന്‍ ഇന്നിംഗ്‌സിന്‍റെ തുടക്കത്തില്‍ ജോസ് ബട്‌ലര്‍ വിഷമിച്ചത് ചൂണ്ടിക്കാട്ടിയാണ് ശാസ്‌ത്രിയുടെ പ്രശംസ. എന്നാല്‍ സഞ്ജുവിന്‍റെ ഒരു പോരായ്‌മ ചൂണ്ടിക്കാട്ടുകയും ചെയ്‌തു അദേഹം. 

'ഷോര്‍ട്ട് പിച്ച് പന്തുകളില്‍ പുള്‍ ഷോട്ടുകള്‍ കളിക്കാനും ഗാലറിയില്‍ പന്തെത്തിക്കാനും സഞ്ജു തയ്യാറാണ്. സ്‌പിന്നര്‍മാര്‍ക്കെതിരെ കാത്തുനിന്ന് കളിച്ചു. ക്രീസ് വിട്ടിറങ്ങി ആക്രമിക്കുമെന്ന് തോന്നിച്ചെങ്കിലും അദേഹം കരുതല്‍ കാട്ടി. മനോഹരമായ ഷോട്ടുകള്‍ കളിക്കുന്നത് കാണാനായി. മികച്ച ഇന്നിംഗ്‌സാണ് സഞ്ജു കാഴ്‌‌ചവെച്ചത്. എന്നാല്‍ ഇന്നിംഗ്‌സ് നീണ്ടിരുന്നെങ്കില്‍ എന്നാഗ്രഹിച്ചുപോകുന്നു. ഇതാണ് എപ്പോഴും സഞ്ജുവിന്‍റെ പ്രശ്‌നം. എങ്കിലും ജോസ് ബട്‌ലര്‍ വിഷമിക്കുമ്പോള്‍ സഞ്ജു ടീമിനെ കൈപിടിച്ചുയര്‍ത്തി' എന്നും രവി ശാസ്‌ത്രി പറ‌ഞ്ഞു. 

സഞ്ജു തിളങ്ങിയിട്ടും തോല്‍വി, ഇനിയും അവസരം

സഞ്ജു സാംസണ്‍ ആടിത്തിമിര്‍ത്തെങ്കിലും രാജസ്ഥാനെ തോല്‍പിച്ച് ഗുജറാത്ത് ടൈറ്റന്‍സ് ഏഴ് വിക്കറ്റിന്‍റെ ജയവുമായി ഐപിഎല്‍ ഫൈനലില്‍ പ്രവേശിച്ചു. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ഗുജറാത്ത് 19.3 ഓവറില്‍ മൂന്ന്  വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (27 പന്തില്‍ 40), ഡേവിഡ് മില്ലര്‍ (38 പന്തില്‍ 68) എന്നിവരാണ് ഗുജറാത്തിനെ വിജയത്തിലേക്ക് നയിച്ചത്. ഇരുവരും പുറത്താവാതെ നിന്നു. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാന് ജോസ് ബട്‌ലര്‍ (56 പന്തില്‍ 89), ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (26 പന്തില്‍ 47) എന്നിവരുടെ ഇന്നിംഗ്‌സാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. രണ്ടാം ഓവറിലെ അവസാന പന്തില്‍ മൂന്ന് റണ്‍സുമായി ജയ്‌സ്വാള്‍ പുറത്തായ ശേഷമെത്തിയ സാംസണ്‍ ബട്‌ലര്‍ക്കൊപ്പം രാജസ്ഥാനെ കരകയറ്റുകയായിരുന്നു. യഷ് ദയാലിനെതിരെ സിക്‌സടിച്ചാണ് സഞ്ജു തുടങ്ങിയത്. മൂന്നാം വിക്കറ്റില്‍ ബട്‌ലര്‍ക്കൊപ്പം 68 റണ്‍സ് മലയാളി താരം കൂട്ടിച്ചേര്‍ത്തു. ഫൈനലിലെത്താന്‍ രാജസ്ഥാന് ഇനിയും ഒരവസരം കൂടിയുണ്ട്. എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മത്സരത്തില്‍ ജയിക്കുന്ന ടീമിനെ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന് നേരിടാം. അതില്‍ ജയിക്കുന്ന ടീം ഫൈനലിലെത്തും.

IPL 2022 : വീണ്ടും കില്ലര്‍ മില്ലര്‍! അവസാന ഓവറില്‍ മൂന്ന് സിക്‌സ്; രാജസ്ഥാനെ മറികടന്ന് ഗുജറാത്ത് ഫൈനലില്‍

click me!