IPL 2022 : ശ്രേയസ് അയ്യരെ സ്വന്തമാക്കാന്‍ അഹമ്മദാബാദ്, കെ എൽ രാഹുലിനായി ലഖ്‌നൗ; ഐപിഎല്ലില്‍ ക്യാപ്റ്റന്‍ പോര്

By Web TeamFirst Published Dec 17, 2021, 9:39 AM IST
Highlights

മെഗാതാരലേലത്തിന് മുൻപ് ഒരു വിദേശതാരവുമായും രണ്ട് ഇന്ത്യൻ കളിക്കാരുമായും കരാറിലെത്താനാണ് ലഖ്‌നൗ, അഹമ്മദാബാദ് ഫ്രാഞ്ചൈസികൾക്ക് അവസരം

അഹമ്മദാബാദ്: ഐപിഎല്ലിലെ (IPL 2022) പുതിയ രണ്ട് ഫ്രാഞ്ചൈസികളെ (IPL New Team) നയിക്കാൻ ഏതൊക്കെ താരങ്ങളെത്തും എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ. അഹമ്മദാബാദ് ടീമിലേക്ക് (Ahmedabad IPL Franchise) ശ്രേയസ് അയ്യരും (Shreyas Iyer) ലഖ്‌നൗ ടീമിനെ (Lucknow IPL Franchise) നയിക്കാൻ കെ എൽ രാഹുലും (KL Rahul) എത്തുമെന്നാണ് റിപ്പോർട്ടുകൾ.

19 ഇന്ത്യൻ താരങ്ങളെയും എട്ട് വിദേശതാരങ്ങളേയുമാണ് നിലവിലെ 8 ടീമുകൾ ചേർന്ന് നിലനിർത്തിയത്. ബാക്കിയുള്ള കളിക്കാരിൽ നിന്ന് മൂന്ന് പേരെ പുതിയ ഫ്രാഞ്ചൈസികൾക്ക് ടീമിലെത്തിക്കാം. മെഗാതാരലേലത്തിന് മുൻപ് ഒരു വിദേശതാരവുമായും രണ്ട് ഇന്ത്യൻ കളിക്കാരുമായും കരാറിലെത്താനാണ് ലഖ്‌നൗ, അഹമ്മദാബാദ് ഫ്രാഞ്ചൈസികൾക്ക് അവസരം. പഞ്ചാബ് കിംഗ്‌സിനെ നയിച്ച് പരിചയമുള്ള കെ എൽ രാഹുലിനെ നോട്ടമിടുന്ന ലഖ്‌നൗ ടീം വിദേശതാരമായി റാഷിദ് ഖാനെ ടീമിലെത്തിക്കാനാണ് ആഗ്രഹിക്കുന്നത്. മറ്റൊരു ഇന്ത്യൻ താരമായി ഇഷാൻ കിഷനെയും ലഖ്‌നൗ ടീമിലെത്തിച്ചേക്കും. 

പരിശീലകര്‍ക്കായും ചരടുവലികള്‍ 

ഡൽഹി ക്യാപിറ്റല്‍സ് നായകനായിരുന്ന ശ്രേയസ് അയ്യരിനെ ടീമിലെത്തിക്കാനാണ് അഹമ്മദാബാദിന്‍റെ ശ്രമം. മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കിയ ഗുജറാത്തുകാരനായ ഹാർദിക് പാണ്ഡ്യയെ ടീമിലെത്തിക്കാനും അഹമ്മദാബാദിന് താൽപര്യമുണ്ട്. വിദേശതാരമായി ഡേവിഡ് വാർണറെയോ ക്വിന്‍റൺ ഡികോക്കിനേയോ ടീമിലെത്തിക്കാനും ശ്രമിക്കും. ഡിസംബർ 25ന് മുൻപ് ടീമുകൾ കരാർ സംബന്ധിച്ച് ധാരണയിലെത്തും.

ടീമിന്‍റെ പരിശീലകസ്ഥാനത്തേക്ക് ലഖ്‌നൗ പരിഗണിക്കുന്നവരിൽ മുന്നിൽ ആൻഡി ഫ്ലവറാണ്. പഞ്ചാബ് അസിസ്റ്റന്‍റ് കോച്ചിന്‍റെ സ്ഥാനം ആന്‍ഡി ഫ്ലവർ നേരത്തെ ഒഴിഞ്ഞിരുന്നു. ക്രിക്കറ്റിൽ നിന്ന് ഈ വർഷം വിരമിച്ച ഡെയ്‌ൽ സ്റ്റെയ്‌ൻ സൺറൈസേഴ്‌സ് ഹൈദരാബാദിന്‍റെ ബൗളിംഗ് പരിശീലകനാകുമെന്നും റിപ്പോർട്ടുകളുണ്ട്. അടുത്ത സീസണിലെ ഐപിഎൽ ഇന്ത്യയിൽ തന്നെ നടത്തണമെന്നാണ് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയുടെ താൽപര്യം. 

ലേലം തകര്‍ക്കും

കളിക്കാരെ നിലനിര്‍ത്തിയ ശേഷം ഏറ്റവും കൂടുതല്‍ തുക കൈവശമുള്ള ടീം പഞ്ചാബ് കിംഗ്‌സാണ്. 72 കോടി രൂപ പഞ്ചാബിന് ലേലത്തില്‍ മുടക്കാം. ഏറ്റവും കുറവ് തുക കൈവശമുള്ളത് ഡല്‍ഹി ക്യാപിറ്റല്‍സിനാണ്. 47.50 കോടി രൂപയാണ് ഡല്‍ഹിക്ക് ലേലത്തില്‍ മുടക്കാനാവുക. മറ്റു ടീമുകളുടെ കൈവശമുള്ള തുക ഇങ്ങനെ... ചെന്നൈ സൂപ്പര്‍ കിംഗ്‌സ്(48 കോടി), കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്(48 കോടി), മുംബൈ ഇന്ത്യന്‍സ്(48 കോടി), രാജസ്ഥാന്‍ റോയല്‍സ്(62 കോടി), റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍(57 കോടി), സണ്‍റൈസേഴ്‌സ് ഹൈദരാബാദ്(68 കോടി).

PAK vs WI : റിസ്‌വാന്‍-ബാബര്‍ വെടിക്കെട്ടില്‍ വിന്‍ഡീസിനെതിരെ വമ്പന്‍ ജയവുമായി പാക്കിസ്ഥാന്‍

click me!