
മുംബൈ: ഐപിഎല്ലില്‍(IPL 2022) ഗുജറാത്ത് ടൈറ്റന്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരബാദ്(SRH v GT) പേസര്‍ ഉമ്രാന്‍ മാലിക്കിന്‍റെ(Umran Malik) പ്രകടനം കണ്ട് കമന്‍ററി ബോക്സിലിരുന്ന മുന്‍ ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായ സുനില്‍ ഗവാസ്കര്‍(Sunil Gavaskar) ആവേശഭരിതനായെന്ന് വെളിപ്പെടുത്തി സഹ കമന്‍റേറ്ററും മുന്‍ ഇംഗ്ലണ്ട് താരവുമായ കെവിന്‍ പീറ്റേഴ്സണ്‍(Kevin Pietersen). ഗുജറാത്തിനെതിരെ ഉമ്രാന്‍ മാലിക്ക് 25 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തിരുന്നു.
ആദ്യം ശുഭ്മാന്‍ ഗില്ലിനെ ക്ലീന്‍ ബൗള്‍ഡാക്കിയ ഉമ്രാന്‍ പിന്നാലെ ഗുജറാത്ത് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ, വൃദ്ധിമാന്‍ സാഹ, ഡേവിഡ് മില്ലര്‍, അഭിനവ് മനോഹര്‍ എന്നിവരെയും പുറത്താക്കിയാണ് അഞ്ച് വിക്കറ്റ് തികച്ചത്. ഇതില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ മാത്രമാണ് ക്യാച്ചിലൂടെ പുറത്താക്കിയത്. ബാക്കി നാലു പേരും ഉമ്രാന്‍റെ അതിവേഗ പന്തുകള്‍ക്ക് മുന്നില്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു.
ഉമ്രാന്‍ ഓരോ വിക്കറ്റ് വീഴ്ത്തുമ്പോഴും കമന്‍ററി ബോക്സിലിരുന്ന സുനില്‍ ഗവാസ്കര്‍ പുറത്തെടുത്ത ആവേശം തനിക്കും ആസ്വദിച്ചുവെന്ന് പീറ്റേഴ്സണ്‍ മത്സരശേഷം പറഞ്ഞു. ഗവാസ്കര്‍ കമന്‍ററി ബോക്സിലിരുന്ന് തുള്ളിച്ചാടി, അലറി വിളിച്ചു, നൃത്തം ചവിട്ടി, ഒടുവില്‍ ഉമ്രാന്‍ അഞ്ച് വിക്കറ്റ് നേട്ടം തികച്ചപ്പോള്‍ ആവേശത്തോടെ മുഷ്ടിചുരുട്ടി സീലിംഗില്‍ ഇടിച്ചു.
ഇത്രയും വേഗതയുള്ള ഒരു ബൗളറെ ഇന്ത്യക്ക് ലഭിക്കുന്നത് വല്ലപ്പോഴുമാണ്. വേഗത്തിനൊപ്പം കൃത്യതും ഉമ്രാന്‍റെ കൈമുതലാണിപ്പോള്‍.അതാണ് അദ്ദേഹത്തോടുള്ള ഇഷ്ടം കൂട്ടുന്നതെന്നും പീറ്റേഴ്സണ്‍ പറഞ്ഞു.
ഉമ്രാന്‍റെ പ്രകടനത്തിനും ഗുജറാത്തിന്‍റെ ജയം തടയാനായില്ലെങ്കിലും മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് 22കാരനായ യുവപേസറായിരുന്നു. വേഗത്തിലും ലെങ്ത് കാത്തുസൂക്ഷിച്ച് പന്തെറിയുക എന്നതായിരുന്നു തന്‍റെ പദ്ധതിയെന്ന് മത്സരശേഷം ഉമ്രാന്‍ പറഞ്ഞു. ഹാര്‍ദ്ദിക്കിനെ ബൗണ്‍സറിലും സാഹയെ യോര്‍ക്കറിലും വീഴ്ത്താനായത് അതുകൊണ്ടാണെന്നും ഉമ്രാന്‍ മത്സരശേഷം പറഞ്ഞു.
ഈ സീസണ്‍ ഐപിഎല്ലിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണ് ഉമ്രാന്‍ ഗുജറാത്തിനെതിരെ പുറത്തെടുത്തത്. 25 റണ്‍സ് വഴങ്ങിയാണ് ഉമ്രാന്‍ 5 വിക്കറ്റെടുത്തത്. സീസണില്‍ ഇതുവരെ എട്ട് കളികളില്‍ 15 വിക്കറ്റാണ് ഉമ്രാന്‍ എറിഞ്ഞിട്ടത്. നിലവില്‍ സീസണിലെ വിക്കറ്റ് വേട്ടയില്‍ യുസ്‌വേന്ദ്ര ചാഹലിന് മാത്രം പുറകിലാണ് ഉമ്രാന്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!