
മുംബൈ: ഐപിഎല്ലില്‍(IPL 2022) ഇന്ന് പഞ്ചാബ് കിംഗ്സ്- കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടം( KKR vs PBKS). മുംബൈ വാങ്കഡേ സ്റ്റേഡിയത്തിൽ, രാത്രി 7.30നാണ് മത്സരം. സീസണിലെ രണ്ടാം ജയമാണ് ഇരുടീമുകളുടെയും ലക്ഷ്യം. താരലേലം മുതലേ രണ്ടും കൽപ്പിച്ച് നീങ്ങുന്ന പഞ്ചാബ് ആര്‍സിബിക്കെതിരെ 200ന് മുകളിലുള്ള സ്കോര്‍ പിന്തുടര്‍ന്ന് ജയിച്ച് എതിരാളികള്‍ക്കെല്ലാം മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. എന്നാൽ അവസാന ഓവറുകളിലെ ധാരാളിത്തമെന്ന പരമ്പരാഗത ശീലത്തിന് മാറ്റമില്ല.
ക്വാറന്‍റീന്‍ പൂര്‍ത്തിയാക്കിയ ദക്ഷിണാഫ്രിക്കന്‍ കാഗിസോ റബാഡയുടെ വരവിലാണ് പഞ്ചാബ് നായകന്‍ മായങ്ക് അഗര്‍വാളിന്‍റെ പ്രതീക്ഷ. എന്നാല്‍ ബാംഗ്ലൂരിനെതിരെ കൂറ്റനടികള്‍ക്ക് ശ്രമിച്ച് ബാറ്റിംഗ് നിര തകര്‍ന്നിട്ടും ആക്രമണശൈലി മാറ്റില്ലന്ന് പറഞ്ഞുകഴിഞ്ഞു മക്കല്ലം. ബാംഗ്ലൂരിനെതിരെ ഫീല്‍ഡിംഗിനിടെ പരിക്കേറ്റ ഓള്‍റൗണ്ടര്‍ ആന്ദ്രേ റസല്‍ ശാരീരികക്ഷമത വീണ്ടെടുത്തോ എന്ന കാര്യത്തില്‍ ഇപ്പോഴും ആശങ്കയുണ്ട് കൊല്‍ക്കത്തക്ക്. റസൽ ഇല്ലെങ്കില്‍ മുഹമ്മദ് നബിയോ ചമിക കരുണരത്നെയോ കളിച്ചേക്കും.
പഞ്ചാബിനെതിരെ 29 കളിയിൽ 19ലും ജയിച്ചതിന്‍റെ മാനസിക ആധിപത്യവും കെകെആറിനുണ്ട്, വാങ്കഡേയിലെ മഞ്ഞുവീഴ്ച കണക്കിലെടുത്ത് ടോസ് നേടുന്നവര്‍ ബൗളിംഗ് തെരഞ്ഞെടുക്കുമെന്ന് ഉറപ്പ്. ഓപ്പണിംഗില്‍ അജിങ്ക്യാ രഹാനെയും വെങ്കടേഷ് അയ്യരും ബാംഗ്ലൂരിനെതിരെ നിരാശപ്പെടുത്തിയെങ്കിലും ഇരുവരും ഇന്നും തന്നെ കൊല്‍ക്കത്തക്കായി ഇന്നും ഇന്നിംഗ്സ് തുറക്കാനെത്തും.
ബൗളിംഗില്‍ പവര്‍ പ്ലേയില്‍ ഉമേഷ് പുറത്തെടുക്കുന്ന പ്രകടനത്തിലാണ് കൊല്‍ക്കത്തയുടെ പ്രതീക്ഷ. കളിച്ച രണ്ട് മത്സരങ്ങളിലും പവര്‍പ്ലേയില്‍ ഉമേഷ് കരുത്തുകാട്ടി. ടിം സൗത്തിയും കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയത് കൊല്‍ക്കത്തക്ക് ആശ്വാസമാണ്. എന്നാല്‍ വരുണ്‍ ചക്രവവര്‍ത്തിയുടെ മങ്ങിയ ഫോം കൊല്‍ക്കത്തക്ക് തലവേദനയാണ്. മറുവശത്ത് കൊല്‍ക്കത്തയുടെ കരുത്തുറ്റ ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടാന്‍ പഞ്ചാബ് ബൗളര്‍മാരായ സന്ദീപ് ശര്‍മയും അര്‍ഷദീപ് സിംഗും ഒഡീന്‍ സ്മിത്തും പാടുപെടും.